Markets

വിപ്രോ മുതല്‍ ഗാന്ധി സ്‌പെഷ്യല്‍ ട്യൂബ്‌സ് വരെ, തിരിച്ചു വാങ്ങുന്നത് ₹25,000 കോടിയുടെ ഓഹരികള്‍, ബൈബാക്ക് തരംഗത്തിന് പിന്നിലെ കാരണങ്ങള്‍ അറിയാം

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധന; ബ്ജറ്റിലെ നികുതി ഇളവുകളും ഐടി, ഓട്ടോമൊബൈല്‍ കമ്പനികളുടെ വന്‍ നിക്ഷേപങ്ങളും വിപണിക്ക് കരുത്താകുന്നു

Dhanam News Desk

ഓഹരി വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് ഷെയര്‍ ബൈബാക്ക് തരംഗം. നടപ്പ് വര്‍ഷം ഇതുവരെ 25,000 കോടി രൂപയുടെ ബൈബാക്ക് പ്രഖ്യാപനങ്ങളാണ് വിപണിയിലുണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഹരികള്‍ കമ്പനികള്‍ തന്നെ തിരികെ വാങ്ങുന്ന പ്രക്രിയയാണ് ബൈബാക്ക്.

2026-ല്‍ ഇതുവരെ 22 കമ്പനികളാണ് ഓഹരികള്‍ തിരികെ വാങ്ങാന്‍ തയാറായി മുന്നോട്ടുവന്നിട്ടുള്ളത്. ഇതില്‍ 10 കമ്പനികളും കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ആഗോള വിപണികളെ ഉലയ്ക്കുമ്പോഴും, കമ്പനികളുടെ കരുത്തുറ്റ ബാലന്‍സ് ഷീറ്റും നികുതി പരിഷ്‌കരണങ്ങളുമാണ് ഓഹരി ഉടമകള്‍ക്ക് മൂലധനം തിരികെ നല്‍കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍

വിപണിയിലെ മുന്‍വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വലിയ വര്‍ധനയാണ് ഈ വര്‍ഷം ദൃശ്യമാകുന്നത്. 2025-ല്‍ ആകെ 19,175 കോടി രൂപയുടെയും, 2024-ല്‍ 13,539 കോടി രൂപയുടെയും ബൈബാക്കുകളാണ് നടന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ്, അതായത് 2023-ല്‍ ഇത് 48,452.32 കോടി രൂപയായിരുന്നു.

മുന്‍പന്തിയില്‍ വിപ്രോയും ബജാജ് ഓട്ടോയും

ഐടി പ്രമുഖരായ വിപ്രോയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 കോടി രൂപയുടെ ഓഹരികളാണ് വിപ്രോ തിരികെ വാങ്ങുന്നത്. ഇതിനായുള്ള റെക്കോര്‍ഡ് തീയതി ജൂണ്‍ 5 ആയി കമ്പനി നിശ്ചയിച്ചിട്ടുണ്ട്.

പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ മാര്‍ച്ചില്‍ അവസാനിച്ച പാദഫലങ്ങള്‍ക്കൊപ്പം 5,633 കോടി രൂപയുടെ ഷെയര്‍ ബൈബാക്ക് പ്രഖ്യാപിച്ചിരുന്നു. ഫാര്‍മ കമ്പനിയായ സൈഡസ് ലൈഫ് സയന്‍സസ് 1,200 കോടി രൂപയുടെ ഓഫറാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. റോളക്‌സ് റിങ്‌സ്, ടീംലീസ് സര്‍വീസസ്, ധനുക അഗ്രിടെക്, കജാരിയ സെറാമിക്‌സ്, സൈബര്‍ടെക് സിസ്റ്റംസ്, സയന്റ്, ഗാന്ധി സ്‌പെഷ്യല്‍ ട്യൂബ്‌സ് തുടങ്ങിയ കമ്പനികളും ടെന്‍ഡര്‍ റൂട്ട് വഴി ഓഹരികള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങുന്ന പ്രമുഖരില്‍ പെടുന്നു.

ബൈബാക്ക് തരംഗത്തിന് പിന്നിലെ കാരണങ്ങള്‍

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അനുകൂലമായ നികുതി പരിഷ്‌കരണങ്ങളാണ് നിലവിലെ ഈ കുതിപ്പിന് പ്രധാന കാരണം. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ബൈബാക്ക് വിതരണങ്ങളെ വ്യക്തിഗത സ്ലാബ് നിരക്കില്‍ ഡിവിഡന്റ് വരുമാനമായി നികുതി ചുമത്തുന്നതിന് പകരം സ്റ്റാന്‍ഡേര്‍ഡ് കാപിറ്റല്‍ ഗെയിന്‍സ് നിയമങ്ങള്‍ക്ക് കീഴിലാണ് വിലയിരുത്തുന്നത്. ഇത് റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് വലിയ നികുതി ലാഭം സമ്മാനിക്കുന്നു.

വന്‍കിട കമ്പനികള്‍ക്ക് ലഭ്യമായ വന്‍തോതിലുള്ള ഫ്രീ ക്യാഷ് ഫ്േളായാണ് മറ്റൊരു കാരണം. ഐടി സേവനങ്ങള്‍, എഫ്എംസിജി തുടങ്ങിയ മേഖലകളിലെ വന്‍കിട കമ്പനികള്‍ക്ക് മികച്ച വരുമാനമുണ്ടെങ്കിലും പുതിയ നിക്ഷേപ അവസരങ്ങള്‍ കുറവാണ്. പണം കുറഞ്ഞ പലിശ ലഭിക്കുന്ന അസറ്റുകളില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലത് ഓഹരി ഉടമകള്‍ക്ക് ബൈബാക്ക് വഴി തിരികെ നല്‍കുന്നതാണെന്ന് മാനേജ്മെന്റുകള്‍ വിലയിരുത്തുന്നു.

ഭാവിയിലെ വളര്‍ച്ചാ സാധ്യതകളെ മുന്‍നിര്‍ത്തി കമ്പനിയുടെ ഓഹരി മൂല്യം വിപണിയില്‍ കുറവാണെന്ന് ബോധ്യപ്പെടുമ്പോഴാണ് മാനേജ്‌മെന്റുകള്‍ പ്രീമിയം വിലയില്‍ ബൈബാക്ക് പ്രഖ്യാപിക്കുന്നത്. ഇത് നിക്ഷേപകര്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT