പ്രമുഖ ആഗോള പാനീയ നിർമ്മാതാക്കളായ കൊക്കകോള തങ്ങളുടെ ഇന്ത്യൻ ബോട്ട്‌ലിംഗ് വിഭാഗമായ ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസിനെ (HCCB) ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ (IPO) ഏകദേശം ഒരു ബില്യൺ ഡോളർ (ഏകദേശം 9,500 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിലെ ശക്തമായ നിക്ഷേപക ഡിമാൻഡ് പ്രയോജനപ്പെടുത്താനാണ് ഈ പുതിയ നീക്കം.
ഇന്ത്യൻ ബോട്ട്‌ലിംഗ് ബിസിനസിന് ഏകദേശം 10 ബില്യൺ ഡോളർ മൂല്യമാണ് (Valuation) കൊക്കകോള പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ലണ്ടനിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളുടെ യോഗം നടക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ ഉപദേഷ്ടാവായ റോത്ത്‌ചൈൽഡ് ആൻഡ് കമ്പനിയാണ് (Rothschild & Co.) ഈ നടപടികൾ ഏകോപിപ്പിക്കുന്നത്. അതേസമയം ഐപിഒയുടെ സമയം, തുക, ഘടന എന്നിവയിൽ ഇനിയും മാറ്റങ്ങൾ വരാനിടയുണ്ട്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് ബോട്ട്‌ലിംഗ് കമ്പനികളിലൊന്നാണ്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 14 നിർമ്മാണ പ്ലാന്റുകൾ ഇവർക്കുണ്ട്.
ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് വിപണിവൽക്കരിക്കാൻ ശ്രമിക്കുന്ന ആഗോള കമ്പനികളുടെ പട്ടികയിൽ ഏറ്റവും പുതിയ അംഗമാണ് കൊക്കകോള. 2024-ൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 3.3 ബില്യൺ ഡോളർ സമാഹരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്തിയിരുന്നു. എൽജി ഇലക്ട്രോണിക്സും സമാനമായ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള ആഗോള കമ്പനികളുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യമാണ് ഇത്തരം വൻകിട ഐപിഒകൾ സൂചിപ്പിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine