ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരത്തിന് തുടക്കം കുറിച്ച് പ്രമുഖ മലയാളി ആരോഗ്യ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചരിത്രപ്രസിദ്ധമായ 'മാര്‍ക്കറ്റ് ഓപ്പണ്‍' ചടങ്ങോടെയാണ് ബുര്‍ജീലിന്റെ പ്രഥമ സുക്കൂക് ബോണ്ട് (ഇസ്ലാമിക് ബോണ്ട്) ഔദ്യോഗികമായി അന്താരാഷ്ട്ര വിപണിയില്‍ ട്രേഡിംഗ് ആരംഭിച്ചത്. യുകെയിലെ യുഎഇ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സൗദ് അല്‍ ഖാസിമി, ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലാണ് ബോണ്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയില്‍ നിന്നുള്ള ഒരു ഹെല്‍ത്ത്‌കെയര്‍ കമ്പനി 2018ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. മേഖലയില്‍ അടുത്തിടെയുണ്ടായപ്രതിസന്ധികള്‍ക്കുശേഷം യുഎഇയില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോര്‍പ്പറേറ്റ് ബോണ്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ആഗോള തലത്തില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സാന്നിധ്യം ശക്തമാക്കുന്ന സുപ്രധാനമായ ഒരു അധ്യായത്തിനാണ് ലണ്ടന്‍ വിപണിയില്‍ തുടക്കമിട്ടിരിക്കുന്നതെന്ന് ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ആകെ 14,124 കോടി രൂപയുടെ സുക്കൂക് പ്രോഗ്രാമിന്റെ ഭാഗമായി 5 വര്‍ഷത്തെ കാലാവധിയിലാണ് ബോണ്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളായ എസ്ആന്‍ഡ്പി BB+' റേറ്റിങ്ങും മൂഡീസ് 'Ba2' റേറ്റിംഗും നല്‍കിയ ബോണ്ടിന്റെ യീല്‍ഡ് നിരക്ക് 7.125 ശതമാനമാണ്.
അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍ നിന്നുള്‍പ്പെടെ കമ്പനി ലക്ഷ്യമിട്ട തുകയുടെ 3.2 ഇരട്ടിയിലധികമായ 15,066 കോടി രൂപയുടെ നിക്ഷേപ താല്പര്യമാണ് ബോണ്ടിന് ലഭിച്ചത്. അപേക്ഷകള്‍ ലഭിച്ചതില്‍ 61 ശതമാനവും യുകെ (34%), യുഎസ് ഓഫ്‌ഷോര്‍ (24%), മറ്റ് ആഗോള വിപണികള്‍ (3%) എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നിക്ഷേപകരായിരുന്നു. ബാക്കി 39 ശതമാനം നിക്ഷേപം ജിസിസി മേഖലയില്‍ നിന്നുമാണ് ലഭിച്ചത്.
ലണ്ടന്‍ വിപണി വഴി ലഭ്യമാകുന്ന തുക കമ്പനിയുടെ നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനും ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കും. അത്യാധുനിക ചികിത്സാരീതികള്‍, മെഡിക്കല്‍ ഗവേഷണം, നിര്‍മിത ബുദ്ധി, സാങ്കേതികവിദ്യകളുടെ വികസനം എന്നിവയ്ക്കും ഇത് സഹായകരമാകും.
യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 20 ആശുപത്രികളും 41 മെഡിക്കല്‍ സെന്ററുകളും ഉള്‍പ്പെടെ 89 സ്ഥാപനങ്ങളാണ് ഡോ. ഷംഷീര്‍ വയലിലിന്റെ നേതൃത്വത്തിലുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ നിലവിലുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine