canva
Markets

സ്മോൾ ക്യാപ് ഓഹരികളിൽ മുന്നറിയിപ്പുമായി സി.എൽ.എസ്.എ; ഇന്ത്യൻ വിപണിക്ക് മുന്നിൽ വെല്ലുവിളിയുണ്ടോ?

വരുമാന വളർച്ചയിൽ ഇടിവും നീതികരിക്കാനാകാത്ത മൂല്യമതിപ്പും കാരണം സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടം വർധിക്കാമെന്ന് സി.എൽ.എസ്.എ.യുടെ റിസ‌ർച്ച് റിപ്പോർട്ട്. പകരം ലാർജ് ക്യാപ് ഓഹരികളിൽ ശ്രദ്ധപതിപ്പിക്കാമെന്നും നിർദേശം.

Dhanam News Desk

വിവിധ പ്രതികൂല ഘടകങ്ങളുടെ സ്വാധീനം കാരണം ഇന്ത്യൻ വിപണി കഴി‍ഞ്ഞ ഏതാനും മാസങ്ങളായി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ട്രംപ് താരിഫിന് യു.എസ് സുപ്രീം കോടതി പൂട്ടിട്ടതോടെ തിരികെ കയറുമെന്ന പ്രതീക്ഷ സജീവമായിരിക്കവേയാണ്, രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ സി.എൽ.എസ്.എ, ഇന്ത്യയിലെ സ്മോൾ ക്യാപ് കമ്പനികൾ സമീപഭാവിയിൽ നേരിടാവുന്ന റിസ്കിനെ സംബന്ധിച്ച മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

ഇതിനകം നിരവധി തിരിച്ചടിയേറ്റെങ്കിലും താരതമ്യേന പിടിച്ചുനിൽക്കാൻ പ്രധാന അടിസ്ഥാന ഓഹരി സൂചികകൾക്ക് സാധിച്ചിരുന്നു. എന്നാൽ മൂല്യമതിപ്പ് നീതികരിക്കാൻ (എക്സ്പെൻസീവ് വാല്യൂവേഷൻ) കഴിയാത്തതും വരുമാന വളർച്ചയുടെ വേ​ഗം താഴുന്നതും മുൻനിർത്തി സ്മോൾ ക്യാപ് കമ്പനികളുടെ ഓഹരികളെ ഡൗൺ​ഗ്രേഡ് ചെയ്യാനുള്ള സാധ്യത മുന്നിലുണ്ടെന്നാണ് സി.എൽ.എസ്.എ ഏറ്റവുമൊടുവിൽ 'ഇന്ത്യ സ്ട്രാറ്റജി' എന്ന പേരിൽ പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

മുന്നറിയിപ്പിന് കാരണം?

സ്മോൾ ക്യാപ് കമ്പനികൾ ശക്തമായ വരുമാന വളർച്ച കൈവരിക്കുമെന്നായിരുന്നു മാർക്കറ്റ് അനലി​സ്റ്റുകളുടെ ഇടയിലുള്ള പൊതു അനുമാനം. ഇത് മുൻനിർത്തിയാണ് ഓഹരികളുടെ സമീപകാല ലക്ഷ്യവില നിർദേശിച്ചിരുന്നതും. എന്നാൽ കമ്പനികൾ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന പാദഫലം പൊതുവേ പ്രതീക്ഷിച്ചതിലും താഴ്ന്ന നിലവാരത്തിലാണ്. അതുകൊണ്ട് കമ്പനികളുടെ ഭാവി വരുമാന വളർച്ചയെ കുറിച്ചുള്ള അനുമാനം താഴ്ത്തി നിശ്ചയിക്കാനുള്ള സാധ്യത വർധിക്കുന്നു.

ചുരുക്കത്തിൽ സ്മോൾ ക്യാപ് കമ്പനികൾ ഇപ്പോൾ കാഴ്ചവെക്കുന്ന സാമ്പത്തിക പ്രകടനംകൊണ്ട് ഓഹരികളുടെ നിലവിലെ മൂല്യമതിപ്പിനെ നീതികരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് സാരം. കഴി‍ഞ്ഞ അ‍ഞ്ച് സാമ്പത്തിക പാദങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്മോൾ ക്യാപ് കമ്പനികളുടെ അറ്റാദായത്തിലെ (PAT) വളർച്ച രേഖപ്പെടുത്തിയതെന്നും സി.എൽ.എസ്.എ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എന്ത് മനസ്സിലാക്കണം?

നിലവിൽ ലാർജ് ക്യാപ് ഓഹരികളെ പരി​ഗണിക്കുന്നതാകും ഉചിതമെന്നാണ് സി.എൽ.എസ്.എ നിർദേശിക്കുന്നത്. താരതമ്യേന സ്ഥിരത പുലർത്തുന്നതും സാമ്പത്തിക വർഷം 2027-28 കാലയളവിലേക്ക് വരുമാന വളർച്ചയുടെ അനുമാനം ഉയർത്തി നിശ്ചയിക്കാനുള്ള അർഹത നേടാനുള്ള സാധ്യതയും ലാർജ് ക്യാപ് ഓഹരികളെ വേറിട്ടതാക്കുന്നു എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചു.

അതേസമയം സ്മോൾ ക്യാപ് കമ്പനികളുടെ വരുമാന വളർച്ചയിലെ അനുമാനം 2027 സാമ്പത്തിക വർഷത്തിലേക്ക് 3.9% താഴ്ത്താനും 2028 സാമ്പത്തിക വർഷത്തിലേക്ക് 3.1% നിരക്കിൽ താഴ്ത്താനും സാധ്യതയുണ്ടെന്ന് സി.എൽ.എസ്.എ സൂചിപ്പിച്ചു. ചുരുക്കത്തിൽ സമീപഭാവിയിലേക്ക് സ്മോൾ ക്യാപ് ഓഹരികളിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്ന സൂചനയാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞുവെക്കുന്നതെന്ന് സാരം.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT