Markets

കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് അടുത്ത ദീപാവലിക്ക് ഉണ്ടാവില്ല; പ്രാദേശിക ഓഹരി വിപണികളുടെ കാലം അവസാനിക്കുന്നു

117 വര്‍ഷത്തെ പ്രവര്‍ത്തനം ഇനി ചരിത്രം; 1908ല്‍ സ്ഥാപിച്ച കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് ശരിക്കു പറഞ്ഞാല്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രതിയോഗിയായി വളര്‍ന്നതാണ്

Dhanam News Desk

കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് ഇത് മിക്കവാറും അവസാനത്തെ ദീപാവലി. 117 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം ഈ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തിന് താഴു വീഴുകയാണ്.

നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തതിന് 2013 ഏപ്രിലില്‍ ഓഹരി വിപണി നിയന്ത്രകരായ സെബി ഇടപെട്ട് കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിനെതിരെ നിയമയുദ്ധം തന്നെ നടത്തി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ എക്‌സ്‌ചേഞ്ച് ശ്രമിച്ചതാണ്.

സെബിക്ക് എക്‌സിറ്റ് അപേക്ഷ നല്‍കി കാത്തിരിക്കുന്നു

2025 ഏപ്രില്‍ 25ന് നടന്ന ഓഹരിയുടമകളുടെ പൊതുയോഗം, സ്‌റ്റോക് എക്‌സ്‌ചേഞ്ച് ബിസിനസ് അവസാനിപ്പിക്കാന്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് സെബിക്ക് 'എക്‌സിറ്റ്' അപേക്ഷ നല്‍കി. സെബി അതിന് അംഗീകാരം നല്‍കിയാല്‍ നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും ബ്രോക്കിംഗ് ബിസിനസ് നടത്തുന്ന സി.എസ്.ഇ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹോള്‍ഡിംഗ് കമ്പനി മാത്രമായി കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് തുടരും.

1908ല്‍ സ്ഥാപിച്ച കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് ശരിക്കു പറഞ്ഞാല്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്രതിയോഗിയായി വളര്‍ന്നതാണ്. കേതന്‍ പരേഖ് കുംഭകോണത്തിനു ശേഷമാണ് തകര്‍ച്ചയുടെ തുടക്കം. 2000-മാണ്ട് കഴിഞ്ഞതോടെ ട്രേഡിംഗ് പ്രവര്‍ത്തനം കുറഞ്ഞു വന്നു. അങ്ങനെയാണ് ചട്ടലംഘനങ്ങളുടെ പേരില്‍ 2013 ആയപ്പോള്‍ സെബി പ്രവര്‍ത്തനം സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാര്‍ക്ക് വി.ആര്‍.എസ്

സുപ്രീംകോടതിയിലും കൊല്‍ക്കത്ത ഹൈക്കോടതിയിലുമുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ സി.എസ്.ഇ ബോര്‍ഡ് തീരുമാനിച്ചു. സ്വമേധയാ എക്‌സിറ്റിന് തീരുമാനിച്ചു. ഫെബ്രുവരി 18ന് സെബിയുടെ ഔപചാരിക അംഗീകാരത്തിന് അപേക്ഷ നല്‍കി.

പുനഃസംഘടനയുടെ ഭാഗമായി എല്ലാ ജീവനക്കാര്‍ക്കുമായി സ്വയം വിരമിക്കല്‍ പദ്ധതി ആരംഭിച്ചു. എല്ലാവര്‍ക്കുമായി 21 കോടിയോളം രൂപ നല്‍കുന്നതാണ് വി.ആര്‍.എസ്. പ്രതിവര്‍ഷം 10 കോടി രൂപ ഇതുവഴി ലാഭിക്കാന്‍ കഴിയും. ജീവനക്കാര്‍ ഈ വാഗ്ദാനം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

കൊല്‍ക്കത്ത സ്‌റ്റോക് എക്‌സ്‌ചേഞ്ച് പൂട്ടുന്നതോടെ ഇന്ത്യയിലെ പ്രാദേശിക ഓഹരി വിപണികളുടെ കാലം അവസാനിക്കുക കൂടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT