image credit : canva 
Markets

3 അനുകൂല ഘടകങ്ങൾ; വിപണിയിൽ ആവേശക്കുതിപ്പ് തുടരുന്നു; എല്ലാ സെക്ടറും നേട്ടത്തിൽ; നാളെ വിപണിക്ക് അവധി

രണ്ട് ദിവസം കൊണ്ട്, നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റ് (+3.56%) നേട്ടവും സെൻസെക്സിൽ ഏകദേശം 2,600 പോയിന്റ് (+3.54%) വർധനയും രേഖപ്പെടുത്തി.

Dhanam News Desk

തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. ബുധനാഴ്ചത്തെ (2026 മാർച്ച് 25) വ്യാപാരത്തിനൊടുവിൽ പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ എൻ.എസ്.ഇ. നിഫ്റ്റിയും ബി.എസ്.ഇ. സെൻസെക്സും ഒന്നര ശതമാനത്തിലേറെ വീതം നേട്ടം സ്വന്തമാക്കി. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ എട്ട് ലക്ഷം കോടിയിലധികം രൂപയുടെ വർധന ഇന്ന് രേഖപ്പെടുത്തി. എല്ലാ ഓ​ഹരി വിഭാ​ഗങ്ങളും നേട്ടത്തിലാണ് വ്യാപാരം പൂ‌ർത്തിയാക്കിയത്.

നിഫ്റ്റി സൂചിക 394 പോയിന്റ് (+1.72%) വർധനയോടെ 23,306ലും സെൻസെക്സ് സൂചിക 1205 പോയിന്റ് (+1.63%) കുതിച്ചുയർന്ന് 75,273 നിലവാരത്തിലും ഇന്ന് ക്ലോസിങ് കുറിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട്, നിഫ്റ്റിയിൽ ഏകദേശം 800 പോയിന്റ് (+3.56%) നേട്ടവും സെൻസെക്സിൽ ഏകദേശം 2,600 പോയിന്റ് (+3.54%) വർധനയും രേഖപ്പെടുത്തി.

വിശാല വിപണിയും പോസിറ്റീവ്

പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകൾക്ക് പുറമെ വിശാല വിപണിയിലും (ബ്രോഡർ മാർക്കറ്റ്) കുതിപ്പിന് ശ്രമിക്കുന്ന ബുള്ളുകളുടെ (Bulls) ആധിപത്യം ഇന്നത്തെ വ്യാപാരത്തിൽ തെളിഞ്ഞുകാണാം. എൻ.എസ്.ഇ.യിൽ 3,368 ഓഹരികളാണ് ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 2,426 എണ്ണം നേട്ടത്തിൽ ക്ലോസിങ് കുറിച്ചു. 855 ഓഹരികൾ നഷ്ടം നേരിട്ടു. 87 ഓഹരികൾക്ക് വിപണി വിലയിൽ മാറ്റമൊന്നും ഇന്ന് രേഖപ്പെടുത്താനായില്ല. ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ 22 ഓഹരികൾ ഒരു വർഷത്തെ ഉയർന്ന നിലവാരം തിരുത്തിക്കുറിച്ചു. വിൽക്കാനാരും തയ്യാറാകാത്തതിനാൽ 109 ഓഹരികൾ ഇന്ന് അപ്പർ സർക്യൂട്ട് നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 2.30 ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 2.59 ശതമാനവും നേട്ടം കരസ്ഥമാക്കി. വിപണിയിലെ ഭയത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് (VIX) സൂചിക 24.64ൽ ക്ലോസ് ചെയ്തു. താരതമ്യേന ഉയർന്ന നിലവാരമായതിനാൽ അടുത്ത നീക്കങ്ങളും ശ്രദ്ധിക്കേണ്ടതാകുന്നു. അതേസമയം എൻ.എസ്.ഇ.യുടെ പ്രധാനപ്പെട്ട എല്ലാ സെക്ടറൽ സൂചികകളും (Sectoral Indices) ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇതിൽ നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 3.5 ശതമാനത്തിലേറെയും നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നിവ 2 ശതമാനത്തിലേറെയും വീതം വർധന കരസ്ഥമാക്കി.

ഇന്ന് എന്തുകൊണ്ട് മുന്നേറ്റം?

നേട്ടത്തോടെ ആരംഭിച്ച വ്യാപാരം ഇന്ന് ഒരുഘട്ടത്തിലും താഴേക്ക് പോയില്ല. ഓപ്പണിങ്ങിൽ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരം കുറിച്ച ശേഷം കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറുകയായിരുന്നു. ഉച്ചയോടെ ഇന്നത്തെ ഉയർന്ന നിലവാരം രേഖപ്പെടുത്തിയശേഷം അൽപ്പം പിൻവലിഞ്ഞെങ്കിലും നേട്ടത്തിന്റെ ഏറിയപങ്കും അവസാനം വരെയും നിലനിർത്തി. പ്രധാനമായും മൂന്ന് അനുകൂലഘടകങ്ങളുടെ പ്രഭാവമാണ് ഇന്ത്യൻ വിപണിയെ ഇന്ന് നേട്ടത്തിലേക്ക് നയിച്ചത്.

  • യു.എസും ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷ സജീവമായത്. ഇരുപക്ഷവും മധ്യസ്ഥ‌ർ വഴി നടത്തുന്ന സമാധാന നീക്കങ്ങൾ ഫലം കണ്ടേക്കുമെന്ന റിപ്പോർട്ടുകൾ വിപണിയെ ​ഗുണപരമായി സ്വാധീനിച്ചു.

  • രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 100 ഡോളർ നിലവാരത്തിനും താഴേക്ക് എത്തിയത്. ക്രൂഡോയിൽ വില താഴുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും പണപ്പെരുപ്പ ഭീഷണി അകറ്റുകയും ചെയ്യുന്നു.

  • ഏഷ്യൻ വിപണികളിലെ മുന്നേറ്റം ഇന്ത്യൻ വിപണിയേയും നേട്ടത്തോടെ വ്യാപാരം തുടങ്ങാൻ സഹായിച്ചു.

വിപണിക്ക് വ്യാഴാഴ്ച അവധി

ഇന്ത്യൻ ഓഹരി വിപണി വ്യാഴാഴ്ച (2026 മാർച്ച് 26) പ്രവർത്തിക്കുകയില്ല. ശ്രീരാമ നവമി പ്രമാണിച്ചാണ് ഓഹരി വ്യാപാരത്തിന് അവധി നൽകിയിരിക്കുന്നത്. എൻ.എസ്.ഇ, ബി.എസ്.ഇ ഉൾപ്പെടെ പ്രധാനപ്പെട്ട ​സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എല്ലാം വ്യാഴാഴ്ച അവധിയായിരിക്കും. ഇനി വെള്ളിയാഴ്ച (മാർച്ച് 27) ആയിരിക്കും ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT