ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂൺ 15-19) ആഗോള കമ്മോഡിറ്റി വിപണിയിൽ വിലയേറിയ ലോഹങ്ങൾക്കും ക്രൂഡ് ഓയിലിനും വിലയിടിവ് നേരിട്ടു. അതേസമയം, ആവശ്യകത വർധിക്കുമെന്ന സൂചനകളെ തുടർന്ന് നാച്വറൽ ഗ്യാസ് നേട്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. പലിശ നിരക്കുകൾ ദീർഘകാലം ഉയർന്ന നിരക്കിൽ തുടരുമെന്ന യു.എസ് ഫെഡറൽ റിസർവിന്റെ കർക്കശ നിലപാടും അതുവഴി ശക്തിപ്പെടുന്ന ഡോളറുമാണ് ഈ കടന്നുപോകുന്ന ആഴ്ചയിൽ പ്രധാന കമ്മോഡിറ്റികളുടെ പ്രകടനത്തെ സ്വാധീനിച്ചത്.
തുടർച്ചയായ മൂന്നാം ആഴ്ചയിലും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആഴ്ചയുടെ തുടക്കത്തിൽ നേരിയ നഷ്ടത്തോടെ 4,210 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണം 1.51 ശതമാനം ഇടിവ് നേരിട്ട് 4,156 ഡോളറിലാണ് ക്ലോസിങ് കുറിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വാങ്ങുന്നവരുടെ താത്പര്യം കുറഞ്ഞതും യു.എസ് ഡോളറിന്റെ കരുത്ത് വർധിച്ചതുമാണ് സ്വർണ വില കുറയാൻ കാരണമായത്. ഫ്യൂച്ചേഴ്സ് കോൺട്രാക്ടിനെ സാങ്കേതികമായി വിലയിരുത്തിയാൽ, സ്വർണത്തിൽ ഇനിയും തിരുത്തൽ നേരിട്ടാൽ 4,099 ഡോളർ നിലവാരത്തിൽ നിന്നും പ്രാരംഭ പിന്തുണ പ്രതീക്ഷിക്കാം. ഇവിടം തകർന്നാൽ സ്വർണ വില 4,000 ഡോളറിലുള്ള പ്രധാന സപ്പോർട്ട് സോണിലേക്ക് നീങ്ങാം. അതേസമയം സ്വർണം കുതിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ 4,219 ഡോളറിലും ഇവിടം മറികടന്നാൽ 4,329 ഡോളറിലും പ്രതിരോധം (റെസിസ്റ്റൻസ്) നേരിടേണ്ടി വരും.
അതുപോലെ വെള്ളി വിലയിലും ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ തിരുത്തൽ പ്രകടമായി. ആഴ്ചയുടെ തുടക്കത്തിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ 65.77 ഡോളറിൽ ഫ്ലാറ്റ് ഓപ്പണിംഗോടെ വ്യാപാരം ആരംഭിച്ച വെള്ളിയുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകൾ, വ്യാവസായിക ലോഹങ്ങളിലെ പൊതുവായ തളർച്ചയും ലാഭമെടുപ്പും കാരണം ആഴ്ച കാലയളവിൽ 1.41 ശതമാനം താഴ്ന്ന് 64.83 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം വരുന്ന ആഴ്ചയിൽ വെള്ളിയിൽ കൂടുതൽ തിരുത്തൽ നേരിടുകയാണെങ്കിൽ 61.50 ഡോളർ നിലവാരം പിന്തുണയായി വർത്തിക്കും. മറിച്ച് മുന്നേറാനാണ് പരിശ്രമിക്കുന്നതെങ്കിൽ 68 ഡോളറിലും ഇവിടം മറികടന്നാൽ 73.10 ഡോളറിലും പ്രതിരോധം നേരിടേണ്ടി വന്നേക്കും.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടിൽ ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ശക്തമായ തിരുത്തൽ ദൃശ്യമായി. വിതരണ ശൃംഖലയിൽ നേരിടുന്ന സംഭവവികാസങ്ങൾക്ക് ഉപരിയായി ആഗോളതലത്തിൽ ഇന്ധന ആവശ്യകത കുറയുമെന്ന ആശങ്കകളെ തുടർന്ന്, ക്രൂഡ് ഓയിൽ 7.40 ശതമാനം ഇടിഞ്ഞ് 80.37 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്യൂച്ചേഴ്സ് കോൺട്രാക്ടിനെ സാങ്കേതികമായി വിലയിരുത്തിയാൽ, ക്രൂഡ് ഓയിൽ ഇപ്പോൾ 75.75 ഡോളർ എന്ന നിർണായക പിന്തുണ മേഖലയ്ക്ക് അടുത്താണ്. ഈ നിലവാരം നിലനിർത്തിയാൽ ക്രൂഡ് ഓയിൽ 85 ഡോളർ നിലവാരത്തിലേക്ക് വരെ തിരികെ കയറിയേക്കാം. താഴേക്ക് 66.80 ഡോളറിലാണ് അടുത്ത പ്രധാന പിന്തുണയുള്ളത്.
നാച്വറൽ ഗ്യാസ് വിപണി മുൻപത്തെ നഷ്ടങ്ങളിൽ നിന്ന് മികച്ച നിലയിലേക്ക് കരകയറി. ആഴ്ചയുടെ തുടക്കത്തിൽ ഇടിവ് നേരിട്ടെങ്കിലും പിന്നീട് ആഭ്യന്തര സംഭരണ കണക്കുകളും സീസണൽ ഡിമാൻഡും അനുകൂലമായതോടെ 2.23 ശതമാനം നേട്ടത്തോട 3.24 ഡോളറിലാണ് നാച്വറൽ ഗ്യാസ് ഫ്യൂച്ചേഴ്സ് കോൺട്രാക്ട് ക്ലോസിങ് കുറിച്ചത്. വിപണിയിൽ 3.40 ഡോളർ നിരക്കിന് മുകളിലേക്ക് നാച്വറൽ ഗ്യാസ് വില എത്തിച്ചേർന്നാൽ കൂടുതൽ മുന്നേറ്റത്തിന് വഴിതെളിയും (ബുൾ റാലി). അതേസമയം തിരുത്തൽ നേരിടുകയാണെങ്കിൽ 2.98 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
വരുന്ന വ്യാപാര ആഴ്ചയിൽ (ജൂൺ 22-26) യു.എസിൽ നിന്നും പുറത്തുവരുന്ന കോർ പി.സി.ഇ പണപ്പെരുപ്പ സൂചികകളാണ് കമ്മോഡിറ്റി വിപണിയുടെ ഭാവിഗതി നിശ്ചയിക്കുക. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് ഈ സൂചികയെയാണെന്നതും പ്രാധാന്യം വർധിപ്പിക്കുന്നു. പണപ്പെരുപ്പ നിരക്ക് ഉയർന്നാൽ അത് സ്വർണത്തിനും വെള്ളിക്കും വീണ്ടും തിരിച്ചടിയായേക്കാം. കൂടാതെ ഫെഡ് റിസർവിന്റെ തലപ്പത്തുള്ളവരുടെ പ്രസ്താവനകളും വിപണി ഉറ്റുനോക്കുന്നു.
യു.എസ്, യൂറോ മേഖല, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള മാനുഫാക്ചറിംഗ്, സർവീസസ് പി.എം.ഐ കണക്കുകൾ ആഗോള വിപണിയിലെ കമ്മോഡിറ്റികളുടെ ആവശ്യകത സംബന്ധിച്ച സൂചനകൾ നൽകും. ക്രൂഡ് ഓയിൽ വിപണിയിൽ യു.എസ് സംഭരണ (Inventory) റിപ്പോർട്ടുകൾക്കൊപ്പം ചൈനയുടെ ലോൺ പ്രൈം റേറ്റ് (LPR) തീരുമാനങ്ങളും നിർണായകമാകും. യു.എസ് — ഇറാൻ സമാധാന ചർച്ചകളിലെ പുരോഗതിയും ക്രൂഡ് ഓയിൽ വിപണിയിലെ അസ്ഥിരത കുറയ്ക്കാൻ സഹായിച്ചേക്കും.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധനെ മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine