Image courtesy: Canva
Markets

ഏതൊക്കെ സാഹചര്യങ്ങളിലാണ് നിക്ഷേപ ശേഖരത്തിലുള്ള ഓഹരികള്‍ വില്‍ക്കേണ്ടത്?

ലാഭം ലക്ഷ്യമിട്ടാണ് വാങ്ങുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഇടയ്ക്ക് വച്ച് ഓഹരികള്‍ വില്‍ക്കേണ്ടി വരാറുണ്ട്

Dr. Sanesh Cholakkad

ഓഹരി വിപണി നിക്ഷേപങ്ങളുടെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കുന്നത് എപ്പോഴും ഓഹരികള്‍ വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ്. ഓഹരികളുടെ വില വര്‍ധിക്കുമെന്ന പ്രത്യാശയിലാണ് എല്ലാവരും ഓഹരികള്‍ വാങ്ങുന്നതെങ്കിലും എല്ലായ്പ്പോഴും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കണമെന്നില്ല. ചില സമയങ്ങളില്‍ അമിതമായ നഷ്ടം ഒഴിവാക്കാന്‍ വേണ്ടി ഓഹരികള്‍ ചെറിയ നഷ്ടം സഹിച്ച് വില്‍ക്കേണ്ടതായി വരും. ഉദാഹരണത്തിന് 100 രൂപയ്ക്ക് വാങ്ങുന്ന ഓഹരി 120 രൂപ ടാര്‍ഗറ്റ് നല്‍കി കൈവശം വെച്ചാലും ചിലപ്പോള്‍ മാര്‍ക്കറ്റ് സാഹചര്യം മാറി ഓഹരി വില വന്‍തോതില്‍ ഇടിയാന്‍ ആരംഭിച്ചാല്‍ നഷ്ടം കുറയ്ക്കാന്‍ ഓഹരി വില്‍ക്കേണ്ടി വരും. ഓഹരി വാങ്ങുന്ന വില തീരുമാനിക്കുന്നതിനേക്കാളും പ്രയാസമാണ് എപ്പോഴാണ് അല്ലെങ്കില്‍ ഏത് വിലയ്ക്കാണ് ഓഹരി വില്‍ക്കുക എന്ന് തീരുമാനിക്കുന്നത്.

വില്‍പ്പന എപ്പോഴൊക്കെ?

പൊതുവേ ഓഹരി വില്‍ക്കുന്നതിനായി നിക്ഷേപകര്‍ താഴെ പറയുന്ന സാഹചര്യങ്ങളാണ് പരിഗണിക്കാറുള്ളത്.

  • സാമ്പത്തിക ലക്ഷ്യസാക്ഷാത്കാരത്തിനായി നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കാറുണ്ട്. ഉദാഹരണമായി റിട്ടയര്‍മെന്റ് ഫണ്ട് കണ്ടെത്താന്‍ വേണ്ടി ദീര്‍ഘകാലമായി ഓഹരി നിക്ഷേപം നടത്തിയിരുന്ന പല നിക്ഷേപകരും റിട്ടയര്‍മെന്റ് ആവശ്യത്തിനായി ലക്ഷ്യമിട്ട തുകയുടെ അടുത്ത് നിക്ഷേപ മൂല്യം എത്തിച്ചേര്‍ന്നാല്‍ നേരത്തെ വിറ്റ് പണം സുരക്ഷിതമാക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണമായി ഒരു കോടി രൂപ റിട്ടയര്‍മെന്റ് കോര്‍പ്പസ് ലക്ഷ്യമിടുന്ന ഒരു നിക്ഷേപകന്‍ നടത്തിയ ഓഹരി നിക്ഷേമൂല്യം റിട്ടയര്‍മെന്റിന് രണ്ട് വര്‍ഷം മുന്‍പ് 90 ലക്ഷം രൂപയായിട്ടുണ്ടെങ്കില്‍ റിസ്‌ക് കുറയ്ക്കാനായിഓഹരി വിറ്റേക്കാം. അല്ലെങ്കില്‍ അടിയന്തിര ആവശ്യങ്ങള്‍ വന്നാലും ഓഹരികള്‍ വിറ്റ് പണം സ്വരൂപിച്ചേക്കാം.

  • കമ്പനികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലവും നിക്ഷേപകര്‍ ഓഹരികള്‍ വില്‍ക്കാറുണ്ട്. ഉദാഹരണമായി കമ്പനിയുടെ വില്പ്പന കുറയുക, ലാഭ ക്ഷമത കുറയുക, കടം കുമിഞ്ഞു കൂടുക, കാര്യക്ഷമതയില്ലാത്ത മാനേജ്മെന്റ്, കോര്‍പ്പറേറ്റ് ഗവേണന്‍സ് സംബന്ധമായ പ്രശ്നങ്ങള്‍, മാനേജ്മെന്റിന്റെ വിശ്വാസ്യതയില്ലായ്മ തുടങ്ങിയ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് മൂര്‍ച്ഛിക്കുന്നതിനു മുമ്പ് ഓഹരികള്‍ വിറ്റ് ഒഴിയാന്‍ നിക്ഷേപകര്‍ തിടുക്കം കാട്ടാറുണ്ട്. ടെക്നിക്കല്‍ അനാലിസിസും ഫണ്ടമെന്റല്‍ അനാലിസിസും മറ്റും നടത്തുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഓഹരികള്‍ വില്‍ക്കുന്നവരുമുണ്ട്.

  • നിക്ഷേപിച്ച കമ്പനിയുടെ ബിസിനസ് മോഡലില്‍ മാറ്റം വരുമ്പോഴും കമ്പനി ജീവനക്കാര്‍ തന്നെ ഓഹരികള്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തുമ്പോഴും ഗവണ്‍മന്റ് തലത്തിലോ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെയോ അന്വേഷണം കമ്പനിക്കെതിരെ ഉണ്ടായാലും ഓഹരി വില്‍ക്കാന്‍ നിക്ഷേപകര്‍ തിരക്കു കാണിക്കാറുണ്ട്.

  • പോര്‍ട്ട്ഫോളിയോ റീബാലന്‍സിംഗിന്റെ ഭാഗമായും മറ്റും ഓഹരികള്‍ വിറ്റഴിക്കേണ്ടി വരാറുണ്ട്. ഒരു നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഓഹരികള്‍, ബോണ്ടുകള്‍ തുടങ്ങിയവ ഉണ്ടാകും. ചില സമയങ്ങളില്‍ ബോണ്ടിനേക്കാള്‍ ഓഹരികളുടെ മൂല്യം വര്‍ധിക്കുകയും പോര്‍ട്ട്ഫോളിയോയില്‍ മുന്തിയ പങ്കും ഓഹരികളുടെ മൂല്യമായി മാറുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ ഓഹരികളില്‍ തകര്‍ച്ചയുണ്ടായാല്‍ പോര്‍ട്ട്ഫോളിയോയില്‍ റിസ്‌ക് കൂടാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് ഒരാളുടെ പോര്‍ട്ട്ഫോളിയോയില്‍ 60 ശതമാനം ഓഹരിയും 40 ശതമാനം ബോണ്ടുകളുമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പോര്‍ട്ട്ഫോളിയോ മൂല്യത്തിന്റെ 70 ശതമാനം ഓഹരികള്‍ ആകുകയും ചെയ്യുകയാണെങ്കില്‍ കുറച്ച് ഓഹരികള്‍ വിറ്റ് പോര്‍ട്ട്ഫോളിയോ റീബാലന്‍സ് ചെയ്യാന്‍ സാധ്യതയുണ്ട്.

  • ടാക്സ് ലോസ് ഹാര്‍വെസ്റ്റിംഗിന്റെ (Tax Loss Harvesting) ഭാഗമായി ഓഹരികള്‍ വിറ്റ് നഷ്ടം സ്വീകരിച്ചാല്‍ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് പ്രകാരം നഷ്ടം ലാഭത്തില്‍ നിന്നും തട്ടിക്കിഴിക്കാനും മൂലധനനേട്ട നികുതി കുറയ്ക്കാനും സാധിക്കും. പ്രസ്തുത ആവശ്യാര്‍ത്ഥം പലപ്പോഴും നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കാറുണ്ട്.

  • ഓഹരി വിപണിയില്‍ എപ്പോഴും 2-3 സെക്ടറുകളായിരിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കുക. ഇത്തരം സെക്ടറുകള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും. ഉദാഹരണമായി ഒരു സമയം ഐ.ടി, എഫ്.എം.സി.ജി, ബാങ്കിംഗ് സെക്ടറാണ് മാര്‍ക്കറ്റിനെ മുന്നോട്ടു നയിക്കുന്നതെങ്കില്‍ കുറച്ചു സമയം കൊണ്ട് ഈ സെക്ടറിലെ ഓഹരികളുടെ വില വര്‍ധിക്കുകയും തുടര്‍ന്ന് പ്രസ്തുത സെക്ടര്‍ മാറി വേറെ സെക്ടറുകള്‍ മാര്‍ക്കറ്റില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമ്പോള്‍ മുമ്പ് മികച്ച പ്രകടനം കാഴ്ചവച്ച ഓഹരികളുടെ പ്രകടനം പുറകോട്ട് പോയേക്കാം. അതിനുമുമ്പായി ഈ സെക്ടറുകളിലെ ഓഹരികള്‍ ലാഭമെടുപ്പിനായി വിറ്റഴിക്കാന്‍ സാധ്യതയുണ്ട്.

  • മികച്ച നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താനായി നിലവിലെ ഓഹരി വിറ്റ് ലാഭമെടുപ്പ് നടത്താറുണ്ട്. ആഗോളതലത്തിലും നമ്മുടെ രാജ്യത്തും സമ്പദ്‌വ്യവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ഓഹരികള്‍ വില്‍ക്കേണ്ട തീരുമാനം എടുക്കേണ്ടതായി വരാം. ഉദാഹരണമായി ഉയര്‍ന്ന പണപ്പെരുപ്പം, കുറഞ്ഞ വളര്‍ച്ചാ നിരക്ക്, ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യ സൂചനകള്‍ മുതല്‍ കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരികള്‍ വരെ ഓഹരികള്‍ വില്‍ക്കാനുള്ള കാരണം ആയേക്കാം.

  • മാര്‍ക്കറ്റ് ഇടിയുമ്പോള്‍ ഭയചകിതരായി അല്ലെങ്കില്‍ പാനിക് ആയി ഓഹരികള്‍ വിറ്റഴിക്കുന്ന നിക്ഷേപകരും ഉണ്ട്.

  • ചിലപ്പോള്‍ തെറ്റായ നിക്ഷേപ തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് ഒരു നിക്ഷേപകന് ബോധ്യമായാലും ഓഹരികള്‍ വിറ്റഴിച്ച് നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചേക്കാം.

(Originally published in Dhanam Magazine 15 May 2025 issue.)

Under what circumstances should shares in an investment portfolio be sold?

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT