പ്രതീകാത്മക ചിത്രം (Image Source: Canva) 
Markets

കമ്മോഡിറ്റി മാർക്കറ്റ് റിപ്പോർട്ട്: വരുന്ന ആഴ്ചയിൽ സ്വർണത്തിന് വില കൂടുമോ? ക്രൂഡ് ഓയിൽ വില ഇടിയുമോ?

സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, നാച്വറൽ ഗ്യാസ് എന്നിവയുടെ വരുന്ന ആഴ്ചയിലെ സാധ്യതകളും കമ്മോഡിറ്റി വിപണിയിൽ ഇനി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളും അറിയാം

Jose Mathew T

വരുന്ന വ്യാപാര ആഴ്ചയിൽ (ജൂലൈ 13-17) പുറത്തുവരുന്ന യു.എസ് സി.പി.ഐ/പി.പി.ഐ ഡാറ്റകൾ, ഫെഡ് പലിശനിരക്ക് സൂചനകൾ, ഒപെക് മീറ്റിംഗ്, യു.എസ് ഇൻവെന്ററി റിപ്പോർട്ടുകൾ, ചൈനയുടെ ജി.ഡി.പി/വ്യാവസായിക ഉത്പാദനം, റീട്ടെയിൽ വിൽപ്പന കണക്കുകൾ എന്നിവയാണ് കമ്മോഡിറ്റി വിപണിയുടെ ഭാവി ഗതി നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.

സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് എന്നിവയുടെ വിപണി വിലകളിൽ വൻ ചാഞ്ചാട്ടത്തിന് കാരണമായേക്കാവുന്ന നിർണായക ആഗോള സംഭവങ്ങളാണ് വരുന്ന വ്യാപാര ആഴ്ചയിൽ (ജൂലൈ 13-17) കാത്തിരിക്കുന്നത്. യു.എസ് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (CPI), പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (PPI) ഡാറ്റ എന്നിവയാകും നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് തീരുമാനങ്ങളെ സ്വാധീനിക്കാൻ പോന്നവയാണിവ.

പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഡോളർ ശക്തിപ്പെടാനും അതുവഴി സ്വർണത്തിനും വെള്ളിക്കും വിലയിടിവ് നേരിടാനും കാരണമാകും. മറിച്ച്, പണപ്പെരുപ്പം കുറയുകയാണെങ്കിൽ അത് വിലയേറിയ ലോഹങ്ങളുടെ വില വർധിക്കാൻ സഹായിക്കും. കൂടാതെ അടുത്ത കാഴ്ചയളവിനിടെ വിവിധ ഫെഡ് റിസർവ് ഉദ്യോഗസ്ഥരിൽ നിന്നും കടന്നുവരുന്ന പ്രസ്താവനകളും കമ്മോഡിറ്റി വിപണിയെ സ്വാധീനിച്ചേക്കാം.

ക്രൂഡ് ഓയിൽ വിപണിയിൽ ഒപെക് (OPEC) മീറ്റിംഗും എ.പി.ഐ/ഇ.ഐ.എ തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള യു.എസ് ഇൻവെൻ്ററി റിപ്പോർട്ടുകളുമാകും നിർണായകം. ഒപെക് വിതരണം കുറയ്ക്കുമെന്ന സൂചനയോ യു.എസ് ശേഖരത്തിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവോ ഉണ്ടായാൽ ക്രൂഡ് ഓയിൽ വില ഉയർന്നേക്കാം. നേരെമറിച്ച് ശേഖരം വർധിച്ചാൽ അത് വിലയെ സമ്മർദ്ദത്തിലാക്കും.

ലോകത്തിലെ ഏറ്റവും വലിയ കമ്മോഡിറ്റി ഉപഭോക്താക്കളായ ചൈനയുടെ രണ്ടാം സാമ്പത്തിക പാദത്തിലെ ജി.ഡി.പി, വ്യാവസായിക ഉത്പാദനം, റീട്ടെയിൽ വിൽപ്പന, ട്രേഡ് ബാലൻസ് തുടങ്ങിയ സാമ്പത്തിക കണക്കുകളും കമ്മോഡിറ്റി വിപണി സൂക്ഷ്മമായി നിരീക്ഷിക്കും. ചൈനയിൽ നിന്നുള്ള ഈ സാമ്പത്തിക ഡാറ്റകൾ മികച്ച നിലയിലാണ് രേഖപ്പെടുത്തുന്നതെങ്കിൽ, ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ളവയുടെ ഡിമാൻഡ് വർധിക്കും.

അതേസമയം നാച്വറൽ ​ഗ്യാസ് ഫ്യൂച്ചേഴ്സിലെ ട്രേഡർമാരുടെ ശ്രദ്ധ യു.എസ് നാച്വറൽ ഗ്യാസ് സംഭരണം സംബന്ധിച്ച റിപ്പോർട്ടിലേക്കാകും. ചുരുക്കത്തിൽ വരുന്ന വ്യാപാര ആഴ്‌ചയിൽ (ജൂലൈ 13-17) ആഗോള സാമ്പത്തിക ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയാകും കമ്മോഡിറ്റി വിപണി നീങ്ങുക.

സ്വർണം

കഴിഞ്ഞ ആഴ്‌ച 1.27 ശതമാനം നേട്ടത്തോടെ 4,175 ഡോളർ നിലവാരത്തിലാണ് സ്വർണം (​ഗോൾഡ് ഫ്യൂച്ചേഴ്സ്) വ്യാപാരം ആരംഭിച്ചത് (തൊട്ടു മുമ്പത്തെ ആഴ്ചയിലെ ക്ലോസിംഗ് 4,123 ഡോളറിൽ). ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ഡിമാൻഡ് തുടക്കത്തിൽ മികച്ച മുന്നേറ്റത്തിന് വഴിയൊരുക്കിയെങ്കിലും ഉയർന്ന നിലവാരങ്ങളിലേക്ക് നീങ്ങവേ ലാഭമെടുപ്പ് ശക്തമായി. ഇതോടെ മുൻ ആഴ്ചയെ അപേക്ഷിച്ച് 0.06 ശതമാനം നഷ്ടത്തോടെ 4,120 ഡോളറിലാണ് സ്വർണത്തിലെ വ്യാപാരം അവസാനിപ്പിച്ചത്.

  • ഇനിയെന്ത്? : സ്വർണം നിലവിൽ ഒരു നിർണായക ഡിമാൻഡ് സോണിലാണുള്ളത്. 4,085 ഡോളർ, 3,940 ഡോളർ നിലവാരങ്ങളിലാണ് പ്രധാന സപ്പോർട്ട് പ്രതീക്ഷിക്കാവുന്നത്. മറിച്ച് മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ 4,220 ഡോളർ, 4,330 ഡോളർ നിലവാരങ്ങളിൽ റെസിസ്റ്റൻസ് നേരിടാം. വില 4,085 ഡോളറിന് മുകളിൽ തുടർന്നാൽ മാത്രമേ വരുന്ന ദിവസങ്ങളിൽ സ്വർണം തിരിച്ചു കയറാനുള്ള സാധ്യതയുള്ളൂ.

വെള്ളി

തൊട്ട് മുൻ ആഴ്ചയിലെ ക്ലോസിംഗിൽ നിന്നും 2.26 ശതമാനം നേട്ടത്തോടെ 62.35 ഡോളറിലാണ് വെള്ളി (സിൽവർ ഫ്യൂച്ചേഴ്സ്) വ്യാപാരം തുടങ്ങിയത്. എന്നാൽ ഡോളർ ശക്തിപ്പെട്ടതും പ്രധാന സാമ്പത്തിക ഡാറ്റകൾ പുറത്തുവരാനിരിക്കുന്നതും നിക്ഷേപകരെ വിൽപ്പനക്കാരാക്കി മാറ്റി. 1.87 ശതമാനം ഇടിവോടെ 59.83 ഡോളറിലാണ് വെള്ളിയുടെ ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്.

  • ഇനിയെന്ത്? : 56.50 ഡോളർ, 50.50 ഡോളർ നിലവാരങ്ങളിൽ സപ്പോർട്ടും 65.00 ഡോളർ, 71.50 ഡോളർ നിലവാരങ്ങളിൽ റെസിസ്റ്റൻസും പ്രതീക്ഷിക്കാം. 65 ഡോളർ നിലവാരം മറികടന്നാൽ മാത്രമേ വെള്ളിയിൽ ബുൾ ട്രെൻഡ് ശക്തമാകാൻ സാധ്യതയുള്ളൂ. 56.50 ഡോളർ നിലവാരം തകർത്താൽ വില ഇനിയും ഇടിയാനും സാധ്യതയുണ്ട്.

ബ്രെൻ്റ് ക്രൂഡ് ഓയിൽ

71.90 ഡോളറിൽ വ്യാപാരം ആരംഭിച്ച ബ്രെൻ്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ട് (തൊട്ട് മുൻ ആഴ്ചയിലെ ക്ലോസിംഗ് 71.93 ഡോളർ) തുടക്കത്തിൽ നേരിയ സമ്മർദ്ദം നേരിട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചുകയറി. വിതരണം കുറയുമെന്ന ആശങ്കകളും കുറഞ്ഞ യു.എസ് ക്രൂഡ് ഓയിൽ ശേഖരവും വില ഉയർത്തി. 4.57ശതമാനം മികച്ച നേട്ടത്തോടെ 75.22 ഡോളറിലാണ് ഈയാഴ്ചയിലെ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് വ്യാപാരം അവസാനിപ്പിച്ചത്.

  • ഇനിയെന്ത്? : നിർണായക സപ്പോർട്ടിൽ നിന്നും പിന്തുണയാർജിച്ച് ബ്രെൻ്റ് ക്രൂഡ് ഓയിൽ കരകയറിയിട്ടുണ്ട്. 71.00 ഡോളറും 65.20 ഡോളറിലും ആണ് പ്രധാന സപ്പോർട്ട് ഉള്ളത്. 80.35 ഡോളർ, 85.80 ഡോളർ നിലവാരങ്ങളിൽ നിന്നും റെസിസ്റ്റൻസ് പ്രതീക്ഷിക്കാം. വില 71 ഡോളറിന് മുകളിൽ തുടർന്നാൽ വരുന്ന ആഴ്ചയിലും ക്രൂഡ് ഓയിൽ വിപണിയിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം.

നാച്വറൽ ​ഗ്യാസ്

3.1524 ഡോളറിൽ ഈയാഴ്ച വ്യാപാരം ആരംഭിച്ച നാച്വറൽ ​ഗ്യാസ് ഫ്യൂച്ചേഴ്സ് കോൺട്രാക്ട് (തൊട്ട് മുൻ ആഴ്ചയിലെ ക്ലോസിംഗ് 3.2004 ഡോളർ) കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്. സ്റ്റോറേജ് ഉയർന്നതും വിതരണം സുഗമമാകുമെന്ന പ്രതീക്ഷയുമാണ് കാരണം. 8.91 ശതമാനം ഇടിഞ്ഞ് 2.9152 ഡോളറിലാണ് നാച്വറൽ ​ഗ്യാസ് ഫ്യൂച്ചേഴ്സിന്റെ ക്ലോസിം​ഗ് കുറിച്ചത്.

  • ഇനിയെന്ത്? : നിർണായകമായ 3 ഡോളർ നിലവാരം തകർന്നത് നാച്വറൽ ​ഗ്യാസിലെ ബെയറിഷ് ട്രെൻഡ് വ്യക്തമാക്കുന്നു. 2.67 ഡോളറിലും 2.37 ഡോളറിലും ആണ് പ്രധാന സപ്പോർട്ട് പ്രതീക്ഷിക്കാവുന്നത്. മറുവശത്ത് 3.06 ഡോളർ, 3.40 ഡോളർ എന്നിവയാണ് പ്രധാന റെസിസ്റ്റൻസ് നിലവാരങ്ങൾ.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT