രാജ്യത്തെ മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ ഓഹരിവിപണിയിലെ അരങ്ങേറ്റം ഗംഭീരം. ലിസ്റ്റിംഗ് ദിനത്തില്‍ കമ്പനിയുടെ ഓഹരിവില 20 ശതമാനത്തോളമാണ് ഉയര്‍ന്നത്. 2,165 രൂപയായിരുന്നു ഐപിഒ ഇഷ്യൂ വില.
എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്ത ഓഹരികളുടെ വില ഒരു ഘട്ടത്തില്‍ 2,662 രൂപ വരെ ഉയര്‍ന്നിരുന്നു. ഐപിഒയില്‍ ഓഹരി ലഭിച്ചവര്‍ക്ക് ഇന്ന് വിറ്റാല്‍ ഒരോഹരിയിലെ ലാഭം 500 രൂപയോളം വരും. അതേസമയം, ഗ്രേ മാര്‍ക്കറ്റിലെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ ലിസ്റ്റിംഗ് ഡേയില്‍ സാധിച്ചില്ല. 25 ശതമാനം വരെ വില ഉയരുമെന്നായിരുന്നു ഗ്രേ മാര്‍ക്കറ്റിലെ പ്രതീക്ഷ.
ഐപിഒയില്‍ 39 മടങ്ങ് അപേക്ഷകളാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്ന് ലഭിച്ചത്. റീട്ടെയ്ല്‍ നിക്ഷേപകരുടെ വിഭാഗത്തിലാകട്ടെ അപേക്ഷകര്‍ 2.5 ശതമാനത്തിന് മുകളിലായിരുന്നു. സിംഗപ്പൂരിലെ ജി.ഐ.സി, ടെമാസെക് ഇന്ത്യയുടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ പ്രധാന ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്.
മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് കീഴില്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എ.എം.സി. ഒട്ടുമിക്ക ബ്രോക്കറേജ് സ്ഥാപനങ്ങളും വാങ്ങാനുള്ള (buy) റേറ്റിംഗാണ് നല്കിയിരിക്കുന്നത്.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് ഐപിഒയിലൂടെ കമ്പനി ഓഹരികള്‍ വിറ്റഴിച്ചത്. ഐപിഒയിലൂടെ ലഭിച്ച തുക യുകെ ആസ്ഥാനമായ പ്രൂഡന്‍ഷ്യല്‍ കോര്‍പറേഷന്‍ ഹോള്‍ഡിംഗ്‌സിനാണ് ലഭിക്കുക. സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, ആക്സീസ് ക്യാപിറ്റല്‍, ക്ലാസ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി തുടങ്ങിയവരായിരുന്നു ഐപിഒ നടപടികള്‍ നിയന്ത്രിച്ചത്.
കമ്പനിയുടെ നിലവിലെ വിപണിമൂല്യം 1.05 ലക്ഷം കോടി രൂപ വരും. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ എഎംസിയുടെ വരുമാനം 4,977 കോടി രൂപയായിരുന്നു. ലാഭം 2,651 കോടി രൂപയും.
Read DhanamOnline in English
Subscribe to Dhanam Magazine