Image Courtesy : Cochin Shipyard 
Markets

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നല്ല 'സമയം', ജൂണില്‍ ലാഭം ₹187.8 കോടി; ഓഹരിവിലയിലും ഉണര്‍വ്

മികച്ച പാദഫലം പുറത്തുവന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ ഇന്ന് രാവിലത്തെ സെഷനില്‍ തന്നെ നേട്ടത്തിലെത്തിച്ചിട്ടുണ്ട്. രാവിലെ ഒരു ശതമാനത്തിനടുത്ത് ഓഹരിവില ഉയര്‍ന്നു

Dhanam News Desk

കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ നിര്‍മാണശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ( Cochin Shipyard Limited (CSL) ജൂണ്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വര്‍ധന. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ലാഭം 7.9 ശതമാനം വര്‍ധിച്ച് 187.8 കോടി രൂപയായി. വരുമാനത്തിലാകട്ടെ 38.5 ശതമാനത്തിന്റെ വര്‍ധന. മുന്‍ വര്‍ഷത്തെ 771.5 കോടി രൂപയില്‍ നിന്ന് 1,068 കോടി രൂപയിലേക്കാണ് വരുമാനം ഉയര്‍ന്നത്.

അതേസമയം, മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തെ അപേക്ഷിച്ച് വരുമാനവും ലാഭവും ഉയര്‍ന്നിട്ടില്ല. 1,651 കോടിയാണ് മാര്‍ച്ച് പാദത്തെ വരുമാനം. ലാഭം 285 കോടി രൂപയും. നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം (EBITDA) 35.4 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ 177.8 കോടി രൂപയില്‍ നിന്ന് 241.3 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

കൂടുതല്‍ കരാറുകള്‍

അടുത്തിടെ നിരവധി പുതിയ കരാറുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചിരുന്നു. കൊറിയയിലെ പ്രമുഖ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്ഷോര്‍ എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡുമായി ദീഘകാലത്തേക്കുള്ള ധാരണാപത്രവും ജൂലൈയില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ കപ്പല്‍ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സമുദ്ര സുരക്ഷാ രംഗത്ത് ശക്തമായ സാന്നിധ്യമാണ്.

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മിച്ച കമ്പനി ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ എന്നിവക്ക് സേവനം നല്‍കുന്നുണ്ട്. യുഎസ്, ജര്‍മനി, നോര്‍വേ, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള കപ്പലുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

മികച്ച പാദഫലം പുറത്തുവന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളെ ഇന്ന് രാവിലത്തെ സെഷനില്‍ തന്നെ നേട്ടത്തിലെത്തിച്ചിട്ടുണ്ട്. രാവിലെ ഒരു ശതമാനത്തിനടുത്ത് ഓഹരിവില ഉയര്‍ന്നു.

Cochin Shipyard posts strong June quarter growth with higher revenue, profit, and stock gains

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT