canva
Markets

നിക്ഷേപകര്‍ക്ക് സ്വര്‍ണം-വെള്ളി വ്യാപാരം ഇനി ലാഭകരം; അധിക മാര്‍ജിന്‍ പിന്‍വലിക്കാന്‍ എം.സി.എക്‌സും എന്‍.എസ്.ഇയും, ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സ്വര്‍ണത്തിന് 3 ശതമാനവും വെള്ളിക്ക് 7 ശതമാനവും അധിക മാര്‍ജിനാണ് ഏര്‍പ്പെടുത്തിയിരുന്നത്

Dhanam News Desk

കമ്മോഡിറ്റി വിപണിയിലെ നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമേകി സ്വര്‍ണം, വെള്ളി ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിനുള്ള അധിക മാര്‍ജിന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. സ്വര്‍ണത്തിന് 3 ശതമാനവും വെള്ളിക്ക് 7 ശതമാനവും അധിക മാര്‍ജിനാണ് നേരത്തെ ഏര്‍പ്പെടുത്തിയിരുന്നത്. ഫെബ്രുവരി 19 മുതല്‍ ഇത് പിന്‍വലിച്ചതായി എം.സി.എക്‌സും (MCX) എന്‍.എസ്.ഇയും (NSE) അറിയിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഉണ്ടായ അമിത ചാഞ്ചാട്ടം (Volatility) നിയന്ത്രിക്കാനാണ് എക്‌സ്‌ചേഞ്ചുകള്‍ ഈ അധിക നിയന്ത്രണം കൊണ്ടുവന്നിരുന്നത്. എന്നാല്‍ നിലവില്‍ വിപണിയിലെ വില കുറയുകയും സ്ഥിരത കൈവരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പിന്‍വലിക്കല്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ എം.സി.എക്‌സ് ഓഹരി വിലയില്‍ 3 ശതമാനത്തിലേറെ വര്‍ധനയുണ്ടായി.

നിക്ഷേപകരെയും വ്യാപാരികളെയും ഇത് എങ്ങനെ ബാധിക്കും?

ഈ നീക്കം കമ്മോഡിറ്റി വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. നേരത്തെ ഒരു ലോട്ട് സ്വര്‍ണമോ വെള്ളിയോ ട്രേഡ് ചെയ്യാന്‍ നിക്ഷേപിച്ചിരുന്ന തുകയേക്കാള്‍ കുറഞ്ഞ തുക ഇനി മതിയാകും. ഉദാഹരണത്തിന്, സ്വര്‍ണത്തിന് 3 ശതമാനവും വെള്ളിക്ക് 7 ശതമാനവും മാര്‍ജിന്‍ കുറയുന്നതോടെ വ്യാപാരികളുടെ കൈവശം കൂടുതല്‍ പണം (Working Capital) ലഭ്യമാകും.

മാത്രമല്ല, മാര്‍ജിന്‍ കുറയുന്നതോടെ കൂടുതല്‍ ചെറുകിട വ്യാപാരികള്‍ വിപണിയിലേക്ക് കടന്നുവരും. ഇത് ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും വിപണിയില്‍ പണലഭ്യത (Liquidity) കൂട്ടുകയും ചെയ്യും. ഇത് വലിയ ഓര്‍ഡറുകള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സഹായിക്കും.

കുറഞ്ഞ തുകയില്‍ കൂടുതല്‍ പൊസിഷനുകള്‍ എടുക്കാന്‍ സാധിക്കുന്നത് ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്കും ഗുണകരമാകും. സ്വര്‍ണം-വെള്ളി വിപണിയില്‍ വീണ്ടും സജീവമായ വ്യാപാരം നടക്കാന്‍ ഇത് കാരണമാകും.

മാര്‍ജിന്‍ കുറയുന്നത് ലിവറേജ് (Leverage) വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ലാഭസാധ്യത കൂട്ടുമെങ്കിലും, വിപണി പെട്ടെന്ന് താഴേക്ക് പോയാല്‍ നഷ്ടസാധ്യതയും അതേ അളവില്‍ തന്നെ വര്‍ധിക്കുമെന്നത് ശ്രദ്ധിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT