Image : Canva and Freepik 
Markets

ഓഹരി വിപണിക്ക് നാളെ പ്രത്യേക വ്യാപാരം; സമയക്രമവും പ്രൈസ് ബാൻഡും പ്രഖ്യാപിച്ചു

കഴിഞ്ഞ മാര്‍ച്ച് രണ്ടിനും പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണികളായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (BSE) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) നാളെയും (മേയ് 18, ശനി) പ്രവര്‍ത്തിക്കും. എന്നാല്‍, നാളെ സമ്പൂര്‍ണ വ്യാപാരദിനമല്ലെന്ന് മാത്രം.

ഓഹരി വിപണിയില്‍ നിലവില്‍ ഓഹരികളുടെ വ്യാപാരം നടക്കുന്ന പ്രൈമറി സൈറ്റില്‍ (Primary Site/PR) നിന്ന് കൂടുതല്‍ സുരക്ഷിതമായ ഡിസാസ്റ്റര്‍ റിക്കവറി സൈറ്റിലേക്ക് (Disastor Recovery Site/DR) പ്രവര്‍ത്തനം മാറ്റുന്ന നടപടിക്രമങ്ങളുടെ ഭാഗമായ പ്രത്യേക വ്യാപാരമാണ് നാളെ ഓഹരി, ഓഹരി ഡെറിവേറ്റീവ് ശ്രേണികളില്‍ അരങ്ങേറുക. 

വിപണിയില്‍ അപ്രതീക്ഷിതമോ അസാധാരണമോ ആയ തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്നതാണ് ഡി.ആര്‍ സൈറ്റ്. ഓഹരി വിപണിക്ക് ശനി, ഞായർ ദിവസങ്ങൾ അവധിയാണ്. പി.ആർ സൈറ്റിൽ നിന്ന് ഡി.ആർ സൈറ്റിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങൾക്കായാണ് നാളെ പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്. ഇതേ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് രണ്ടിനും പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു.

വ്യാപാര സമയക്രമം ഇങ്ങനെ

നാളെ പ്രീ-മാര്‍ക്കറ്റ് പ്രൈമറി സെഷന് രാവിലെ 8.45ന് തുടക്കമാകും. 9 വരെ നീളും. 9ന് പ്രീ-ഓപ്പണ്‍ സെഷന്‍ തുടങ്ങി 9.08 വരെ നടക്കും.

തുടര്‍ന്ന് ആദ്യ വ്യാപാര സെഷന്‍ പ്രൈമറി സൈറ്റില്‍ (PR Site) 9.15 മുതല്‍ 10 വരെ നടക്കും. 11.15 വരെ ഇടവേളയായിരിക്കും. തുടര്‍ന്ന് 11.15ന് ഡിസാസ്റ്റര്‍ റിക്കവറി സൈറ്റില്‍ (DR site) രണ്ടാം സെഷന്‍ തുടങ്ങും. ഇത് 11.23 വരെയാണ്. 11.30 മുതല്‍ 12.30 വരെ സാധാരണ വ്യാപാരം നടക്കും. തുടര്‍ന്നുള്ള അരമണിക്കൂര്‍ നേരത്തേക്ക് (ഉച്ചയ്ക്ക് ഒന്നുവരെ) ക്ലോസിംഗിന് ശേഷമുള്ള വ്യാപാര ഉടമ്പടികളുടെ പരിഷ്‌കരണത്തിന് (post-close order closing and modifications) അനുവദിക്കും.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് (F&O) ശ്രേണിയില്‍ രാവിലെ 9.15 മുതല്‍ 10 വരെ പ്രൈമറി സൈറ്റില്‍ പ്രാരംഭ സെഷനും 11.45 മുതല്‍ 12.40 വരെ ഡി.ആര്‍ സൈറ്റില്‍ രണ്ടാം സെഷനും നടക്കും.

പ്രൈസ് ബാന്‍ഡില്‍ നിബന്ധന

പ്രത്യേക വ്യാപാരത്തില്‍ ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 5 ശതമാനമായിരിക്കും. അതായത് 5 ശതമാനം വരെ ഉയര്‍ന്നാലും ഇടിഞ്ഞാലും അപ്പര്‍, ലോവര്‍-സര്‍ക്യൂട്ടുകളിലെത്തും. നിലവില്‍ രണ്ട് ശതമാനം പ്രൈസ് ബാന്‍ഡുള്ളവയ്ക്ക് അതുതന്നെയായിരിക്കും മേയ് 18നും.

ഇക്കഴിഞ്ഞ മാര്‍ച്ചിലും പി.ആര്‍ സൈറ്റില്‍ നിന്ന് ഡി.ആര്‍ സൈറ്റിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. സെബി, സാങ്കേതിക ഉപദേശക സമിതി എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കാനുള്ള തീരുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT