2026-2027 സാമ്പത്തിക വർഷം (FY27) ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തുറ്റ തുടക്കമാണ് ലഭിച്ചത്, ഏപ്രിലിൽ ഇതുവരെ നിഫ്റ്റി 50 7 ശതമാനത്തിലധികം ഉയർന്നു. അതേസമയം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിർത്തുന്നുണ്ട്. യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം, പ്രധാന സൂചികകൾ 10 ശതമാനത്തിലധികം തിരുത്തലാണ് വരുത്തിയത്. ഇത് ഓഹരികളുടെ മൂല്യനിർണയങ്ങളെ താരതമ്യേന ആകർഷകമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ മേഖലകളെക്കുറിച്ച് നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് (HDFC Securities).
ഈ സാമ്പത്തിക വർഷത്തിൽ സിമന്റ് കമ്പനികൾ ഉൽപ്പാദന ശേഷി (Capacity addition) വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ വിൽപനയിൽ അതിനനുസരിച്ചുള്ള വളർച്ച (Volume growth) ഉണ്ടാകാൻ സാധ്യതയില്ലെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. ഇത് കമ്പനികളുടെ ലാഭക്ഷമതയെയും ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള കഴിവിനെയും ദോഷകരമായി ബാധിച്ചേക്കാം.
യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെടുന്നത് ക്രൂഡ് ഓയിൽ വില വർദ്ധിക്കാൻ കാരണമാകും. ഇത് പെയിന്റ്, ടയർ, സിമന്റ് തുടങ്ങിയ പെട്രോളിയം ഉപൽപ്പന്നങ്ങളെ ആശ്രയിക്കുന്ന കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കാം. ഈ മേഖലയിലെ നിക്ഷേപങ്ങളിൽ ജാഗ്രത വേണമെന്നാണ് പൊതുവെ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ബാങ്കിംഗ് (BFSI), ഐടി, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ (Consumer Staples), കെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ എന്നീ മേഖലകളിൽ എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് 'ന്യൂട്രൽ' നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഐടി മേഖലയിൽ ഉപഭോക്താക്കളുടെ കുറഞ്ഞ ചെലവിടലും കെമിക്കൽ മേഖലയിൽ ചൈനയിൽ നിന്നുള്ള ശക്തമായ മത്സരവും വെല്ലുവിളിയായി തുടരുന്നു. ഫാർമ മേഖലയിൽ അമേരിക്കൻ വിപണിയിലെ വില കുറയ്ക്കാനുള്ള സമ്മർദം തിരിച്ചടിയാകാൻ സാധ്യതയുണ്ട്. ബാങ്കിംഗ് മേഖലയിൽ വലിയ ബാങ്കുകൾ സുരക്ഷിതമാണെങ്കിലും വായ്പാ വളർച്ച കുറയാനുള്ള സാധ്യതകള്‍ ഉണ്ട്. അതേസമയം വ്യാവസായിക & അടിസ്ഥാന സൗകര്യങ്ങൾ, റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിൽ ബ്രോക്കറേജ് പോസിറ്റീവ് വീക്ഷണമാണ് പ്രകടിപ്പിക്കുന്നത്.
അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം (Inflation) സാധാരണക്കാരുടെ വാങ്ങൽ ശേഷിയെ ബാധിക്കാം. എങ്കിലും മുൻനിര എഫ്.എം.സി.ജി (FMCG) കമ്പനികൾക്ക് വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകുമെന്ന വിലയിരുത്തലുകളും ചില അനലിസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരികൾ ഈ വർഷം നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണ്.
നിലവിലെ വിപണി സാഹചര്യത്തിൽ GARP (Growth at a Reasonable Price) എന്ന തന്ത്രം സ്വീകരിക്കാനാണ് എച്ച്.ഡി.എഫ്.സി നിർദേശിക്കുന്നത്. സൂചികയുടെ ചലനങ്ങളെ മാത്രം നോക്കാതെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശേഷിയുള്ള പ്രത്യേക ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരമാകും. അമിത വിലയുള്ള ഓഹരികളും ഊഹക്കച്ചവട കുമിളകളും (Speculative bubbles) ഒഴിവാക്കി, ന്യായമായ വിലയിൽ വളർച്ചാ സാധ്യതയുള്ള ഓഹരികൾ കണ്ടെത്താൻ നിക്ഷേപകർ ശ്രദ്ധിക്കണം.
നിക്ഷേപകർ ശ്രദ്ധിക്കാൻ:
SIP തുടരുക: വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകൾ ലഭിക്കുമെന്നതിനാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (SIP) നിർത്താതിരിക്കുക.
ലിക്വിഡ് ഫണ്ട്: പെട്ടെന്നുണ്ടാകുന്ന അവസരങ്ങൾ മുതലാക്കാൻ നിക്ഷേപത്തിന്റെ ഒരു ഭാഗം ലിക്വിഡ് ഫണ്ടുകളിലോ സേവിങ്സ് അക്കൗണ്ടിലോ സൂക്ഷിക്കുക.
കടബാധ്യതയുള്ള കമ്പനികൾ: പലിശനിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വലിയ കടബാധ്യതയുള്ള (Debt) കമ്പനികളിൽ നിന്നുള്ള നിക്ഷേപം ഒഴിവാക്കുന്നതാണ് ഉചിതം.
Read DhanamOnline in English
Subscribe to Dhanam Magazine