ഇന്ത്യയിലെ പ്രമുഖ ഇരുചക്ര-മുചക്ര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിലും (BSE: 532977; NSE: BAJAJ-AUTO) അതിന്റെ പ്രധാന ഉപകമ്പനിയായ ബജാജ് ഓട്ടോ ടെക്നോളജി ലിമിറ്റഡിലും (ബി.എ.ടി.എൽ) റാൻസംവെയർ സൈബർ ആക്രമണമുണ്ടായെന്ന വാർത്തകൾക്ക് പിന്നാലെ ഓഹരി വിലയിൽ ഇടിവ്. നിക്ഷേപകർ ഏറെ ഉറ്റുനോക്കിയിരുന്ന 5,632 കോടി രൂപയുടെ വമ്പൻ ഷെയർ ബൈബാക്കിനുള്ള (Share Buyback) റെക്കോഡ് തീയതിയായ ഇന്ന് (ജൂൺ 24) തന്നെയാണ് ബജാജ് ഓട്ടോ ഓഹരിയിൽ ഇടിവ് നേരിടുന്നത് എന്നതും ശ്രദ്ധേയം.
2026 ജൂൺ 23-ന് രാവിലെ 8 മണിയോടെയാണ് കമ്പനിയുടെ ഐ.ടി ശൃംഖലയെ ബാധിച്ച റാൻസംവെയർ ആക്രമണം ശ്രദ്ധയിൽപ്പെട്ടതെന്ന് ബജാജ് ഓട്ടോ, സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറിയ കുറിപ്പിൽ വ്യക്തമാക്കി. തുടർന്ന് സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായത്തോടെയും കമ്പനിയുടെ ടെക്നിക്കൽ ടീമും ഒത്തുചേർന്ന് അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ കമ്പനിക്ക് നിർണായകമായ ഡാറ്റ ചോർച്ചയോ മറ്റ് സാങ്കേതിക തടസ്സങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത ഇതുവരെ വരാത്തത് നിക്ഷേപകർക്കിടയിൽ നേരിയ ആശങ്കയ്ക്ക് കാരണമായി.
ഇതേത്തുടർന്ന് ബുധനാഴ്ചത്തെ വ്യാപാരത്തിനിടയിൽ ബജാജ് ഓട്ടോ ഓഹരിയുടെ വില 2.5 ശതമാനത്തിലധികം ഇടിഞ്ഞ് 9,800 രൂപ നിലവാരത്തിനും താഴേക്ക് വീണു. ഷെയർ ബൈബാക്ക് റെക്കോഡ് തീയതിയായ ജൂൺ 24-ന് തന്നെ ഓഹരി വിലയിൽ 'എക്സ്-ഡേറ്റ്' ആകുന്നതിന്റെ സ്വാധീനവും ബജാജ് ഓട്ടോ ഓഹരിയിൽ ഇന്ന് നേരിടുന്ന ഈ വിലക്കുറവിൽ പ്രതിഫലിക്കുന്നുണ്ടെന്നും മാർക്കറ്റ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.
ടെൻഡർ ഓഫർ റൂട്ട് മുഖേനയുള്ള ഈ ഷെയർ ബൈബാക്കിനായി 5,632.80 കോടി രൂപയാണ് ബജാജ് ഓട്ടോ മാറ്റിവെച്ചിരിക്കുന്നത്. ഓഹരിയൊന്നിന് 12,000 രൂപ നിരക്കിൽ ആകെ 46.94 ലക്ഷം ഇക്വിറ്റി ഓഹരികളാകും നിക്ഷേപകരിൽ നിന്നും കമ്പനി തിരികെ വാങ്ങുക. ഷെയർ ബൈബാക്കിൽ പങ്കെടുക്കാൻ യോഗ്യരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റെക്കോർഡ് തീയതി ഇന്ന് (2026 ജൂൺ 24) ആണ്. ബൈബാക്കിൽ പങ്കെടുത്ത് നിശ്ചിതഭാഗം ഓഹരികൾ ഉയർന്ന വിലയിൽ കമ്പനിക്ക് മടക്കി നൽകാൻ താത്പര്യമുള്ള നിക്ഷേപകർക്ക് തങ്ങളുടെ കൈവശമുള്ള ബജാജ് ഓട്ടോ ഓഹരികൾ തിരികെ സമർപ്പിക്കുന്നതിനുള്ള ടെൻഡറിംഗ് വിൻഡോ ജൂലൈ 1 മുതൽ ജൂലൈ 7 വരെ ലഭ്യമായിരിക്കും.
ബജാജ് ഓട്ടോ ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാൾ 22 ശതമാനം അധിക നിരക്കിലാണ് (പ്രീമിയം) കമ്പനി നിക്ഷേപകരിൽ നിന്നും ഓഹരികൾ തിരികെ വാങ്ങുക. കമ്പനിയുടെ പ്രൊമോട്ടർമാർ ഈ ഷെയർ ബൈബാക്കിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ റീട്ടെയിൽ നിക്ഷേപകർക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികൾ കമ്പനിക്ക് ഉയർന്ന വിലയിൽ മടക്കി നൽകാനുള്ള സാധ്യതയും (Entitlement Ratio) വർദ്ധിക്കുമെന്നതാണ് ശ്രദ്ധേയം.
സൈബർ ആക്രമണ വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയുള്ള താത്കാലിക പ്രതികരണം മാത്രമാണ് വിപണിയിൽ ബജാജ് ഓട്ടോ ഓഹരിയിൽ നേരിട്ട ഇന്നത്തെ ഇടിവെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചു. കമ്പനിയുടെ അടിസ്ഥാന ബിസിനസ്സുകളെല്ലാം ശക്തമായ നിലയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) ബജാജ് ഓട്ടോ നേടിയ അറ്റാദായം (Net Profit) 47 ശതമാനം വളർച്ചയോടെ 10,744 കോടി രൂപയിലേക്കും ആകെ വരുമാനം 62,905 കോടി രൂപയിലേക്കും എത്തിച്ചേർന്നു.
കൂടാതെ പ്രതിയോഹരി 12,000 രൂപയിൽ പ്രഖ്യാപിച്ചിട്ടുള്ള ഷെയർ ബൈബാക്ക് നിരക്കും സമീപഭാവിയിൽ ഈ ലാർജ് ക്യാപ് ഓഹരിക്ക് മികച്ച പിന്തുണയേകുന്ന ഘടകമായി വർത്തിക്കുമെന്നും അനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും സൈബർ സുരക്ഷാ വീഴ്ചയുടെ ആഘാതത്തെ കുറിച്ച് ഇനി വരുന്ന ദിവസങ്ങളിൽ കമ്പനി പുറത്തുവിടുന്ന കൂടുതൽ വിവരങ്ങൾ ബജാജ് ഓട്ടോ നിക്ഷേപകർ സസൂക്ഷ്മം ശ്രദ്ധിക്കേണ്ടതുണ്ടെന്നതും ഓർക്കുക.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine