ആഗോള പാനീയ ഭീമനായ കൊക്കകോള (Coca-Cola), അവരുടെ ഇന്ത്യൻ ബോട്ട്ലിംഗ് യൂണിറ്റായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് (Hindustan Coca-Cola Beverages - HCCB) വഴി ഏകദേശം 1 ബില്യൺ ഡോളറിൻ്റെ (ഏകദേശം 8,795 കോടി രൂപ) പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രാരംഭ ഓഹരി വില്‍പ്പനയെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ആഴ്ചകളിൽ ബാങ്കർമാരുമായി HCCB കൂടിക്കാഴ്ച നടത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇടപാടിനായി കമ്പനി ഇതുവരെ ബാങ്കർമാരെ നിയമിച്ചിട്ടില്ല. പ്രക്രിയ പ്രാരംഭ ഘട്ടത്തിലാണ്.
ഇന്ത്യയിലെ തങ്ങളുടെ വളർച്ചാ പദ്ധതികൾക്ക് ആവശ്യമായ മൂലധനം സമാഹരിക്കുക, പ്രാദേശിക വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് ഈ ഓഹരി വിൽപ്പനയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന പാനീയ വിപണികളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ, ഈ സുപ്രധാന നീക്കം രാജ്യത്തെ കമ്പനിയുടെ ദീർഘകാല നിക്ഷേപ പ്രതിബദ്ധതയുടെ സൂചന കൂടിയായി കരുതുന്നു.
കൊക്കകോളയ്ക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ സ്പ്രിംഗ്ളർ, തംസ് അപ്പ്, ലിംക, കോക്ക് തുടങ്ങിയ ബ്രാൻഡുകൾക്ക് വലിയ വിപണിയുണ്ട്. ഐപിഒ വഴി സമാഹരിക്കുന്ന പണം ഉപയോഗിച്ച് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും വിതരണ ശൃംഖല വിപുലീകരിക്കാനും HCCB ലക്ഷ്യമിടുന്നു.
പെപ്സിയെ കൂടാതെ മുകേഷ് അംബാനിയുടെ കാമ്പ കോളയില്‍ നിന്ന് വലിയ മത്സരമാണ് കൊക്കകോള നേരിടുന്നത്. 10 രൂപക്ക് 200 മില്ലി ലിറ്റര്‍ ശീതള പാനീയവുമായി വളരെ വേഗത്തിലാണ് കാമ്പ കോള വിപണി വിഹിതത്തില്‍ മുന്നേറുന്നത്.
രാജ്യത്ത് 20 ലക്ഷത്തിലധികം ചില്ലറ വ്യാപാരികൾക്ക് ശീതള പാനീയങ്ങള്‍ നല്‍കുന്നുണ്ട് കൊക്കകോള. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ദക്ഷിണ, പടിഞ്ഞാറൻ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലും 236 ജില്ലകളിലുമായി 14 നിർമ്മാണ പ്ലാന്റുകൾ ഉണ്ട്.
Coca-Cola plans $1 billion IPO for Indian unit HCCB amid rising competition from Ambani's Campa Cola.
Read DhanamOnline in English
Subscribe to Dhanam Magazine