canva
Markets

പൊതുമേഖല ബാങ്ക് ഓഹരികളിൽ വൻ മുന്നേറ്റം; എച്ച്.ഡി.എഫ്.സി ബാങ്കിലെ രാജി വിവാദവും തുണയേകുന്നോ?

സമീപകാലത്ത് പൊതുമേഖല ബാങ്കിം​ഗ് സ്ഥാപനങ്ങൾ പുറത്തെടുക്കുന്ന മികച്ച പ്രകടനവും ഓഹരികൾ ആകർഷകമായ നിലവാരത്തിൽ ലഭ്യമാണെന്നതും നേട്ടത്തിലേക്ക് നയിക്കുന്നു. പ്രധാനമായും അഞ്ച് അനുകൂല ഘടകങ്ങളാണ് വിപണിയിൽ പൊതുമേഖല ബാങ്ക് ഓഹരികളുടെ തിളക്കമേറ്റുന്നത്.

Dhanam News Desk

സ്വകാര്യ മേഖല ബാങ്കുകളുടെ ഓഹരികളെ മറികടന്ന് പൊതുമേഖല (പി.എസ്.യു) ബാങ്ക് ഓഹരികളിൽ വീണ്ടും ശക്തമായ മുന്നേറ്റം. വെള്ളിയാഴ്ചത്തെ (2026 മാർച്ച് 20) വ്യാപാരത്തിനിടെ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക 4 ശതമാനം വരെ മുന്നേറ്റം കുറിച്ചു. ഇതിന്റെ ഭാ​ഗമായ 12 ഓഹരികളും ഇന്ന് നേട്ടത്തിലാണ്. ഒന്ന് മുതൽ അഞ്ച് ശതമാനം വരെ നേട്ടം പൊതുമേഖല ബാങ്ക് ഓഹരികളിൽ രേഖപ്പെടുത്തി.

എസ്.ബി.ഐ ഓഹരി 3 ശതമാനം ഉയർന്നു. കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ 4 ശതമാനം നേട്ടം കരസ്ഥമാക്കി. ബാങ്ക് ഓഫ് ഇന്ത്യ, മഹാരാഷ്ട്ര ബാങ്ക് എന്നിവ 5 ശതമാനം വർധനയും കുറിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിം​ഗ് സ്ഥാപനമായ എച്ച്.ഡി‌.എഫ്.സി ബാങ്കിന്റെ പാർട്ട്-ടൈം ചെയർമാൻ അതനു ചക്രവർത്തിയുടെ അപ്രതീക്ഷിത രാജിയുടെ പിന്നാലെയാണ് പൊതുമേഖല ബാങ്ക് ഓഹരികളിലെ ശക്തമായ മുന്നേറ്റം എന്നതും ശ്രദ്ധേയം. ഇന്ത്യൻ വിപണി ഇന്ന് മികച്ച നേട്ടത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും സ്വകാര്യ ബാങ്ക് ഓഹരികളിൽ ഉണർവ് പ്രകടമായിട്ടില്ല. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി ഇന്നും ഇടിവ് നേരിട്ടു. രണ്ട് ശതമാനം നഷ്ടത്തോടെ 780 രൂപ നിലവാരത്തിലേക്ക് താഴ്ന്നു.

മിന്നുന്ന പ്രകടനം

എൻ.എസ്.ഇയിൽ ലി​സ്റ്റ് ചെയ്തിട്ടുള്ള പൊതുമേഖല ബാങ്ക് വിഭാ​ഗം ഓഹരി സൂചികയായ നിഫ്റ്റി പി.എസ്.യു ബാങ്ക്, ആഭ്യന്തര വിപണിയിൽ തിരിച്ചടി നേരിട്ട കഴിഞ്ഞ ഒരു മാസക്കാലം മാറ്റിനിർത്തിയാൽ സമീപ കാലത്ത് ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എൻ.എസ്.ഇയുടെ സ്വകാര്യ ബാങ്ക് വിഭാ​​ഗം ഓഹരി സൂചികയായ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇതേകാലയളവിൽ തീർത്തും നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.‌ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക അരശതമാനത്തോളം നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക ഒന്നേകാൽ ശതമാനം നേട്ടം കരസ്ഥമാക്കി.

അതുപോലെ ഒരു മാസത്തെ തിരിച്ചടിയിൽ താരതമ്യേന പരിക്ക് കുറവ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയ്ക്ക് തന്നെയാണ്. ഈ നഷ്ടമുണ്ടായിട്ടും ഈ വർഷം ഇതുവരെയുള്ള കാലയളവിലെ പ്രകടനം നേട്ടത്തിലാണെന്നതും ശ്രദ്ധേയം. ആറ് മാസക്കാലയളവിൽ 16.5 ശതമാനവും ഒരു വർഷത്തിനിടെ 42.5 ശതമാനം വീതവും നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ആകട്ടെ ആറ് മാസത്തിനിടെ 6 ശതമാനം നഷ്ടവും ഒരു വർഷക്കാലയളവിൽ രണ്ട് ശതമാനം മാത്രം നേട്ടവുമാണ് കുറിച്ചിരിക്കുന്നത്.

പി.എസ്.യു ബാങ്ക് നേട്ടത്തിന് പിന്നിൽ

സമീപകാലത്ത് പൊതുമേഖല ബാങ്കിം​ഗ് സ്ഥാപനങ്ങൾ പുറത്തെടുക്കുന്ന മികച്ച പ്രകടനവും ഓഹരികൾ ആകർഷകമായ നിലവാരത്തിൽ ലഭ്യമാണെന്നതും നേട്ടത്തിലേക്ക് നയിക്കുന്നു. പ്രധാനമായും അഞ്ച് അനുകൂല ഘടകങ്ങളാണ് വിപണിയിൽ പൊതുമേഖല ബാങ്ക് ഓഹരികളുടെ തിളക്കമേറ്റുന്നത്.

1. ഇക്കഴിഞ്ഞ ഡ‍ിസംബർ സാമ്പത്തിക പാദത്തിൽ 12 ലി​സ്റ്റഡ് പൊതുമേഖല ബാങ്കുകളും വളരെ മികച്ച ലാഭമാണ് റിപ്പോർട്ട് ചെയ്തത്. അറ്റ പലിശ വരുമാനം ഉയർന്നതും പ്രവർത്തന ചെലവ് കുറഞ്ഞതുമാണ് ഈ നേട്ടത്തിന് പിന്നിൽ.

2. കിട്ടാക്കടം കുറഞ്ഞതോടെ പ്രൊവിഷനിങ് ഇനത്തിൽ നീക്കിവെക്കേണ്ട തുകയും താഴ്ന്നു. അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടു. ബാങ്കുകളുടെ കുറഞ്ഞ പ്രവർത്തന ചെലവും നേട്ടമാണ്.

3. പൊതുമേഖല ബാങ്കുകൾ വിതരണം ചെയ്തിട്ടുള്ള കോർപറേറ്റ് ലോണുകളും താരതമ്യേന മികച്ച നിലയിലാണുള്ളത്.

4. ആർ.ബി.ഐയുടെ കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്വകാര്യ ബാങ്കുകളേക്കാൾ മിസ്-സെല്ലിങ് പ്രവണത കുറവാണ്.

5. സ്വകാര്യ ബാങ്കുകളിൽ ഫീസ് ഇനത്തിലുള്ള വരുമാനം കുറയുന്നതും പൊതുമേഖല ബാങ്ക് ഓഹരികളെ ആകർഷകമാക്കുന്നു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT