രാജ്യം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കൈവരിച്ച മുന്നേറ്റം, പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ഉഴറുകയായിരുന്ന ഇന്ത്യൻ ഓഹരി വിപണിയിലും അനുകൂല തരംഗമുണ്ടാക്കിയിരിക്കുകയാണ്. 294 അംഗ ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ തനിച്ച് മറികടന്നാണ് ബി.ജെ.പിയുടെ മുന്നേറ്റം. വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ചത്തെ (2026 മേയ് 4) വ്യാപാരത്തിനൊടുവിൽ മുഖ്യ ഓഹരി സൂചികകളായ എൻ.എസ്.ഇ നിഫ്റ്റി 122 പോയിന്റ് (+0.51%) നേട്ടത്തോടെ 24,119-ലും ബി.എസ്.ഇ സെൻസെക്സ് 356 പോയിന്റ് (+0.46%) വർധനയോടെ 77,269 നിലവാരത്തിലും ക്ലോസിങ് കുറിച്ചു.
പശ്ചിമ ബംഗാൾ പോലുള്ള വലിയൊരു സംസ്ഥാനത്ത്, കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ അധികാരത്തിൽ വരുന്നതിലൂടെ 'ഡബിൾ എഞ്ചിൻ' സർക്കാരിന്റെ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കാമെന്ന പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. ഇതിലൂടെ വമ്പൻ വികസന പദ്ധതികളും പുതിയ മൂലധന നിക്ഷേപവും ഒഴുകിയെത്തിയാൽ ബംഗാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികൾക്കും അതിൽ നിന്നുള്ള ഗുണപരമായ നേട്ടങ്ങൾ കരഗതമാകാം. എന്നിരുന്നാലും ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് വിപണി ഉറ്റുനോക്കുന്നത്.
വ്യവസായ നയം : ദീർഘകാലമായി വ്യവസായ രംഗത്ത് മന്ദഗതിയിലായിരുന്ന ബംഗാളിൽ പുതിയ വ്യവസായ പാർക്കുകളും നിർമ്മാണ മേഖലയും ഉണരുമെന്ന പ്രതീക്ഷ ബിസിനസ് അനലിസ്റ്റുകൾ മുന്നോട്ടുവെക്കുന്നു.
കേന്ദ്ര — സംസ്ഥാന ഏകോപനം : വമ്പൻ കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിലെ തടസ്സങ്ങൾ മാറിക്കിട്ടുന്നതിലൂടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത കൈവരിക്കും.
പാർലമെന്റിൽ മേൽക്കൈ : 16 എം.പിമാരെ വരെ തിരഞ്ഞെടുക്കാവുന്ന ബംഗാളിലെ വിജയം രാജ്യസഭയിൽ എൻ.ഡി.എ മുന്നണിയുടെ അംഗബലം വർധിപ്പിക്കാൻ സഹായിക്കും. ഇതു സുപ്രധാന സാമ്പത്തിക പരിഷ്കരണ ബില്ലുകൾ പാസാക്കുന്നതിന് കേന്ദ്ര സർക്കാരിനെ പിന്തുണയേകുന്ന ഘടകമാകും.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അടിസ്ഥാനമാക്കി ചില പ്രത്യേക മേഖലകളിൽ നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
മാരിടൈം & പോർട്ട് — ഹാൽദിയ, താജ്പൂർ പോർട്ടുകളുടെ വികസനം തുറമുഖാധിഷ്ഠിത വ്യവസായങ്ങൾക്ക് ഗുണകരമാകും.
അടിസ്ഥാന സൗകര്യ വികസനം — റോഡ് നിർമ്മാണം, വ്യാവസായിക പാർക്കുകൾ എന്നിവ ഇൻഫ്രാസ്ട്രക്ചർ ഓഹരികളെ സ്വാധീനിച്ചേക്കും.
കൃഷിയും അനുബന്ധ മേഖലകളും — ചായ, ജൂട്ട് വ്യവസായങ്ങളുടെ നവീകരണം, ഫിഷറീസ് മേഖലയിലെ കോൾഡ് സ്റ്റോറേജ് ശൃംഖലകൾ എന്നിവയിൽ നിക്ഷേപം വർധിക്കും.
റിയൽ എസ്റ്റേറ്റ് — കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദേശീയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം.
റിയൽ എസ്റ്റേറ്റ് — കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദേശീയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കാം.
ബംഗാൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രധാന ലിസ്റ്റഡ് കമ്പനികൾ — ഐ.ടി.സി, ഇമാമി, ബാറ്റ ഇന്ത്യ, കോൾ ഇന്ത്യ, ബന്ധൻ ബാങ്ക്, എക്സൈഡ് ഇൻഡസ്ട്രീസ്, രാമകൃഷ്ണ ഫോർജിങ്സ്, ഉഷ മാർട്ടിൻ, സി.ഇ.എസ്.സി, ലിൻഡെ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബ്രിട്ടാണിയ ഇൻഡസ്ട്രീസ്, യൂക്കോ ബാങ്ക്, ബെർജർ പെയിന്റ്സ്, ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ്.
വിപണിയിൽ നിലവിൽ കാണുന്ന ആവേശം ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാകാൻ സാധ്യതയുണ്ടെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമ ബംഗാളിന്റെ ഉയർന്ന കടബാധ്യതയും പ്രകടനപത്രികയിലെ സാമ്പത്തിക സഹായ വാഗ്ദാനങ്ങളും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കൂടാതെ, ആഗോള തലത്തിലെ ക്രൂഡ് ഓയിൽ വിലക്കയറ്റം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, യു.എസ് — ഇറാൻ നയതന്ത്ര നീക്കങ്ങൾ എന്നിവയാകും വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണ്ണയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ, എടുത്തുചാടിയുള്ള ഹ്രസ്വകാല നീക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് ദീർഘകാല നിക്ഷേപത്തിന് പ്രാധാന്യം നൽകുന്നതാകും ഉചിതമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine