ആഗോളതലത്തിൽ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ, സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വം, ഊർജ്ജ ആവശ്യകതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, വരുന്ന ആഴ്ചയിൽ (2026 മേയ് 25 - 29) കമ്മോഡിറ്റി വിപണിയിൽ ശക്തമായ ചാഞ്ചാട്ടങ്ങൾ പ്രകടമാകാൻ സാധ്യതയുണ്ട്. യു.എസിൽ നിന്നുള്ള പണപ്പെരുപ്പ നിരക്കുകളും കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ധനനയ നിലപാടുകളും വിലയേറിയ ലോഹങ്ങളുടെ (Precious metals) വിലയെ നേരിട്ട് സ്വാധീനിച്ചേക്കാം.
അതോടൊപ്പം, രാജ്യാന്തര വിപണിയിലെ എണ്ണ ശേഖരത്തിന്റെ അളവ്, വിതരണ ശൃംഖലയിലെ മാറ്റങ്ങൾ, ആഗോള തലത്തിലെ മൊത്തം ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഊർജ്ജ വിപണിയിലെ (Energy commodities) തുടർ നീക്കങ്ങളുടെ ഗതി നിശ്ചയിക്കപ്പെടുക.
യു.എസിലെ കോർ പി.സി.ഇ (Core PCE) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്, യു.എസ് ജി.ഡി.പി ഡാറ്റ, ഫെഡറൽ റിസർവിലെ പ്രതിനിധികളുടെ പ്രസംഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ എന്നിവയായിരിക്കും സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വിലയെ പ്രധാനമായും സ്വാധീനിക്കുക. പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്നത് യു.എസ് ഡോളറിന് കരുത്തു പകരുമെന്നതിനാൽ ഇത് ബുള്ളിയൻ വിപണിക്കുമേൽ സമ്മർദ്ദം ചെലുത്തിയേക്കാം. എന്നാൽ, യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമുള്ള ദുർബലമായ സാമ്പത്തിക സൂചനകൾക്കിടയിൽ, പണപ്പെരുപ്പ നിരക്കുകൾ കുറയുകയാണെങ്കിൽ, അത് സുരക്ഷിത നിക്ഷേപം (Safe-haven asset) എന്ന നിലയിൽ സ്വർണ്ണത്തിനും വെള്ളിക്കുമുള്ള ആവശ്യകത വർധിപ്പിക്കാൻ കാരണമാകും.
അതേസമയം ക്രൂഡ് ഓയിൽ ശേഖരവുമായി (ഇൻവെന്ററി) ബന്ധപ്പെട്ട എ.പി.ഐ, ഇ.ഐ.എ എന്നിവയുടെ റിപ്പോർട്ടുകൾ, യു.എസ് ജി.ഡി.പി, ഡ്യൂറബിൾ ഗുഡ്സ് ഓർഡറുകൾ, ചൈനയിലെ എണ്ണ ആവശ്യകതയെക്കുറിച്ചുള്ള വിവരങ്ങൾ, ബേക്കർ ഹ്യൂസ് റിഗ് കൗണ്ട് (Baker Hughes rig counts) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന ആഴ്ചയിൽ ക്രൂഡ് ഓയിൽ വിപണിയിലെ നീക്കങ്ങളെ സ്വാധീനിക്കുന്നത്. യു.എസിലെ സംഭരണ ഡാറ്റയും കാലാവസ്ഥാ പ്രവചനങ്ങളുമാണ് നാച്വറൽ ഗ്യാസിലെ ട്രേഡർമാർ പ്രധാനമായും നിരീക്ഷിക്കുന്നത്. വിപണിയിലെ നിലവിലെ ശേഖരത്തിന്റെ അളവ് നാച്വറൽ ഗ്യാസിന്റെ വിലയിലുണ്ടാകാവുന്ന ഹ്രസ്വകാല നീക്കങ്ങളെ സ്വാധീനിക്കും.
ചുരുക്കത്തിൽ, പണപ്പെരുപ്പ നിരക്ക്, ക്രൂഡ് ഓയിൽ ശേഖരവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, കേന്ദ്ര ബാങ്കുകളിൽ നിന്നും സമ്പദ്‍വ്യവസ്ഥയെ കുറിച്ച് വരുന്ന പ്രസ്താവനകൾ എന്നിവയൊക്കെ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ, വരുന്ന ആഴ്ചയിലും കമ്മോഡിറ്റി വിപണിയിൽ കടുത്ത ചാഞ്ചാട്ടം (Volatility) പ്രതീക്ഷിക്കാം.
ഈ കടന്നുപോയ ആഴ്ചയിൽ സ്വർണ വിലയിൽ (ഒരു ഔൺസ്) 0.67 ശതമാനം ഇടിവ് രേഖപ്പെടുത്തി. 4,531.02 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണ്ണം വാരന്ത്യത്തിൽ 4,508.93 ഡോളറിലെത്തി. ടെക്നിക്കൽ അനാലിസിസ് പ്രകാരം, 4,774 ഡോളറിന് താഴെ തുടരുന്നിടത്തോളം സ്വർണത്തിൽ ഒരു നെഗറ്റീവ് ട്രെൻഡ് തുടരാനാണ് സാധ്യത. ഇത് സ്വർണ വിലയെ പ്രധാന സപ്പോർട്ട് മേഖലയായ 4,420 ഡോളറിലേക്ക് വരെ തള്ളിയിടാനും പ്രേരണയേകാം. എന്നാൽ 4,774 ഡോളർ നിലവാരത്തിന് മുകളിലേക്ക് എത്തിച്ചേർന്നാൽ നിക്ഷേപക താത്പര്യം വർധിക്കാം. ഇത് വില കൂടുതൽ ഉയർത്താൻ ഇടയാക്കും. എങ്കിൽ മുന്നിലുള്ള പ്രതിരോധ കടമ്പ 4,995 ഡോളറിലാണ് ഉള്ളത്.
അതേസമയം 0.55 ശതമാനം ഇടിവ് നേരിട്ട് 75.48 ഡോളർ നിലവാരത്തിലാണ്, ഈ ആഴ്ചയിൽ വെള്ളിയുടെ വ്യാപാരം അവസാനിപ്പിച്ചത്. നിശ്ചിത പരിധിക്കുള്ളിൽ (റേഞ്ച്-ബൗണ്ട്) തങ്ങിനിൽക്കുന്ന പ്രകടനമാണ് കാണാനായത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, 72.20 ഡോളറിലെ സപ്പോർട്ട് നിലനിർത്താൻ സാധിച്ചാൽ 81.00 ഡോളറിലേക്ക് വരെ വെള്ളി വില തിരിച്ചു കയറിയേക്കാം. എന്നാൽ 72 ഡോളർ നിലവാരത്തിലെ സപ്പോർട്ട് സോൺ തകർക്കപ്പെട്ടാൽ വെള്ളിയിൽ കൂടുതൽ വിൽപ്പന സമ്മർദം ഉയരാനുള്ള സാധ്യതയാണുള്ളത്.
ഈ കടന്നുപോകുന്ന ആഴ്ചയിൽ 109.75 ഡോളറിൽ വ്യാപാരം ആരംഭിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ, ലാഭമെടുപ്പും (Profit booking) വിപണിയിലെ കടുത്ത അസ്ഥിരതയും കാരണം 4.8 ശതമാനം ഇടിഞ്ഞ് 104.24 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇനി ക്രൂഡ് ഓയിൽ വില താഴേക്ക് പോവുകയാണെങ്കിൽ ആദ്യത്തെ ശക്തമായ പിന്തുണ (Support Levels) 99.50 ഡോളറിലാണ് പ്രതീക്ഷിക്കുന്നത്. ഇത് മറികടന്നാൽ അടുത്ത പിന്തുണ 92.40 ഡോളറിലായിരിക്കും. ക്രൂഡ് ഓയിൽ മുന്നേറാൻ ശ്രമിക്കുകയാണെങ്കിൽ 112.70 ഡോളറിലും അതിനു മുകളിൽ 119.50 ഡോളറിലും പ്രതിരോധം (Resistance Levels) നേരിടേണ്ടി വന്നേക്കാം. നിലവിലെ പിന്തുണ നിലവാരത്തിന് (99.50 ഡോളർ) മുകളിൽ തുടരാൻ സാധിച്ചാൽ, വരുന്ന ആഴ്ചയിൽ വിപണി സ്ഥിരത കൈവരിക്കാനും (Consolidation) തിരിച്ചുവരവ് നടത്താനുമുള്ള ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാം.
അതേസമയം രാജ്യാന്തര വിപണിയിൽ ഈ ആഴ്ച നാച്വറൽ ഗ്യാസിൽ വിലയിടിവ് രേഖപ്പെടുത്തി. ആഴ്ചയുടെ തുടക്കത്തിൽ 3.13 ഡോളറായിരുന്ന വില, വ്യാപാരത്തിനിടയിൽ നേരിട്ട തുടർച്ചയായ വിൽപന സമ്മർദ്ദവും അസ്ഥിരതയും മൂലം 2.2 ശതമാനം ഇടിഞ്ഞ് 3.04 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിലവിൽ 2.91 ഡോളറിലും 2.67 ഡോളർ നിലവാരത്തിലുമാണ് നാച്വറൽ ഗ്യാസിൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നത്. ഇതിന് മുകളിൽ തുടർന്നാൽ നാച്വറൽ ഗ്യാസിൽ ഒരു തിരിച്ചുവരവ് സാധ്യമാണ്. എന്നാൽ, പ്രതിരോധ കടമ്പകളായ (Resistance) 3.17 — 3.50 ഡോളർ മറികടക്കാതിരിക്കുകയും സപ്പോർട്ട് സോൺ ഭേദിക്കപ്പെടുകയും ചെയ്താൽ വില വീണ്ടും ഇടിഞ്ഞേക്കാം.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധനെ മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine