പണത്തിനും മറ്റും ആവശ്യം വരുമ്പോള്‍ ഓഹരികളും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും പണയപ്പെടുത്തി പണം വായ്പയായി ലഭിക്കുമോ.
ഓഹരി വ്യാപാരത്തിനാവശ്യമായ മാര്‍ജിന് വേണ്ടിയും വ്യക്തിഗത സാമ്പത്തിക ആവശ്യങ്ങള്‍ക്കായും സൂക്ഷിക്കുന്ന ഓഹരികളും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും പണയമായി നല്‍കി പണം വായ്പയായി സ്വരൂപിക്കാന്‍ സാധിക്കും. ലോണ്‍ എഗെയ്ന്‍സ്റ്റ് ഷെയര്‍(loan against share LAS) എന്നാണ് ഇത്തരത്തില്‍ വായ്പ ലഭിക്കുന്നതിനെ പറയുന്നത്. പണത്തിന് ആവശ്യം വരുമ്പോള്‍ ഓഹരികളും മറ്റും വില്‍ക്കാതെ തന്നെ വായ്പ എടുക്കാന്‍ ഇതിലൂടെ സാധിക്കും. ഉദാ: ഒരു വ്യക്തിക്ക് 10 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ കൈവശമുണ്ടെങ്കില്‍ അദ്ദേഹം ലോണ്‍ എഗെയ്ന്‍സ്റ്റ് ഷെയറിനായി ഒരു ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ 50 ശതമാനം ഹെയര്‍ക്കട്ട് (ലോണ്‍ അനുവദിക്കുമ്പോള്‍ ധനകാര്യ സ്ഥാപനങ്ങള്‍ എടുക്കുന്ന മാര്‍ജിന്‍) കഴിഞ്ഞ് അഞ്ച് ലക്ഷം രൂപ വായ്പയായി അനുവദിച്ചേക്കാം.ഓഹരികള്‍ പണയപ്പെടുത്തിയാലും ഓഹരിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളായ ലാഭ വിഹിതം, വോട്ടവകാശം, ബോണസ്, സ്പ്ലിറ്റ് ഉള്‍പ്പെടെയുള്ളവയുടെ അവകാശം ഓഹരി ഉടമയ്ക്കു തന്നെയാകും.
എസ്എംഇ സെഗ്മെന്റ് എന്നാല്‍ എന്താണ്.
ഓഹരികള്‍ ഓഹരി വിപണികളിലെ മെയിന്‍ ബോര്‍ഡ് ലിസ്റ്റിംഗിനായി നിശ്ചിത ശതമാനം ഓപറേറ്റിംഗ് പ്രോഫിറ്റ്, പെയ്ഡ് അപ് ക്യാപിറ്റല്‍ ട്രാക്ക് റെക്കോഡ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഗണത്തില്‍ വരുന്ന കമ്പനികള്‍ക്ക് മെയിന്‍ ബോര്‍ഡില്‍ വരുന്ന കമ്പനികളുടെ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഓഹരി വിപണിയില്‍ എസ്എംഇ ഓഹരികള്‍ വ്യാപാരം നടത്തുന്നതിനായി ഒരു സെഗ്മെന്റ് അനുവദിച്ചിട്ടുണ്ട്. അത്തരം സെഗ്മെന്റിനെയാണ് എസ്എംഇ സെഗ്മെന്റ് എന്ന് വിളിക്കുന്നത്. ഇതില്‍ മിനിമം ലോട്ട് പ്രകാരം മാത്രമേ വ്യാപാരം അനുവദിക്കുകയുള്ളൂ.
ചില ഓഹരികള്‍ വാങ്ങാനായി ശ്രമിക്കുമ്പോള്‍ ഇ.ക്യു, ബി.ഇ, ബി.എല്‍, ബി.ടി തുടങ്ങിയ പദങ്ങള്‍ പേരിനൊപ്പം കാണാറുണ്ട്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഓഹരികളെ തരംതിരിക്കുന്നതിനായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളാണ് ഇവ.
ഇ.ക്യു: ഇക്വിറ്റി എന്ന വാക്കിനെ ചുരുക്കിപ്പറയുന്നതാണ് ഇ.ക്യു. ഈ വിഭാഗത്തിലുള്ള ഓഹരികള്‍ ഇന്‍ട്രാ ഡേ ട്രേഡിനും ഓഹരികള്‍ കൈവശം വെയ്ക്കാവുന്ന ഡെലിവറി ട്രേഡിനും ഉപയോഗിക്കാം.
ബി.ഇ: ബുക്ക് എന്‍ട്രി എന്ന വാക്കിനെ ചുരുക്കിപ്പറയുന്നതാണ് ബി.ഇ. ട്രേഡ് ടു ട്രേഡ് വിഭാഗത്തിലാണ് ബി.ഇ ഓഹരികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഓഹരികളില്‍ ഇന്‍ട്രാ ഡേ വ്യാപാരം അനുവദിക്കില്ല. അതായത് ഓഹരികള്‍ ഡെലിവറി ആയി മാത്രമേ വാങ്ങാന്‍ സാധിക്കുകയുള്ളൂ.
ബി.എല്‍ : ഓഹരി വിപണികളില്‍ ഓഹരികള്‍ ഒരുമിച്ച് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ബ്ലോക്ക് ഡീല്‍ വിഭാഗത്തിലെ ഓഹരികളാണ് ബി.എല്‍ ഓഹരികള്‍. കുറഞ്ഞത് അഞ്ച് ലക്ഷം ഓഹരിയോ അഞ്ച് കോടി രൂപയ്‌ക്കോ ബിഎല്‍ ഓഹരികളില്‍ ഒരു ട്രേഡില്‍ തന്നെ ബ്ലോക്ക് ഡീല്‍ നടത്തേണ്ടതായി വരും. ഓഹരി വിപണികളില്‍ രാവിലെ 9.15 മുതല്‍ 9.50 വരെയുള്ള 35 മിനുട്ടിലായിരിക്കും ഇത് അനുവദിക്കുക.
ബി.ടി: ചെറുകിട നിക്ഷേപകര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ വിഭാഗത്തില്‍ പരമാവധി 500 ഓഹരി വരെ ഫിസിക്കല്‍ രൂപത്തിലുള്ള ഓഹരി ഇടപാടുകള്‍ നടത്താം.
ബി2: ഓഹരി വിപണിയുടെ നിയമങ്ങള്‍ക്കതീതമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയ ഓഹരികളാണിവ. ടി ടു ടി വിഭാഗത്തിലാണ് ഇത്തരം ഓഹരികള്‍ ഉള്‍പ്പെടുക. ഇതില്‍ ബയ് ടുഡേ സെല്‍ ടുമാറോ, ഇന്‍ട്രാ ഡേ വ്യാപാരങ്ങള്‍ അനുവദിക്കില്ല.
എന്താണ് ഓഹരികളുടെ ടിക്ക് സൈസ്.
ഓഹരി വിപണിയില്‍ ഓഹരികള്‍ വ്യാപാരം നടത്തുമ്പോള്‍ ബിഡ് പ്രൈസും ഓഫര്‍ പ്രൈസും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ വ്യതിയാനമാണ് ടിക്ക് സൈസ് (tick size) ഉദാ: ഒരു ഓഹരിയുടെ ടിക്ക് സൈസ് 0.05 പൈസ ആണെങ്കില്‍ അവസാനം വ്യാപാരം നടന്ന വില 10 രൂപ ആണെങ്കില്‍ പിന്നീടുള്ള അടുത്ത അഞ്ച് മികച്ച വിലകള്‍ 9.85, 9.90, 9.95, 10.05, 10.10 എന്നിവയാകും. അതായത് മിനിമം 0.05 പൈസ വ്യത്യാസത്തില്‍ മാത്രമേ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുള്ളൂ എന്ന് ചുരുക്കം.
ഡോ. സനീഷ് ചോലക്കാട്
(സെബി സ്മാര്‍ട്സ്, എന്‍എസ്ഇ, ബിഎസ്ഇ, എന്‍എസ്ഡിഎല്‍, സിഎസ്ഡിഎല്‍, പിഎഫ്ആര്‍ഡിഎ, എന്‍സിഡിഎക്സ്, എന്‍ഐഎസ്എം എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍)
Read DhanamOnline in English
Subscribe to Dhanam Magazine