Trump and Iran Image courtesy: Canva
Markets

ഇറാൻ യു.എസ് സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ? ക്രൂഡോയിൽ വിപണി തിളച്ചുമറിയുമോ?

യു.എസ്–ഇറാൻ സംഘർഷം രൂക്ഷമായാൽ ഹോർമുസ് കടലിടുക്ക് വഴി എണ്ണവിതരണം തടസ്സപ്പെടാം. നിയന്ത്രിത ആക്രമണമോ യുദ്ധവ്യാപനമോ അനുസരിച്ച് ക്രൂഡോയിൽ വിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടം എത്രത്തോളമാകുമെന്ന് നോക്കാം.

Dhanam News Desk

ആണവപദ്ധതികളുടെ പേരിൽ ഇറാനും യു.എസും തമ്മിലുള്ള സംഘർഷം വഷളാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. സംഘർഷം മൂർച്ഛിച്ചപ്പോൾ തന്നെ ആ​ഗോള ക്രൂഡോയിൽ വിപണിയും ചൂടുപിടിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ യു.എസ് - ഇറാൻ സംഘർഷമുണ്ടായാൽ ക്രൂഡോയിൽ വിപണി വിലയിൽ സംഭവിക്കാവുന്ന മൂന്ന് സാഹചര്യങ്ങൾ വിശദമായി നോക്കാം.

വിലക്കയറ്റത്തെ സ്വാധീനിക്കുന്ന ഘടകം

ഇറാനെതിരേ സൈനിക നടപടിയിലേക്ക് യു.എസ് കടന്നേക്കുമെന്ന പ്രതീതിയുയരുന്ന പശ്ചാത്തലത്തിൽ, ഈയാഴ്ച ക്രൂഡോയിൽ വിലയിൽ 5 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. സമുദ്രം വഴിയുള്ള ആ​ഗോള ക്രൂഡോയിൽ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് കൂടി സംഘർഷത്തിന് വേദിയാകുമോ എന്നതാണ് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നത്. പ്രതിദിനം 1.4 കോടി ബാരൽ ക്രൂഡോയിലാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ഇതിന്റെ മുക്കാൽപങ്കും ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.

ഇറാന്റെ റെവലൂഷനറി ​ഗാർഡുകൾക്ക് സൈനിക പരിശീലനം നടത്തുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഏതാനും മണിക്കൂറുകൾ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. യു.എസിന്റെ ഭാ​ഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ വ്യാപാരം തടസ്സപ്പെടുത്തുമെന്ന ധ്വനിയുള്ള പ്രസ്താവനകൾ ഇതിനകം ഇറാന്റെ നേതൃത്വത്തിൽ വന്നിട്ടുള്ളതായി വിപണി നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും മോശം സാഹചര്യമെന്ത്?

യെമനിലെ ഹൂതി വിമതർക്കെതിരേ 52 ദിവസത്തെ വ്യോമാക്രമണം നടത്തിയതിനെതിരേ ചെങ്കടൽ വഴിയുള്ള സമുദ്ര​ഗതാ​ഗതം മിസൈൽ പ്രത്യാക്രമണത്തിലൂടെ തടസ്സപ്പെടുത്തിയിരുന്നു. ഹൂതി വിമതരേക്കാളും മികച്ച സൈനിക ശേഷിയും തന്ത്രപ്രാധാനമായ തീരപ്രദേശങ്ങളും ഇറാന് സ്വന്തമാണ്. അതിനാൽ ഹ്രസ്വദൂര മിസൈലുകളുടേയും മൈനുകളുടേയും വൻ ശേഖരമുള്ള ഇറാന്, തങ്ങളോട് തൊട്ടുചേർന്നു കിടക്കുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ചരക്ക് നീക്കം തടസ്സപ്പെടുത്തുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് പൊതുവേയുള്ള നി​ഗമനം.

ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ തന്നെ ക്രൂഡോയിൽ വില ബാരലിന് 10 മുതൽ 15 ഡോളർ വരെ ഉയർന്നേക്കാം എന്നാണ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. അതേസമയം യുദ്ധം വഷളാകുകയും ഹോർമുസ് കടലിടുക്കിലെ സ്ഥിതി നിയന്ത്രണാതീതവുമായാൽ ക്രൂഡോയിൽ വില 100 ഡോളർ മറികടന്നേക്കാം എന്നും അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

നിയന്ത്രിത ആക്രമണം

പ്രാദേശികമായ സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാതെ തന്നെ ഇറാനെ സമ്മർദത്തിലാക്കാൻ നിരവധി വഴികൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നിലുണ്ട്. ഇറാന്റെ എണ്ണ ഉത്പാദന കേന്ദ്രങ്ങളേയും കയറ്റുമതി സംവിധാനങ്ങളേയും ഒഴിവാക്കിക്കൊണ്ട് മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിൽ നടത്താവുന്ന സർജിക്കൽ സ്ട്രൈക്കിനുള്ള സാധ്യത പൊതുവേ വിലയിരുത്തപ്പെടുന്നു.

അങ്ങനെ നിയന്ത്രിത ആക്രമണമാണ് യു.എസ് നടത്തുന്നതെങ്കിൽ ക്രൂഡോയിൽ വിപണി തിളച്ചുമറിയില്ല എന്നാണ് കരുതപ്പെടുന്നത്. പക്ഷേ സംഘർഷം കാരണം ഇറാനിൽ നിന്നും ദിവസേനയുള്ള 10 ലക്ഷം ബാരലിന്റെ ക്രൂഡോയിൽ കയറ്റുമതി തടസ്സപ്പെട്ടാൽ, വിതരണത്തിലുണ്ടാകുന്ന കുറവുകൊണ്ട് മാത്രം ആ​ഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ 8 ഡോളർ വരെ വർധനയുണ്ടാകാമെന്നും അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT