Image Courtesy: bajajhousingfinance.in 
Markets

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫിനാൻസ് ഗ്രൂപ്പായി ബജാജ്, പിന്തളളിയത് എസ്.ബി.ഐയെ

ബജാജ് ഗ്രൂപ്പ് ധനകാര്യ കമ്പനികളുടെ വിപണി മൂല്യം 10.36 ട്രില്യണ്‍ രൂപയിലെത്തി

Dhanam News Desk

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും സ്വകാര്യ മേഖലയിലുളള ബാങ്കുകളുമാണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ആധിപത്യം പുലർത്തി വരുന്നത്. വായ്പ, ഇൻഷുറൻസ്, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിൽ വ്യാപിച്ചു കിടക്കുന്ന സാമ്പത്തിക വ്യാപാരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇത്തരം ബാങ്കുകളാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), എച്ച്‌.ഡി.എഫ്‌.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയാണ് മുന്‍ നിരയിലുളള ബാങ്കുകള്‍. അതേസമയം, ഈ ആധിപത്യത്തിന് വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ് ബജാജ് ഗ്രൂപ്പ്.

മികച്ച പ്രകടനവുമായി ബജാജ് ഹൗസിംഗ് ഫിനാൻസ്

ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, പുതുതായി ലിസ്റ്റുചെയ്ത ബജാജ് ഹൗസിംഗ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഉയർന്ന ലാഭവും വിപണി മൂലധനവുമാണ് ബജാജ് ഗ്രൂപ്പിനെ മുന്‍ നിരയില്‍ എത്തിക്കുന്നത്.

ഈ മാസമാണ് ബജാജ് ഹൗസിംഗ് ഫിനാൻസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗും (ഐ.പി.ഒ) ലിസ്റ്റിംഗും നടന്നത്. ഇതിനു ശേഷമാണ് ബജാജ് ഗ്രൂപ്പ് വിപണി മൂലധനം അനുസരിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ഗ്രൂപ്പെന്ന് നേട്ടം സ്വന്തമാക്കിയത്.

ഇതോടെ എസ്.ബി.ഐയേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ് ബജാജ് ഗ്രൂപ്പ്. എച്ച്.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉളളത്. ലിസ്റ്റിംഗിന് ശേഷം ബജാജ് ഹൗസിംഗ് ഫിനാൻസ് 1.36 ട്രില്യൺ രൂപയാണ് ബജാജ് ഗ്രൂപ്പില്‍ കൂട്ടിച്ചേർത്തത്.

ഓഹരിക്ക് 70 രൂപയിലാണ് കമ്പനി ഐ.പി.ഒ അവതരിപ്പിച്ചത്. അതേസമയം ബി.എസ്.ഇയിൽ ഓഹരി 163.74 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ബജാജ് ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത നാല് ധനകാര്യ കമ്പനികളുടെ വിപണി മൂല്യം വെളളിയാഴ്ച 10.36 ട്രില്യണ്‍ രൂപയിലാണ് എത്തിയത്. ബജാജ് ഹോൾഡിംഗ്സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ബജാജ് ഹൗസിംഗ് ഫിനാൻസ് എന്നിവയാണ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികള്‍.

ഏറ്റവും മുന്നില്‍ എച്ച്.ഡി.എഫ്‌.സി

അതേസമയം എസ്.ബി.ഐ ഗ്രൂപ്പിന്റെ വിപണി മൂല്യം 9.6 ട്രില്യൺ രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, എസ്.ബി.ഐ കാർഡ്സ് ആന്‍ഡ് പേയ്മെന്റ്സ് സര്‍വീസസ് എന്നിവയാണ് എസ്.ബി.ഐ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികള്‍.

എച്ച്.ഡി.എഫ്‌.സി ഗ്രൂപ്പ് വിപണി മൂലധനത്തില്‍ 15.75 ട്രില്യൺ രൂപയുമായി പട്ടികയില്‍ ഒന്നാമതാണ്. ഐ.സി.ഐ.സി.ഐ ഗ്രൂപ്പിന്റെ വിപണി മൂല്യം 11.95 ട്രില്യൺ രൂപയാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് എന്നീ നാല് ലിസ്റ്റഡ് കമ്പനികളാണ് ഐ.സി.ഐ.സി.ഐ ഗ്രൂപ്പിന് ഉളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT