പ്രതീകാത്മക ചിത്രം Image Source: anthropic.com\Canva
Markets

സുരക്ഷയോ ലാഭമോ? റിസ്കുകളും അപകട സാധ്യതകളും ചൂണ്ടിക്കാട്ടിയുള്ള ആന്ത്രോപിക്കിന്റെ ഐ.പി.ഒ പരീക്ഷണം വിജയിക്കുമോ?

ആന്ത്രോപിക്കിന്റെ ഐ.പി.ഒ പ്രോസ്പെക്ടസ്, എഐയുടെ സാധ്യതകൾക്കൊപ്പം സുരക്ഷാ അപകടങ്ങളും വൻ ഇൻഫ്രാസ്ട്രക്ചർ ചെലവുകളും ഉപഭോക്തൃ ആശ്രയത്വവും തുറന്നുകാട്ടുന്നു

Dhanam News Desk

ആന്ത്രോപിക് ഐ.പി.ഒയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ കോൺഫിഡൻഷ്യൽ പ്രോസ്പെക്ടസ് സുരക്ഷാ ഭീഷണികളെ തുറന്നുപറയുന്ന അപൂർവ രേഖയായി മാറുന്നു. ഭാവിയിലെ എ.ഐ മോഡലുകൾ മനുഷ്യരാശിക്ക് 10 ശതമാനത്തിലധികം നിലനിൽപ്പു ഭീഷണി സൃഷ്ടിക്കാമെന്ന മുന്നറിയിപ്പും സ്വയം പ്രതിരോധ സ്വഭാവം, നിരീക്ഷണങ്ങളെ മറികടക്കൽ തുടങ്ങിയ അപകടസാധ്യതകളും വിശദമായി ചൂണ്ടിക്കാട്ടുന്നു. ലാഭ സമ്മർദ്ദത്തെ ചെറുക്കാൻ പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ ഘടനയും പ്രത്യേക വോട്ടവകാശ ക്രമവും കമ്പനി സ്വീകരിക്കുന്നു.

വ്യവസായവൽക്കരണത്തെയും ഇന്റർനെറ്റിനെയും മറികടക്കുന്ന സാമ്പത്തിക മുന്നേറ്റം കൊണ്ടുവരാൻ ശേഷിയുള്ളതാണ് തങ്ങളുടെ നിർമിതബുദ്ധി (AI) സാങ്കേതികവിദ്യയെന്ന് അവകാശപ്പെടുമ്പോഴും, ഇത് മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന അസാധാരണ മുന്നറിയിപ്പുമായാണ് യു.എസിലെ പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് (Anthropic) ഐ.പി.ഒയ്ക്ക് (IPO) ഒരുങ്ങുന്നത്. രണ്ട് ട്രില്യൺ ഡോളറിലധികം (ഏകദേശം 192 ലക്ഷം കോടി രൂപ) വിപണി മൂല്യം അവകാശപ്പെടുന്ന കമ്പനിയുടെ കോൺഫിഡൻഷ്യൽ പ്രോസ്പെക്ടസിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ, സുരക്ഷാ മാനദണ്ഡങ്ങളും വിപണിയിലെ കിടമത്സരവും തമ്മിലുള്ള പ്രകടമായ വൈരുദ്ധ്യവും അതിൽ വെളിപ്പെടുന്നു.

അസാധാരണ സുരക്ഷാ മുന്നറിയിപ്പുകൾ

സാധാരണയായി കമ്പനികൾ നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് സാധ്യതകൾ എടുത്തുപറയുമ്പോൾ, തങ്ങളുടെ ഉൽപ്പന്നം ഉണ്ടാക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾക്കാണ് ആന്ത്രോപിക് മുൻഗണന നൽകിയിരിക്കുന്നത്. 261 പേജുള്ള പ്രോസ്പെക്ടസിന്റെ മൂന്നിലൊന്ന് ഭാഗവും (ഏകദേശം 80 പേജ്) റിസ്ക് ഘടകങ്ങൾ വിവരിക്കാനാണ് നീക്കിവെച്ചിട്ടുള്ളത്:

  • മോഡലുകളുടെ സ്വഭാവം: ഭാവിയിലെ അത്യാധുനിക മോഡലുകൾ ഷട്ട്ഡൗൺ ചെയ്യാനുള്ള ശ്രമങ്ങളെ ചെറുക്കുക, വിവരങ്ങൾ മറച്ചുവെക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുക, ബ്ലാക്ക്മെയിലിംഗിന് സമാനമായ രീതികളിൽ പ്രവർത്തിക്കുക തുടങ്ങിയ സ്വയം പ്രതിരോധ സ്വഭാവങ്ങൾ കാണിച്ചേക്കാം.

  • അതിജീവന ഭീഷണി: പത്ത് വർഷത്തിനുള്ളിൽ എ.ഐ മനുഷ്യരാശിയെ ഇല്ലാതാക്കാൻ 10 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന സുരക്ഷാ ഗവേഷകൻ ഇവാൻ ഹുബിംഗറുടെ അനുമാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • നിരീക്ഷണങ്ങളെ മറികടക്കൽ: നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സ്വഭാവത്തിൽ മാറ്റം വരുത്താൻ അത്യാധുനിക സിസ്റ്റങ്ങൾക്ക് സാധിച്ചേക്കും.

വിപണി സമ്മർദ്ദം പ്രതിരോധിക്കാൻ പ്രത്യേക ഘടന

ഹ്രസ്വകാല ലാഭലക്ഷ്യങ്ങൾ സുരക്ഷാ നയങ്ങളെ മറികടക്കാതിരിക്കാൻ 'പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ' (PBC) പദവിയാണ് ആന്ത്രോപിക് സ്വീകരിച്ചിരിക്കുന്നത്. സി.ഇ.ഒ ഡാരിയോ അമോദെ ഉൾപ്പെടെയുള്ള ഏഴ് സ്ഥാപകർ നിയന്ത്രിക്കുന്ന 'ഫൗണ്ടർ എൽ.എൽ.സി'ക്ക് ഒരു 'ക്ലാസ് എഫ്' ഓഹരി വഴി പ്രധാന വിഷയങ്ങളിൽ 50.1 ശതമാനം വോട്ടവകാശം ഉണ്ടായിരിക്കും.

കമ്പനിയുടെ സുരക്ഷാ മുൻകരുതലുകൾ ഓഹരി ഉടമകളുടെ സാമ്പത്തിക താല്പര്യങ്ങൾക്ക് വിരുദ്ധമായേക്കാമെന്ന് പ്രോസ്പെക്ടസ് തുറന്നുസമ്മതിക്കുന്നുണ്ട്. ഇമേജ്, വീഡിയോ ജനറേഷൻ ടൂളുകളുടെ വികസനം ഒഴിവാക്കാനും, ഉയർന്ന ശേഷിയുള്ള ചില മോഡലുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കമ്പനിയെ പ്രാപ്തമാക്കുന്നത് ഭരണഘടനയിലെ ഈ പ്രത്യേക വ്യവസ്ഥകളാണ്.

സാമ്പത്തിക യാഥാർത്ഥ്യങ്ങളും ചെലവുകളും

വൻ സാമ്പത്തിക വളർച്ചയും ഒപ്പം കനത്ത പ്രവർത്തന നഷ്ടവുമാണ് ആന്ത്രോപിക് നേരിടുന്നത്:

  • വരുമാനവും നഷ്ടവും: 2025-ൽ കമ്പനിയുടെ വരുമാനം 12 മടങ്ങ് വർധിച്ച് 460 കോടി ഡോളറിലെത്തി. എന്നാൽ പ്രവർത്തന നഷ്ടം 800 കോടി ഡോളർ കവിഞ്ഞു (മൂല്യനിർണയ കണക്കുകൾ ഉൾപ്പെടെ മൊത്തം നഷ്ടം 4,200 കോടി ഡോളർ).

  • കമ്പ്യൂട്ടിംഗ് ചെലവുകൾ: ഇൻഫ്രാസ്ട്രക്ചർ ചെലവുകൾ മാത്രം കഴിഞ്ഞ വർഷം 733 കോടി ഡോളറിലെത്തി. ഭാവിയിലെ ക്ലൗഡ്, ഇൻഫ്രാസ്ട്രക്ചർ ബാധ്യതകൾക്കായി 51,800 കോടി ഡോളറിന്റെ പ്രതിബദ്ധതയാണുള്ളത്.

  • ഉപഭോക്തൃ ആശ്രയത്വം: മൊത്തം വരുമാനത്തിന്റെ നാലിലൊന്ന് ലഭിക്കുന്നത് ദീർഘകാല കരാറുകളില്ലാത്ത രണ്ട് പ്രധാന ക്ലയന്റുകളിൽ നിന്നാണ്.

പൊതുവിപണി നൽകുന്ന പരീക്ഷണം

വിപണിയിലെ മറ്റ് എതിരാളികളായ ഓപ്പൺഎ.ഐ (OpenAI) പോലുള്ള സ്ഥാപനങ്ങളോട് മത്സരിക്കാൻ തുടർച്ചയായി പുതിയ മോഡലുകൾ പുറത്തിറക്കാൻ ആന്ത്രോപിക് നിർബന്ധിതമാകുന്നുണ്ട്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ ഓരോ സാമ്പത്തിക പാദത്തിലെയും പ്രവർത്തന ഫലങ്ങളും ഓഹരി ഉടമകളുടെ സമ്മർദ്ദവും കമ്പനിയുടെ സുരക്ഷാ തത്ത്വങ്ങളെ ഏത് വിധത്തിൽ ബാധിക്കുമെന്നതാണ് നിലവിലുള്ള ഏറ്റവും നിർണായകമായ ചോദ്യം.

സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ തുറന്നുപറഞ്ഞുകൊണ്ട് പൊതുവിപണിയിൽ നിന്ന് വൻതോതിൽ മൂലധനം സമാഹരിക്കാമെന്ന ആന്ത്രോപിക്കിന്റെ തന്ത്രം നിക്ഷേപകർ എങ്ങനെ സ്വീകരിക്കുമെന്നത് എ.ഐ വിപണിയുടെ ഭാവിയിലും നിർണായകമാകും.

ആന്ത്രോപിക്കിന്റെ വളർച്ച പടവുകൾ

സഹോദരങ്ങളായ ഡാരിയോ, ഡാനിയേല അമോഡി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ആന്ത്രോപിക്, 2021-22 കാലയളവിൽ 70 കോടി ഡോളറിലധികം സമാഹരിച്ചാണ് വളർച്ചയുടെ പാതയിലേക്ക് കടന്നത്. 2023-ൽ 'ക്ലോഡ്' (Claude) ചാറ്റ്‌ബോട്ട് പുറത്തിറക്കിയ കമ്പനിക്ക് പിന്നാലെ ഗൂഗിളും ആമസോണും ചേർന്ന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തത്.

ക്ലോഡ് 3, ക്ലോഡ് 4.5 മോഡലുകളുടെ വരവോടെ കമ്പനിയുടെ വിപണി മൂല്യം കുതിച്ചുയർന്നു. 2025 മാർച്ചിൽ 6,150 കോടി ഡോളറായിരുന്ന മൂല്യം, 2026 മേയ് മാസമായപ്പോഴേക്കും 96,500 കോടി ഡോളറിലെത്തി. പരിശീലന ഡാറ്റയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും സൈനിക ആവശ്യങ്ങൾക്കായുള്ള എ.ഐ ഉപയോഗത്തിൽ യു.എസ് സർക്കാരുമായുണ്ടായ തർക്കങ്ങളും നിലനിൽക്കെത്തന്നെ കമ്പനി അതിവേഗത്തിലുള്ള വരുമാന വളർച്ചയാണ് കൈവരിച്ചത്.

ഒടുവിൽ, ഓപ്പൺഎ.ഐയെ പിന്തള്ളി പൊതു വിപണിയിലെത്തുന്ന ആദ്യ ഫ്രോണ്ടിയർ എ.ഐ ലാബ് ആകാനുള്ള ലക്ഷ്യത്തോടെ 2026 ജൂൺ 1-ന് ആന്ത്രോപിക് ഐ.പി.ഒയ്ക്കുള്ള കോൺഫിഡൻഷ്യൽ പ്രോസ്പെക്ടസ് യു.എസ് വിപണി നിയന്ത്രണ ഏജൻസിക്ക് മുമ്പാകെ സമർപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT