ഇൻസൈറ്റിൽ അസിം പ്രേംജി, പ്രതീകാത്മക ചിത്രം (Canva) 
Markets

അസിം പ്രേംജി വാങ്ങിയ ഈ കുഞ്ഞൻ ഓഹരി ₹42.50 മറികടന്ന് കുതിക്കുന്നു; 13 ദിവസം കൊണ്ട് 113% നേട്ടം

ഇക്കഴിഞ്ഞ ജൂൺ 15-ന് ഏകദേശം 20 രൂപയിലായിരുന്നു വേദാന്ത അയൺ & ​സ്റ്റീൽ ഓഹരിയുടെ അരങ്ങേറ്റം. അവിടെ നിന്നും 13-ാം വ്യാപാര ദിനത്തിലേക്ക് എത്തുമ്പോഴേക്കും ഈ ഓഹരിയുടെ വില 42.50 രൂപ മറികടന്നു

Dhanam News Desk

ഇന്ത്യൻ കോർപറേറ്റ് ലോകം സാക്ഷ്യംവഹിച്ച ഏറ്റവും വലിയ കമ്പനി വിഭജനത്തിലൂടെ (ഡീമെർജർ) പിറവിയെടുത്ത കു‍ഞ്ഞൻ ഓഹരിയുടെ ആവേശക്കുതിപ്പ് തുടരുന്നു. രാജ്യത്ത് പ്രകൃതി വിഭവങ്ങളുടെ ഖനനം, സംസ്കരണം, പര്യവേക്ഷണം എന്നീ മേഖലകളിൽ മുൻനിരയിലുള്ള വമ്പൻ സ്വകാര്യ കമ്പനിയായ വേദാന്ത ലിമിറ്റഡിൽ (BSE: 500295, NSE: VEDL) നിന്നും പ്രത്യേക സ്വതന്ത്ര ലി​സ്റ്റഡ് കമ്പനിയായി വേർപിരിഞ്ഞ വേദാന്ത അയൺ & ​സ്റ്റീൽ (BSE: 544784, NSE: VISL) ഓഹരിയാണ് വിപണിയിൽ വൻ മുന്നേറ്റം പ്രകടമാക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ 15-നായിരുന്നു ഡീമെർജർ നടപടികൾ പൂർത്തിയാക്കി വേദാന്ത അയൺ & ​സ്റ്റീൽ ലിമിറ്റഡിന്റെ ഓ​ഹരികൾ ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലി​സ്റ്റ് ചെയ്യപ്പെട്ടത്. ഏകദേശം 20 രൂപ നിലവാരത്തിലായിരുന്നു ഈ ഓഹരിയുടെ അരങ്ങേറ്റം. അവിടെ നിന്നും 12 വ്യാപാര ദിനങ്ങൾ പിന്നിടുമ്പോഴേക്കും വേദാന്ത അയൺ & ​സ്റ്റീൽ ഓഹരി 42.50 രൂപ മറികടന്നു. മൂന്നാഴ്ചയിൽ താഴെ സമയംകൊണ്ട് ഓഹരിയുടെ വില 113 ശതമാനം വർധിച്ചു. കമ്പനിയുടെ വിപണി മൂല്യം ഇരട്ടിയായെന്ന് സാരം.

അപ്പർ സർക്യൂട്ട് കുതിപ്പ്

​സ്റ്റോക്ക് എക്സ്ചേഞ്ചിലെ ലി​സ്റ്റിം​ഗിന് ശേഷമുള്ള ആദ്യ 10 വ്യാപാര ദിനങ്ങളിൽ ഒമ്പതിലും വേദാന്ത അയൺ & ​സ്റ്റീൽ ഓഹരി 5 ശതമാനം അപ്പർ സ‌ർക്യൂട്ട് നിലവാരത്തിലാണ് ക്ലോസിം​ഗ് കുറിച്ചിരുന്നത്. ഇന്നും (ജൂലൈ 2) ഇന്നലെയുമായി 10 ശതമാനം കുതിച്ചുയർന്ന് അപ്പർ സർക്യൂട്ട് നിലവാരത്തിലാണ് ഈ ഓഹരിയുടെ വ്യാപാരം പുരോ​ഗമിക്കുന്നത്. എൻ.എസ്.ഇയിൽ 43.65 രൂപയാണ് വേദാന്ത അയൺ & ​സ്റ്റീൽ ഓഹരിയുടെ വില ഇപ്പോൾ കുറിക്കുന്നത്. ലി​സ്റ്റിം​ഗ് സമയത്ത് കമ്പനിയുടെ വിപണി മൂല്യം 7,820 കോടി രൂപ ആയിരുന്നത് ഇപ്പോൾ 16,678 കോടി രൂപയായും വർധിച്ചിട്ടുണ്ട്.

വേദാന്ത ലിമിറ്റഡിനെ ഡീമെർജ് ചെയ്തപ്പോൾ വേദാന്ത അയൺ & ​സ്റ്റീലിനെ കൂടാതെ പുതിയതായി വേദാന്ത പവർ, വേദാന്ത അലുമിനീയം മെറ്റൽ, വേദാന്ത ഓയിൽ & ​ഗ്യാസ് തുടങ്ങിയ ലി​സ്റ്റഡ് കമ്പനികളും പിറവിയെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും മാ‌ർക്കറ്റ് അനലി​സ്റ്റുകളിൽ നിന്നും കൂടുതൽ ബൈ (വാങ്ങാമെന്ന ശിപാർശ) റേറ്റിം​ഗ്സ് ലഭിച്ചത് വേദാന്ത അലുമിനീയം മെറ്റലിനായിരുന്നു. എന്നാൽ വേദാന്ത ​ഗ്രൂപ്പിന്റെ ഡീമെർജറിനുശേഷം വിപണിയിൽ ഏറ്റവും കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുന്നത് വേദാന്ത അയൺ & ​സ്റ്റീൽ ഓഹരിയാണ്.

അസിം പ്രേജിയുടെ നിക്ഷേപം

അനലി​സ്റ്റുകളുടെ കണ്ണിൽപ്പെട്ടില്ലെങ്കിലും രാജ്യത്തെ ശതകോടീശ്വര വ്യവസായിയും മുൻനിര ഐടി കമ്പനിയായ വിപ്രോയുടെ ചെയർമാനുമായ അസിം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപക സ്ഥാപനം, വേദാന്ത അയൺ & ​സ്റ്റീലിന്റെ ലി​സ്റ്റിം​ഗിന് പിന്നാലെ തന്നെ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. പ്രേംജി ഇൻവെ​സ്റ്റിന്റെ കീഴിലുള്ള ആൾട്ടർനേറ്റീവ് ഇൻവെ​സ്റ്റ്മെന്റ് ഫണ്ട് ആയ പി.ഐ ഓപ്പർച്യൂണിറ്റീസ് എ.ഐ.എഫ് 5 എൽ.എൽ.പി (PI Opportunities AIF V LLP), വേദാന്ത അയൺ & ​സ്റ്റീലിന്റെ 4.84 കോടി ഓഹരികളാണ് വാങ്ങിയത്. ലി​സ്റ്റിം​ഗിന് പിന്നാലെ നടന്ന ബൾക്ക് ഡീൽ വഴി പ്രതിയോഹരി 21.02 രൂപ നിരക്കിൽ ആകെ 101.68 കോടി രൂപ ചെലവിട്ടാണ് അസിം പ്രേംജിയുടെ നിക്ഷേപക സ്ഥാപനം ഈ സ്മോൾ ക്യാപ് വേദാന്ത ഓഹരി വാങ്ങിക്കൂട്ടിയത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT