ഓഹരി വിപണി സൂചികയായ നിഫ്റ്റിയുടെ (Nifty 50) 2027 അവസാനത്തോടെയുളള ലക്ഷ്യം വിദേശ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി റിസര്‍ച്ച് (Citi) 26,000-ൽ നിന്ന് 28,000 ആയി ഉയർത്തി. നിലവിലെ 24,986.40 (നവംബർ 8) എന്ന നിലവാരത്തിൽ നിന്ന് ഏകദേശം 12 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
ശക്തമായ കോർപ്പറേറ്റ് വരുമാന വളർച്ച: 2026–2028 സാമ്പത്തിക വർഷങ്ങളിൽ നിഫ്റ്റി കമ്പനികളുടെ കോർപ്പറേറ്റ് വരുമാനത്തിൽ (Earnings) പ്രതിവർഷം 15-16 ശതമാനം സംയോജിത വാര്‍ഷിക വളർച്ച (CAGR) ഉണ്ടാകുമെന്ന് സിറ്റി പ്രതീക്ഷിക്കുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂൺ പാദത്തിലെ വളർച്ചാ തരംഗം സെപ്റ്റംബർ പാദത്തിലും തുടരുമെന്നാണ് വിലയിരുത്തൽ.
എണ്ണവിലയിലെ ഇടിവും അനുകൂല ഘടകങ്ങളും: ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും കോർപ്പറേറ്റ് വരുമാനത്തിനും വലിയ പിന്തുണ നൽകും. എണ്ണവിലയിൽ ഉണ്ടാകുന്ന 10 ഡോളറിന്റെ കുറവ് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 30–40 ബേസിസ് പോയിന്റ് കുറയ്ക്കാനും, പണപ്പെരുപ്പം 50 ബേസിസ് പോയിന്റ് താഴ്ത്താനും, നിഫ്റ്റിയുടെ പ്രതിയോഹരി വരുമാനം (EPS) 2 ശതമാനം വർദ്ധിപ്പിക്കാനും സഹായിക്കും.
വിദേശ നിക്ഷേപ വരവ് (Foreign Inflows): യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം എഐ (AI) മേഖലയിലെ നിക്ഷേപങ്ങളുടെ പരിഗണന കുറയുന്നതോടെ എഐ ഇതര ആസ്തികളിലേക്ക് നിക്ഷേപം മാറാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ആക്റ്റീവ് വെയ്റ്റേജിൽ ഉണ്ടാകുന്ന 100 ബേസിസ് പോയിന്റ് വർദ്ധനവ് വഴി 1,200 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്താമെന്നും, ഇത് വിപണിക്ക് കൂടുതൽ കരുത്തേകുമെന്നും കരുതപ്പെടുന്നു.
വാല്യുവേഷൻ വർദ്ധനവ്: മുന്നോട്ടുള്ള എസ്റ്റിമേറ്റ് കാലാവധി 2027 ഡിസംബർ വരെ നീട്ടിയ സിറ്റി, ഇന്ത്യയുടെ മൂല്യമതിപ്പ് (Valuation Multiple) 17 ഇരട്ടിയിൽ നിന്ന് 18 ഇരട്ടിയായി ഉയർത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ, ഉപഭോഗത്തിലെ മന്ദഗതി, തൊഴിലവസരങ്ങളിൽ എഐ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിപണി നേരിടുന്ന പ്രധാന റിസ്ക് ഘടകങ്ങളാണെന്നും സിറ്റി വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine