പ്രതീകാത്മക ചിത്രം Image Source: Canva
Markets

പണലഭ്യത കുറയ്ക്കാൻ ആർ.ബി.ഐ നടപടി: ബാങ്ക് ഓഹരികളിൽ വൻ ഇടിവ്; ലാഭമാർജിനുകളെ കാര്യമായി ബാധിക്കില്ലെന്ന് ബ്രോക്കറേജുകൾ

ദൈനംദിന സിആർആർ പരിധി 90 ശതമാനത്തിൽ നിന്ന് 99 ശതമാനമായി ഉയർത്തുകയും 25,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ വിപണിയിൽ ഇറക്കാൻ തീരുമാനിക്കുകയും ചെയ്ത ആർബിഐയുടെ നടപടികൾ ബാങ്ക് ഓഹരികളെ ഇന്ന് സമ്മർദത്തിലാക്കി

Dhanam News Desk

ആർ.ബി.ഐയുടെ പണലഭ്യത നിയന്ത്രണ നടപടികൾക്ക് പിന്നാലെ ബാങ്കിംഗ് ഓഹരികളിൽ താൽക്കാലിക ഇടിവ്. എന്നാൽ, ഈ നിയന്ത്രണങ്ങൾ ദീർഘകാലത്ത് ബാങ്കുകളുടെ ലാഭമാർജിനുകളെ കാര്യമായി ബാധിക്കില്ലെന്ന് ബ്രോക്കറേജ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പണപ്പെരുപ്പ ഭീഷണിയും ക്രൂഡ് ഓയിൽ വില വർധനയും ഈ നടപടികൾക്ക് പ്രേരകമായി.

രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ അധിക പണലഭ്യത (Durable Liquidity) കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇക്കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബർ 10) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, തിങ്കളാഴ്ചത്തെ (ഒക്ടോബർ 12) വ്യാപാരത്തിൽ ബാങ്കിംഗ് ഓഹരികളിൽ ഇടിവ്. എന്നാൽ, വിപണിയിൽ ഇന്ന് ബാങ്കിം​ഗ് ഓഹരികളിൽ നേരിട്ട തകർച്ചയോളം വലിയ ആഘാതം ദീർഘകാലയളവിൽ ബാങ്കുകളുടെ ലാഭക്ഷമതയിലോ അറ്റ പലിശ മാർജിനുകളിലോ (NIM) ഉണ്ടാകില്ലെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിസർച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ എൻ.എസ്.ഇയുടെ പ്രമുഖ സെക്ടറൽ സൂചികകളിലൊന്നായ നിഫ്റ്റി ബാങ്ക്, ഒരു ശതമാനത്തോളം ഇടിഞ്ഞ് 54,709.05 പോയിന്റ് വരെ താഴ്ന്നു. വെള്ളിയാഴ്ച 55,256.65 നിലവാരത്തിലായിരുന്നു ബാങ്ക് നിഫ്റ്റി സൂചികയുടെ ക്ലോസിങ് കുറിച്ചിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (BSE: 500112, NSE: SBIN) ഓഹരികൾ 2.1 ശതമാനം വരെ താഴ്ന്ന് 938.10 രൂപ നിലവാരത്തിലെത്തിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് 1.8 ശതമാനവും, ഐ.സി.ഐ.സി.ഐ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവ 1.5 ശതമാനം വീതവും നഷ്ടം നേരിട്ടു. ഇൻഡസ്ഇൻഡ് ബാങ്ക് (1.4%), ആക്സിസ് ബാങ്ക് (1.1%) എന്നിവയും ഇടിഞ്ഞപ്പോൾ, എച്ച്.ഡി.എഫ്.സി ബാങ്ക് 0.6 ശതമാനത്തിന്റെ നേരിയ ഇടിവോടെ (704.50) വിപണിയിൽ മികച്ച പ്രതിരോധം കാഴ്ചവെച്ചു.

ആർ.ബി.ഐ കൊണ്ടുവന്ന പ്രധാന നിയന്ത്രണങ്ങൾ

  • ദൈനംദിന സി.ആർ.ആർ പരിധി ഉയർത്തി: ഒക്ടോബർ 16 മുതൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ധനാനുപാതത്തിന്റെ (Cash Reserve Ratio) 99 ശതമാനവും എല്ലാ ദിവസവും നിർബന്ധമായും നിലനിർത്തണം. നിലവിൽ ഇത് 90 ശതമാനമായിരുന്നു. ഇതോടെ ബാങ്കുകൾക്ക് വിപണിയിൽ വായ്പകൾ നൽകാനോ ഉയർന്ന ലാഭം തരുന്ന ആസ്തികളിൽ നിക്ഷേപിക്കാനോ ഉള്ള പണത്തിന്റെ അളവ് വലിയ തോതിൽ ചുരുങ്ങും.

  • സർക്കാർ കടപ്പത്ര വില്പന: ഒക്ടോബർ 13-ന് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (OMO) വഴി 25,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ വിൽക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു. മൾട്ടിപ്പിൾ പ്രൈസ് ലേലത്തിലൂടെയാണ് ഈ ഓഹരി വില്പന നടക്കുക.

  • പണപ്പെരുപ്പ ഭീഷണി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും എൽ നിനോ പ്രതിഭാസവും കാരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ഉയർന്നേക്കാമെന്ന ഭീതിയാണ് ആർ.ബി.ഐയെ പണലഭ്യത കുറയ്ക്കാൻ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

മാർജിൻ ആഘാതം പരിമിതമായിരിക്കുന്നത് എന്തുകൊണ്ട്?

ആർ.ബി.ഐയുടെ 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' നയത്തിന്റെ സ്വാഭാവിക തുടർച്ചയാണിതെന്ന് പ്രമുഖ ആഗോള ബ്രോക്കറേജായ ജെഫറീസിന്റെ (Jefferies) റിസർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ബാങ്കുകൾ ആകെ സൂക്ഷിക്കുന്ന 8 ലക്ഷം കോടി രൂപയുടെ സി.ആർ.ആർ ബാലൻസിൽ 5 മുതൽ 10 ശതമാനം വരെ വർധനയുണ്ടായാൽ പോലും വിപണിയിൽ നിന്ന് 40,000–80,000 കോടി രൂപ മാത്രമാണ് പിൻവലിക്കപ്പെടുക. ഇത് ബാങ്കുകളുടെ ഫണ്ടിംഗ് ചെലവിൽ കേവലം 1–2 ബേസിസ് പോയിന്റിന്റെ നേരിയ വർധന മാത്രമേ ഉണ്ടാക്കുകയുള്ളൂ. ഈ അധികച്ചെലവ് പുതിയ വായ്പകളിലേക്ക് കൈമാറാൻ (Pass on) ബാങ്കുകൾക്ക് എളുപ്പത്തിൽ സാധിക്കും.

സി.ആർ.ആർ ചട്ടങ്ങളിലെ മാറ്റവും ബോണ്ട് വില്പനയും വഴി ആകെ 50,000 കോടി രൂപയുടെ പണലഭ്യതയാണ് വിപണിയിൽ നിന്ന് കുറയുകയെന്ന് മറ്റൊരു ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ ജെ.പി മോർഗന്റെ (JP Morgan) റിസർച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് ഹ്രസ്വകാല മണി മാർക്കറ്റ് നിരക്കുകളെ പോളിസി നിരക്കിനോട് കൂടുതൽ അടുപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

രൂപയുടെ മൂല്യത്തിന് ലഭിക്കുന്ന കരുത്ത്

പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഡോളർ നേരിട്ട് വാങ്ങാൻ ആർ.ബി.ഐ പ്രത്യേക വിൻഡോ തുറന്നത് വിനിമയ വിപണിയിലെ സമ്മർദ്ദം കുറച്ചു. ഇതോടെ തിങ്കളാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരു ശതമാനം ഉയർന്നു. ഈ നിയന്ത്രണങ്ങൾ ഹ്രസ്വകാലത്തേക്ക് രൂപയുടെ വിനിമയ നിരക്കിനെ ശക്തമായി പിന്തുണയ്ക്കുമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എ (CLSA) നിരീക്ഷിക്കുന്നു.

ബാങ്കുകളുടെ പ്രവർത്തന വരുമാനത്തിലുണ്ടാകുന്ന അടിസ്ഥാന മാറ്റങ്ങളേക്കാൾ വിപണിയിലെ താൽക്കാലിക വികാരമാണ് തിങ്കളാഴ്ചത്തെ ഓഹരി വിലയിടിവിന് പ്രധാന കാരണമെന്നാണ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. എങ്കിലും ഉയർന്ന ഫണ്ടിംഗ് ചെലവുകൾ ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ ബാങ്കുകൾക്ക് സാധിക്കുമോ എന്നതും, ഒക്ടോബർ 13-ലെ കടപ്പത്ര ലേലത്തിന് ശേഷം പണലഭ്യത എത്ര വേഗത്തിൽ കുറയുമെന്നതുമാകും ബാങ്ക് ഓഹരികളുടെ തുടർചലനങ്ങൾ നിശ്ചയിക്കുക. ആർ.ബി.ഐ ഈ കർശന നയം തുടർന്നാൽ ഓഹരികളിലെ സമ്മർദ്ദം കൂടുതൽ നീണ്ടുനിന്നേക്കാം എന്നാണ് വിലയിരുത്തൽ.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT