പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ കീഴിലുള്ള ഭാരത് കോക്കിംഗ് കോള്‍ ലിമിറ്റഡിന്റെ (BCCL) ഐപിഒയ്ക്ക് വിപണിയില്‍ വന്‍ സ്വീകാര്യത. ആദ്യ ദിനമായ ഇന്ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് വെറും ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഐപിഒ പൂര്‍ണമായും വിറ്റുപോയി. റീറ്റെയ്ല്‍ നിക്ഷേപകരും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇതര നിക്ഷേപകരും (NII) ഒരുപോലെ ആവേശത്തോടെ എത്തിയതാണ് ഈ കുതിപ്പിന് കാരണമായത്.
രാവിലെ 10.30 വരെയുള്ള കണക്കുകള്‍ പ്രകാരം ഐ.പി.ഒ 1.3 മടങ്ങ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇതര നിക്ഷേപകരുടെ വിഭാഗം 2.25 മടങ്ങും, റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗം 1.76 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. അതേസമയം, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയേഴ്‌സ് വിഭാഗത്തില്‍ ഈ സമയത്തിനുള്ളില്‍ 0.01 മടങ്ങ് (ഏകദേശം 1 ശതമാനം) മാത്രമാണ് സബ്സ്‌ക്രിപ്ഷന്‍ രേഖപ്പെടുത്തിയത്. വന്‍കിട നിക്ഷേപകര്‍ ഐപിഒയുടെ അവസാന സമയങ്ങളില്‍ മാത്രം ബിഡുകള്‍ സമര്‍പ്പിക്കുന്ന പൊതുവായ രീതിയാണിവിടെയും പ്രകടമായത്.
പ്രൊമോട്ടറായ കോള്‍ ഇന്ത്യ 46.57 കോടി ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കുന്ന 1,071.11 കോടി രൂപയുടെ ഐപിഒയില്‍ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയില്‍ മാത്രം അടങ്ങിയതാണ്. ഓഹരിയൊന്നിന് 21 രൂപ മുതല്‍ 23 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പ്രമോട്ടര്‍മാര്‍ മാത്രമാണ് ഐ.പി.ഒയില്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് എന്നതിനാല്‍ ഇതു വഴി സമാഹരിക്കുന്ന തുക ഭാരത് കോക്കിംഗ് കോളിന് ലഭിക്കില്ല. പകരം മുഴുവന്‍ തുകയും ഓഹരികള്‍ വിറ്റഴിക്കുന്ന പ്രൊമോട്ടറായ കോള്‍ ഇന്ത്യയ്ക്കാണ് ലഭിക്കുക. ഓഹരി വിറ്റഴിക്കലിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും കടബാധ്യതകള്‍ കുറയ്ക്കാനും പുതിയ ഖനന പദ്ധതികള്‍ക്കുമായി വിനിയോഗിക്കാനാണ് ബിസിസിഎല്‍ ലക്ഷ്യമിടുന്നത്.
കോള്‍ ഇന്ത്യയുടെ കരുത്തുറ്റ പിന്തുണയുള്ള കമ്പനിയെന്ന നിലയിലും, ഇന്ത്യയുടെ സ്റ്റീല്‍ വ്യവസായത്തിന് അത്യന്താപേക്ഷിതമായ കോക്കിംഗ് കോളിന്റെ ഉത്പാദനത്തില്‍ ബിസിസിഎല്‍ വഹിക്കുന്ന നിര്‍ണായക പങ്കും നിക്ഷേപകരെ ആകര്‍ഷിച്ചു. കൂടാതെ, ഐപിഒയുടെ വില നിശ്ചയിച്ചതിലെ ആകര്‍ഷണീയതയും വിപണിയിലെ അനുകൂല സാഹചര്യവും സബ്‌സ്‌ക്രിപ്ഷന്‍ വേഗത്തിലാക്കാന്‍ സഹായിച്ചു.
1972ല്‍ സ്ഥാപിതമായ ഭാരത് കോക്കിംഗ് കോള്‍, ഉരുക്ക് നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമായ കോക്കിംഗ് കോളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരാണ്. ജാര്‍ഖണ്ഡിലും പശ്ചിമ ബംഗാളിലുമായി 34 ഖനികള്‍ കമ്പനിക്കുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ആകെ കോക്കിംഗ് കോള്‍ ഉത്പാദനത്തിന്റെ ഏകദേശം 58.5 ശതമാനവും ഈ കമ്പനിയുടെ വിഹിതമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ കല്‍ക്കരി ഉത്പാദനം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 30.51 ദശലക്ഷം ടണ്ണായിരുന്ന ഉത്പാദനം 2025-ല്‍ ഇത് 40.50 ദശലക്ഷം ടണ്ണായി ഉയര്‍ന്നു.
കോള്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഒരു ഉപകമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് വഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യം ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുകൂടിയാണിത്. ആദ്യദിനം തന്നെ ലഭിച്ച ഈ വന്‍ പ്രതികരണം ലിസ്റ്റിംഗ് ദിനത്തിലും വലിയ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
ഗ്രേ മാര്‍ക്കറ്റില്‍ ഭാരത് കോക്കിംഗ് കോള്‍ ഓഹരികള്‍ ഏകദേശം 50 ശതമാനം പ്രീമിയത്തില്‍ വ്യാപാരം ചെയ്യുന്നത്. എന്നാല്‍ ഗ്രേ മാര്‍ക്കറ്റ് വില ഒരു സൂചകം മാത്രമാണെന്നും യഥാര്‍ത്ഥ ലിസ്റ്റിംഗ് വില ഇതില്‍ നിന്ന് വ്യത്യസ്തമായേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.
ജനുവരി 13ന് ഐ.പി.ഒ അവസാനിക്കും. ജനുവരി 14നാകും ഓഹരികള്‍ അനുവദിക്കുക. 15ന് അക്കൗണ്ടില്‍ ക്രെഡിറ്റാകും. അല്ലാത്തര്‍ക്ക് റീഫണ്ട് ലഭിക്കും. ജനുവരി 16ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Bharat Coking Coal IPO fully subscribed within the first hour, driven by retail and NII investor enthusiasm
Read DhanamOnline in English
Subscribe to Dhanam Magazine