ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ബിറ്റ്കോയിൻ വിലയിൽ വലിയ ഇടിവ്. ബിറ്റ്കോയിന്റെ മൂല്യം ഇന്ന് (ഏപ്രിൽ 8) 2.26 ശതമാനം ഇടിഞ്ഞ് 67,798.20 ഡോളറിലെത്തി. ഈ സാഹചര്യത്തില്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധനും ക്രിപ്റ്റോ വിമർശകനുമായ പീറ്റർ ഷിഫ് നിക്ഷേപകർക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബിറ്റ്കോയിൻ വില 10,000 ഡോളറിലേക്ക് താഴുമെന്നാണ് പീറ്റർ ഷിഫ് പ്രവചിക്കുന്നത്.
2026 അവസാനത്തോടെ ഈ നിലവാരത്തിലെത്തിയാൽ പോലും പത്ത് വർഷത്തെ കണക്കെടുത്താൽ ബിറ്റ്കോയിൻ ഒരു മികച്ച നിക്ഷേപമായി തോന്നാം. എന്നാൽ ഉയർന്ന വിലയ്ക്ക് ബിറ്റ്കോയിൻ വാങ്ങിയ ഭൂരിഭാഗം നിക്ഷേപകർക്കും ഇത് 92 ശതമാനത്തോളം വലിയ നഷ്ടം ഉണ്ടാക്കുമെന്ന് ഷിഫ് ചൂണ്ടിക്കാണിക്കുന്നു.
പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് ബിറ്റ്കോയിന്റെ വളർച്ച കുറവാണെന്നും അദ്ദേഹം വാദിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ബിറ്റ്കോയിൻ 12 ശതമാനം മാത്രം വളർന്നപ്പോൾ, സ്വർണം (163%), വെള്ളി (181%), എസ് & പി 500 (59.4%) എന്നിവ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായ നിക്ഷേപമായി (Safe haven) സ്വർണം മാറുമ്പോൾ, ബിറ്റ്കോയിൻ ഇപ്പോഴും ഉയർന്ന റിസ്കുള്ള ഒരു ആസ്തിയായാണ് പെരുമാറുന്നത്.
ഇറാൻ സംഘർഷം തുടങ്ങിയത് മുതൽ ബിറ്റ്കോയിൻ 60,000 മുതൽ 75,000 ഡോളർ വരെയുള്ള പരിധിയിലാണ് വ്യാപാരം നടത്തുന്നത്. വളർച്ചാസാധ്യതയേക്കാൾ കൂടുതൽ തകർച്ചയ്ക്കുള്ള റിസ്കാണ് നിലവിൽ ബിറ്റ്കോയിനുള്ളതെന്നാണ് ഷിഫിന്റെ പക്ഷം. നിക്ഷേപകർ ആവേശം കൊണ്ട് മാത്രം പണം മുടക്കാതെ വിപണിയിലെ അപകടസാധ്യതകൾ കൂടി കണക്കിലെടുക്കണമെന്ന് വ്യക്തമാക്കുന്നതാണ് പീറ്റർ ഷിഫിന്റെ അഭിപ്രായങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine