ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് (ബിസിസിഎൽ) ഓഹരിക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ തകർപ്പൻ ലിസ്റ്റിങ്. പ്രാരംഭ പൊതു ഓഹരി വിൽപ്പനയിൽ (ഐപിഒ) അർഹരായ നിക്ഷേപകർക്ക് 23 രൂപയിൽ (ഇഷ്യൂ വില) അനുവദിച്ച ബിസിസിഎൽ ഓഹരികൾ, ജനുവരി 19 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ റെഗുലർ ട്രേഡിങ് ആരംഭിച്ചപ്പോൾ 45 രൂപയിലാണ് എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇഷ്യൂ വിലയേക്കാൾ 95.6 ശതമാനം പ്രീമിയത്തോടെയായിരുന്നു ബിസിസിഎൽ ഓഹരിയുടെ ലിസ്റ്റിങ് എന്ന് സാരം.
വൻകിട പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് ബിസിസിഎൽ. കോക്കിങ് കോൾ, നോൺ-കോക്കിങ് കോൾ, വാഷ്ഡ് കോൾ എന്നിവയുടെ ഉത്പാദനത്തിലാണ് ബിസിസിഎൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പുതുവർഷത്തിൽ മെയിൻ ബോർഡ് വിഭാഗത്തിൽ നിന്നും ഐപിഒ നടപടികൾ പൂർത്തിയാക്കി എൻഎസ്ഇ, ബിഎസ്ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഓഹരിയുമാണിത്.
2026 ജനുവരി 9 മുതൽ 13 വരെയുള്ള കാലയളവിലാണ് ബിസിസിഎല്ലിന്റെ ഐപിഒ പ്രാഥമിക വിപണിയിൽ അരങ്ങേറിയത്. ഓഹരിക്ക് 21-23 രൂപ പ്രൈസ് ബാൻഡിൽ അവതരിപ്പിച്ച ഐപിഒയ്ക്ക് നിക്ഷേപകരുടെ ഭാഗത്തു നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്. കേവലം 1,071 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ഐപിഒയിൽ നിക്ഷേപകരുടെ ഭാഗത്തുനിന്നും ലഭിച്ച മൊത്തം ബിഡ്ഡുകളുടെ മൂല്യം 1,17,000 കോടി രൂപയിലധികമായിരുന്നു. 2010-ലെ കോൾ ഇന്ത്യ (2.31 ലക്ഷം കോടി രൂപ), 2009-ലെ എൻഎച്ച്പിസി (1.41 ലക്ഷം കോടി രൂപ) തുടങ്ങിയ ഐപിഒകൾക്ക് ശേഷം ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ഐപിഒയ്ക്ക് ലഭിച്ച ഏറ്റവും വലിയ ബിഡ്ഡിങ് മൂല്യവുമാണിത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് (ജനുവരി 14) ഐപിഒയിലേക്ക് ബിഡ് ചെയ്തതിൽ നിന്നും തെരഞ്ഞെടുത്ത അർഹരായ നിക്ഷേപകർക്ക് ബിസിസിഎൽ ഓഹരികൾ 23 രൂപ നിരക്കിൽ അനുവദിച്ചത് (ഇഷ്യൂ ചെയ്തത്). തുടർന്ന് ജനുവരി 19-ന് എൻഎസ്ഇയിൽ 45 രൂപ നിരക്കിലും ബിഎസ്ഇയിൽ 45.21 രൂപ നിരക്കിലും വീതമാണ് ബിസിസിഎൽ ഓഹരിയുടെ ലിസ്റ്റിങ് നടന്നത്. ഇതോടെ ഐപിഒയിൽ ഓഹരി ലഭിച്ചവരെ സംബന്ധിച്ച് ഒരാഴ്ച കൊണ്ട് നിക്ഷേപമൂല്യം ഇരട്ടിയായി.
പൊതുവിൽ പ്രതീക്ഷിച്ചതിലും മികച്ച ലിസ്റ്റിങ് ലഭിച്ചതോടെ ബിസിസിഎൽ ഓഹരികളിൽ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന സംശയം ഒരുവിഭാഗം നിക്ഷേപകരിൽ നിന്നും ഉയർന്നിട്ടുണ്ട്. ഇതിനെ അഭിസംബോധന ചെയ്ത് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ മുൻനിര അനലിസ്റ്റുമാരും രംഗത്തെത്തിയിട്ടുണ്ട്. ബിസിസിഎൽ ഐപിഒയിൽ നിന്നും ഓഹരി ലഭിച്ചവർക്കും സെക്കൻഡറി മാർക്കറ്റിൽ ഈ പൊതുമേഖല ഓഹരിയെ ശ്രദ്ധിക്കുന്നവർക്കും ഉള്ള മാർഗനിർദേശം ഇതിൽ ഉൾപ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine