പ്രതീകാത്മക ചിത്രം Image Source: Canva/cochinshipyard.in
Markets

കമ്പനിയുടെ ലാഭം കുറഞ്ഞു; കൊച്ചിൻ ഷിപ്പ്‍യാ‌ർഡ് ഓഹരിയിൽ ഇന്ന് തിരിച്ചടി: ഇനിയും 42% ഇടിവിന് സാധ്യതയെന്ന് കൊട്ടക്

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ജൂൺ പാദത്തിലെ അറ്റാദായം 19% കുറഞ്ഞു; പ്രവർത്തന ഫലത്തിന് പിന്നാലെ ഓഹരിയിൽ ഇന്ന് ഇടിവ് നേരിട്ടു; കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 860 രൂപ ലക്ഷ്യവില നിർദേശിച്ച് 'സെൽ' റേറ്റിംഗ് നിലനിർത്തി

Dhanam News Desk

കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിക്ക് ‘സെൽ’ റേറ്റിംഗ് നിലനിർത്തി, 860 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇപ്പോഴത്തെ നിരക്കിൽ നിന്ന് 42% ഇടിവ് സാധ്യത ചൂണ്ടിക്കാട്ടുന്നു. INS വിക്രാന്ത്, വിക്രമാദിത്യ അറ്റകുറ്റപ്പണികളിലൂടെ ലഭിച്ച ഉയർന്ന വരുമാനം ആവർത്തിക്കാനാകില്ലെന്ന വിലയിരുത്തലാണ് കാരണം. എന്നാൽ മറ്റ് അനലിസ്റ്റുകൾ ബൈ, ഹോൾഡ് റേറ്റിംഗുകൾ നൽകി ഭാവി വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

രാജ്യത്തെ മുൻനിര കപ്പൽ നിർമ്മാണ ശാലയും പൊതുമേഖല സ്ഥാപനവുമായ കൊച്ചിൻ ഷിപ്പ്‌‍യാർഡിന്റെ (BSE: 540678, NSE: COCHINSHIP) ഓഹരികൾ ഇന്ന് (ഓ​ഗ​സ്റ്റ് 17) തിരിച്ചടി നേരിട്ടു. നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാംപാദ (Q1 FY27) പ്രവർത്തന ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഈ കേരള ഓഹരിയുടെ വില ഇന്നത്തെ വ്യാപാരത്തിനിടെ ഒരു വേളയിൽ നാല് ശതമാനത്തിലേറെ ഇടിവ് നേരിട്ടെങ്കിലും അവസാനം നില മെച്ചപ്പെടുത്തി 2.6 ശതമാനം നഷ്ടത്തോടെ 1,457 രൂപ നിലവാരത്തിൽ ക്ലോസിം​ഗ് കുറിച്ചു.

ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ വരുമാനത്തിൽ നേരിയ വർധനവുണ്ടായെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കമ്പനിയുടെ പ്രവർത്തന ലാഭത്തിലുണ്ടായ കുറവാണ് കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് ഓഹരിക്ക് തിരിച്ചടിയായത്.

ഒന്നാം പാദഫലം ചുരുക്കത്തിൽ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) ആദ്യ പാദത്തിൽ 188 കോടി രൂപയായിരുന്ന കൊച്ചിൻ ഷിപ്പ്‍യാർ‍ഡിന്റെ സംയോജിത അറ്റാദായം (Consolidated Net Profit) ഇത്തവണ 19 ശതമാനത്തിലധികം ഇടിഞ്ഞ് 151.5 കോടി രൂപയായി കുറഞ്ഞു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1,069 കോടി രൂപയിൽ നിന്ന് 2.3 ശതമാനം വർധിച്ച് 1,094 കോടി രൂപയിലുമെത്തി.

നികുതിക്കും കിഴിവിനും മുമ്പേയുള്ള പ്രവർത്തനലാഭം അഥവാ എബിറ്റ്ഡാ (EBITDA) മുൻവർഷത്തെ 242 കോടി രൂപയിൽ നിന്ന് 20.4 ശതമാനം കുറഞ്ഞ് 193 കോടി രൂപയായി. അതുപോലെ എബിറ്റ്ഡാ മാർജിൻ 22.7 ശതമാനത്തിൽ നിന്ന് 17.6 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. വരുമാന വർധനവിനേക്കാൾ വേഗത്തിൽ ചെലവുകൾ ഉയർന്നതാണ് പ്രവർത്തന ലാഭത്തെ ബാധിച്ചത്.

സാമ്പത്തിക ഫലങ്ങൾക്കൊപ്പം, സ്വതന്ത്ര ഡയറക്ടർമാരുടെ കുറവ് മൂലം സെബി (SEBI) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ബി.എസ്.ഇയും എൻ.എസ്.ഇയും ചേർന്ന് 9.56 ലക്ഷം രൂപ പിഴ ചുമത്തിയ വിവരവും കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കി. കേന്ദ്ര സർക്കാരാണ് ഡയറക്ടർമാരെ നിയമിക്കേണ്ടതെന്നും ഒഴിവുകൾ നികത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കമ്പനി നേതൃത്വം അറിയിച്ചു.

'സെൽ' റേറ്റിംഗ്, 42% ഇടിവിന് സാധ്യത

പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരിക്ക് 'സെൽ റേറ്റിംഗ്' (Sell Ratings) നിലനിർത്തി. സമീപഭാവിയിലേക്ക് 860 രൂപയാണ് ഓഹരിക്കുള്ള ലക്ഷ്യവിലയായി (Target Price) നിശ്ചയിച്ചിരിക്കുന്നത്. ഇത് കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിയുടെ ഇപ്പോഴത്തെ വിലയേക്കാൾ ഏകദേശം 42 ശതമാനം താഴെയാണ്. ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് വിക്രമാദിത്യ എന്നിവയുടെ അറ്റകുറ്റപ്പണികളിലൂടെ കഴിഞ്ഞ വർഷം ലഭിച്ച ഉയർന്ന വരുമാന അടിത്തറ നിലനിർത്താൻ സാധിച്ചേക്കില്ലെന്ന നി​ഗമനത്തിലാണ് ബ്രോക്കറേജ് സ്ഥാപനം ഈ ഓഹരിക്ക് സെൽ റേറ്റിം​ഗ് നിർദേശിച്ചിരിക്കുന്നത്.

എങ്കിലും നിലവിൽ കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിയെ പിന്തുടരുന്ന 5 അനലിസ്റ്റുകളിൽ 3 പേർ വാങ്ങാമെന്ന സൂചനയോടെയുള്ള 'ബൈ റേറ്റിം​ഗ്' (Buy Ratings) ആണ് നൽകിയിട്ടുള്ളത്. ബാക്കിയുള്ള 2 അനലി​സ്റ്റുമാർ 'ഹോൾഡ് റേറ്റിംഗും' (Hold Rating) 'സെൽ റേറ്റിംഗും (Sell Rating) നൽകിയിരിക്കുന്നു. അതുപോലെ ഹ്യുണ്ടായ് (HD KSOE), മയേഴ്സ്ക് (Maersk), ഡ്രൈഡോക്സ് വേൾഡ് എന്നിവയുമായുള്ള സഹകരണവും വാഡിനാറിലെ റിപ്പയറിംഗ് സൗകര്യങ്ങളുടെ വിപുലീകരണവും കൊച്ചിൻ ഷിപ്പ്‍യാർഡിന് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടാതെ, കേന്ദ്ര സർക്കാരിന്റെ 70,000 കോടി രൂപയുടെ ഷിപ്പ് ബിൽഡിംഗ് പാക്കേജും മേഖലയ്ക്ക് കരുത്താകുമെന്നും അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT