പ്രതീകാത്മക ചിത്രം Image Source: Canva
Markets

യു.എസിന്റെ എഐ കുത്തക തകരുന്നു! ചൈനീസ് ഓപ്പൺ സോഴ്സ് മോഡലുകൾ ഇന്ത്യൻ ഐടിയേയും രക്ഷിക്കുമോ?

ചൈനീസ് ഓപ്പൺ സോഴ്സ് എഐ മോഡലുകളുടെ വളർച്ച, യു.എസ് ടെക് കമ്പനികളുടെ ആധിപത്യത്തിന് കടുത്ത വെല്ലുവിളിക്കുമ്പോൾ, കുറഞ്ഞ ചെലവിലുള്ള എഐ സേവനങ്ങൾക്ക് ഡിമാൻഡ് ഉയരുന്നത്, ഇന്ത്യൻ ഐടി കമ്പനികൾക്ക് പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തൽ

Pintu Prakash

മൂൺഷോട്ട് എഐയുടെ 'Kimi K3' പോലുള്ള ചൈനീസ് ഓപ്പൺ സോഴ്സ് മോഡലുകൾ യു.എസ് എഐ കമ്പനികളുടെ പ്രൈസിംഗ് പവറിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇതോടെ യു.എസ് എഐ ഓഹരികളിലും ശക്തമായ തിരുത്തലിനുള്ള സാധ്യത വർധിക്കുകയാണ്. സൗജന്യ മോഡലുകൾ കാരണം എഐയുടെ ഉപയോഗച്ചെലവ് ഇടിയുമ്പോൾ കമ്പനികൾക്ക് ഡാറ്റ നിയന്ത്രണവും കമ്പ്യൂട്ടിംഗ് ചെലവ് മാനേജ്മെന്റും മുൻഗണനയാകുന്നു. ഇത് ഘടനാപരമായ വെല്ലുവിളിക്കിടയിൽ അതിജീവനത്തിനുള്ള പുതിയ വഴി ഇന്ത്യൻ ഐടി മേഖലയ്ക്ക് തുറന്നിടുന്നു.

2026-ന്റെ ആദ്യ പകുതിയിൽ കടുത്ത നിരാശയേകുന്ന പ്രകടനമാണ് ഇന്ത്യൻ ഐ.ടി ഓഹരികൾ കാഴ്ചവെച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അതിവേ​ഗ വളർച്ചയോടെ അപ്രസക്തമാകുമെന്ന ആശങ്ക ശക്തമായതോടെ, ഇക്കഴിഞ്ഞ ജനുവരി തുടക്കത്തിൽ 39,000 നിലവാരത്തിൽ നിന്നിരുന്ന എൻ.എസ്.ഇയുടെ നിഫ്റ്റി ഐടി സൂചിക (Nifty IT index) ജൂൺ അവസാനത്തോടെ 26,300 നിലവാരത്തിലേക്ക് കൂപ്പുകുത്തി. 30 ശതമാനത്തിലധികമുള്ള വീഴ്ച നേരിട്ടു. എന്നാൽ ജൂലൈ മാസത്തോടെ കളം മാറിത്തുടങ്ങി. ഈമാസം ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ഐ.ടി ഓഹരി സൂചിക വൻ തിരിച്ചുവരവിന്റെ പാതയിലാണുള്ളത്.

ജൂലൈ 1-ലെ വ്യാപാരത്തിനിടെ 25,699 എന്ന 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ നിഫ്റ്റി ഐ.ടി സൂചിക, ഇന്ന് (ജൂലൈ 28) രാവിലെ 30,572 എന്ന നിലവാരത്തിലേക്ക് വരെ മുന്നേറിയിരിക്കുന്നു. അതായത് സമീപകാലത്തെ താഴ്ചയിൽ നിന്നും 19 ശതമാനം കുതിപ്പാണ് ഐടി ഓഹരി സൂചികയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സാരം. ജൂൺ സാമ്പത്തിക പാദത്തിൽ കാഴ്ചവെച്ച ഐടി കമ്പനികളുടെ പ്രവർത്തന ഫലങ്ങളേക്കാൾ ഉപരിയായി മറ്റ് വിദേശ ഘടകങ്ങളാണ് ഈ മുന്നേറ്റത്തിനുള്ള വഴിതെളിച്ചത്. ചൈനീസ് ഓപ്പൺ സോഴ്സ് (open-source) എ.ഐ മോഡലുകൾ, യു.എസ് ടെക് കമ്പനികളുടെ വിപണിയിലെ അപ്രമാദിത്തം ചോദ്യം ചെയ്തതാണ് പ്രധാന കാരണം.

കൂടുതൽ വായിക്കുക: വൻകിട കമ്പനികളുടെ ഓഹരികളിൽ ശക്തമായ തിരുത്തൽ നേരിട്ടതോടെ, ഐടി സൂചിക അതിന്റെ സമീപകാലയളവിലെ താഴ്ന്ന ഘട്ടം (Bottom) പിന്നിട്ടതായി കണക്കാക്കാമെന്നും ജയദീപ് എസ്. മേനോൻ ധനം ഓൺലൈനോട് പറഞ്ഞു.

ആ​ഗോള എ.ഐ വിപണിയിൽ സംഭവിച്ചതെന്ത്?

ജൂലൈയുടെ തുടക്കം വരെ ചരിത്ര മുന്നേറ്റത്തിന്റെ പാതയിലായിരുന്ന യു.എസ് ഓഹരി വിപണിക്ക്, തികച്ചും അപ്രതീക്ഷിതമായാണ് സഡൻ ബ്രേക്ക് ഇടേണ്ടിവന്നത്. ചൈനീസ് സ്റ്റാർട്ടപ്പായ മൂൺഷോട്ട് എഐ (Moonshot AI), ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ അമേരിക്കൻ എഐ ഭീമന്മാർക്ക് വെല്ലുവിളിയായി 'Kimi K3' എന്ന ഓപ്പൺ സോഴ്സ് മോഡൽ പുറത്തിറക്കി. ഇതോടെ നാസ്‌ഡാക് (Nasdaq), എസ്&പി-500 സൂചികകൾ ഇടിയുകയും ചിപ്പ് നിർമ്മാണ കമ്പനികൾ വലിയ നഷ്ടം നേരിടുകയും ചെയ്തു. എഐ വിപണിയിലെ മുൻനിരക്കാരായ മൈക്രോണിന്റെ (Micron) ഓഹരികൾ 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.

ചെലവ് കുറഞ്ഞ ചൈനീസ് മോഡലുകളിലേക്ക് കമ്പനികൾ വഴിമാറിയതോടെ, ഓപ്പൺ റൂട്ടർ (OpenRouter) ഡാറ്റ പ്രകാരം യു.എസ് കമ്പനികളുടെ എഐ ഉപയോഗത്തിൽ ചൈനീസ് മോഡലുകളുടെ പങ്കാളിത്തം കഴിഞ്ഞ ഒരു വർഷത്തിനിടെ 10 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുത്തനെ വർധിച്ചു.

യു.എസ് കമ്പനികളുടെ ആശങ്കയും ഇന്ത്യൻ ഐ.ടിയും

അമേരിക്കൻ എ.ഐ ലാബുകൾ തങ്ങളുടെ ക്ലോസ്ഡ്-സോഴ്സ് (Closed-source) മോഡലുകൾക്ക് ഉയർന്ന നിരക്കാണ് ഉപഭോക്താക്കളായ കമ്പനികളിൽ നിന്നും ഈടാക്കിയിരുന്നത്. എന്നാൽ ചൈനയിൽ നിന്നും സൗജന്യവും ഏറെ കാര്യക്ഷമതയുമുള്ള ഓപ്പൺ സോഴ്സ് മോഡലുകൾ പുറത്തിറങ്ങിയതോടെ യു.എസ് കമ്പനികളുടെ എഐ മേഖലയിലുള്ള കുത്തക അവസാനിക്കുകയാണെന്ന തരത്തിലുള്ള നി​ഗമനങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നു. ഇതോടെയാണ്, തകർച്ചയുടെ വക്കിലായിരുന്ന ഇന്ത്യൻ ഐടി കമ്പനികളുടെ മുന്നിലേക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം വീശുന്നത്.

എഐ സാങ്കേതികവിദ്യ തുച്ഛമായ ചെലവിൽ ലഭ്യമാകുമ്പോൾ, കമ്പനികളുടെ ശ്രദ്ധ മോഡലുകൾ വാങ്ങുന്നതിൽ നിന്ന് മാറി അവ സ്വന്തം സിസ്റ്റങ്ങളിലേക്ക് സംയോജിപ്പിക്കുന്നതിലേക്ക് (AI Implementation & Legacy Integration) മാറും. ഡാറ്റ മൈഗ്രേഷൻ, സ്കെയിലിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ ഐ.ടി കമ്പനികളുടെ മുന്നിലേക്ക് ഇത് വലിയ അവസരം തുറന്നിടന്നു. യു.എസ് സോഫ്റ്റ്‍വെയർ കമ്പനിയായ പാലന്റീറിന്റെ (Palantir) സി.ഇ.ഒ ആയ അലക്സ് കാർപ് അടുത്തിടെ ചൂണ്ടിക്കാണിച്ചതുപോലെ, ടെക് കമ്പനികൾ ഡാറ്റയിലും കമ്പ്യൂട്ടിംഗ് ചെലവുകളിലും കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ആഗ്രഹിക്കുന്നത് ഇന്ത്യൻ ഐടി രംഗത്ത് ശുഭപ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും എഐയുടെ വളർച്ച കാരണം ഭാവിയിൽ പരമ്പരാഗത ഐ.ടി സേവനങ്ങളുടെ വ്യാപ്തി കുറയ്ക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ഐടി സെക്ടർ: പ്രതീക്ഷയും റിസ്കും

"ചൈനീസ് ഓപ്പൺ സോഴ്സ് മോഡലുകൾ യു.എസിന്റെ സാങ്കേതിക മേധാവിത്വത്തിനും ടെക് കമ്പനികളുടെ പ്രൈസിംഗ് പവറിനും നേരിട്ട് വെല്ലുവിളി ഉയർത്തുന്നതിനാൽ അമേരിക്കൻ എ.ഐ സെക്ടറിൽ ഉയർന്ന വാല്യുവേഷനുകൾ ന്യായമാണോ എന്ന ചോദ്യം വിപണിയിൽ ശക്തമായി ഉയരുന്നു. ഒരു തിരുത്തലിന്റെ സാധ്യത പല നിക്ഷേപകരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, ചെലവ് കുറയുന്നത് ഉപയോഗം കൂട്ടുകയും അതുവഴി ഈ കമ്പനികളുടെ വരുമാനത്തെ താങ്ങിനിർത്തുകയും ചെയ്യുമെന്ന എതിർവാദവും നിലനിൽക്കുന്നു," കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വസുപ്രദ ഇൻവെ​സ്റ്റ്മെന്റ് അഡ്വൈസറി സർവീസസിന്റെ സഹസ്ഥാപകനും മുൻനിര മാ‌ർക്കറ്റ് അനലി​സ്റ്റുമായ ജയദീപ് എസ്. മേനോൻ പറഞ്ഞു.

"ഇന്ത്യൻ ഐ.ടി സേവന മേഖലയെ സംബന്ധിച്ചിടത്തോളം എഐ ഉപയോ​ഗത്തിനുള്ള ചെലവ് കുറയുന്നത് താരതമ്യേന അനുകൂലമായ ഘടകമാണ്. സൗജന്യവും കുറഞ്ഞ ചെലവിലുള്ളതുമായ എ.ഐ മോഡലുകൾ ഘടനാപരമായ വെല്ലുവിളി ഉയർത്തിയിരുന്ന ഈ മേഖലയ്ക്ക്, ഇപ്പോൾ ആ ഉപകരണങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ സേവനങ്ങൾ നൽകാനും മാർജിൻ സംരക്ഷിക്കാനുമുള്ള ഒരു വഴി തുറന്നിടുന്നു. എന്നാൽ ഇതുകൊണ്ട് മാത്രം ഐടി മേഖലയിലെ അനിശ്ചിതത്വം പൂർണമായും നീങ്ങിയെന്ന് പറയാറായിട്ടില്ല. എഐ ദീർഘകാലയളവിൽ പരമ്പരാ​ഗത ഐ.ടി കമ്പനികളുടെ വരുമാന മാതൃകയെ എത്രത്തോളം, ഏത് രീതിയിലൊക്കെ മാറ്റിമറിക്കുമെന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്," ജയദീപ് എസ്. മേനോൻ ധനം ഓൺലൈനോട് പറഞ്ഞു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT