Image : Cochin Shipyard Twitter and Canva 
Markets

ഓഹരി വിഭജനത്തിന് പിന്നാലെ വന്‍ മുന്നേറ്റവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

ഇന്നാണ് ഓഹരി വിഭജനം പ്രാബല്യത്തില്‍ വന്നത്

Anilkumar Sharma

കൊച്ചി ആസ്ഥാനമായുള്ള മുന്‍നിര കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികളില്‍ മികച്ച മുന്നേറ്റം.

ഓഹരികള്‍ വിഭജിക്കുമെന്നും അതിനുള്ള റെക്കോഡ് തീയതി 2024 ജനുവരി 10 ആയിരിക്കുമെന്നും കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 10 രൂപ മുഖവിലയുണ്ടായിരുന്ന ഓഹരി 5 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളായി ഇന്ന് വിഭജിച്ചു.

ആകെ 13.15 കോടി ഓഹരികളാണ് കമ്പനിക്കുണ്ടായിരുന്നത്. ഓഹരി വിഭജനത്തോടെ എണ്ണം 26.31 കോടിയായി. അതേസമയം, ഓഹരി വില പാതിയാവുകയും ചെയ്തു. അതായത്, ഇന്നലെ (ജനുവരി 09) വ്യാപാരാന്ത്യത്തില്‍ ഓഹരിവില 1,337.4 രൂപയായിരുന്നു. ഇന്ന് ഓഹരി വിഭജനം നടന്ന പശ്ചാത്തലത്തില്‍ ഇതിന്റെ നേര്‍പകുതിയായ 668.70 രൂപയാണ് വ്യാപാരാന്ത്യ വിലയായി പരിഗണിച്ച്, ഇന്ന് വ്യാപാരം ആരംഭിച്ചത്.

ഓഹരികളില്‍ കുതിപ്പ്

ഇന്നലത്തെ വ്യാപാരാന്ത്യ വില 668.70 രൂപയായി കണക്കിലെടുത്താണ് ഇന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. ഇന്നൊരുവേള ഓഹരി വില 8 ശതമാനത്തോളം ഉയര്‍ന്ന് 722.90 രൂപവരെ എത്തി. 6.18 ശതമാനം ഉയര്‍ന്ന് 710.65 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

മുന്നേറ്റത്തിന്റെ കാലം

ജനുവരി 10 പ്രകാരം ഓഹരിയുടമയുടെ ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെ എണ്ണം കണക്കാക്കിയാണ് ഇനിമുതല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അവകാശ ഇഷ്യൂ (Rights issue), ബോണസ് ഓഹരി, ലാഭവിഹിതം തുടങ്ങിയവ പ്രഖ്യാപിക്കുക.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 190 ശതമാനത്തിലധികം നേട്ടം (return) ഓഹരി ഉടമകള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍.

നിലവില്‍ 22,000 കോടി രൂപയിലധികം ഓര്‍ഡറുകള്‍ കൈവശമുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. 488 കോടി രൂപയുടെ പ്രതിരോധ ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് കഴിഞ്ഞമാസവും കമ്പനി അറിയിച്ചിരുന്നു. 18,757 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT