canva
Markets

ഈയാഴ്ച കമ്മോഡിറ്റി വിപണി എങ്ങനെയാകും; സ്വർണവും വെള്ളിയും തിളങ്ങുമോ; ക്രൂഡ് ഓയിൽ ഇറങ്ങുമോ?

അമേരിക്കയുടെ സാമ്പത്തിക വിവരങ്ങൾ, ആഗോള പി.എം.ഐ (PMI) സൂചികകൾ, ക്രൂഡ് ഓയിൽ സ്റ്റോക്ക് എന്നിവയാകും മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ഈ വ്യാപാര ആഴ്ചയിൽ കമ്മോഡിറ്റി മാർക്കറ്റിന്റെ ഗതി നിർണ്ണയിക്കുക.

Jose Mathew T

ഈ വ്യാപാര ആഴ്ചയിൽ (മാർച്ച് 30 - ഏപ്രിൽ 3) പ്രധാനമായും യു.എസ് സാമ്പത്തിക ഡേറ്റകളും ആ​ഗോള പി.എം.ഐ ട്രെൻഡും ക്രൂഡ് ഓയിൽ സംഭംരണത്തിന്റെ കണക്കുകളുമാകും കമ്മോഡിറ്റി വിപണിയെ ചലനാത്മകമാക്കുക. ഈയാഴ്ചയിൽ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് തുടങ്ങിയ പ്രധാന കമ്മോഡിറ്റികളുടെ പ്രതിവാര ടെക്നിക്കൽ അനാലിസിസും ഭാവി കാഴ്ചപ്പാടും വിശദമായി നോക്കാം.

സ്വർണം — ഇനിയെന്ത്?

രാജ്യാന്തര വിപണിയിൽ കഴിഞ്ഞയാഴ്ച സ്വർണം രേഖപ്പെടുത്തിയ ഉയർന്ന വിലനിലവാരം 4,603 ഡോളറും താഴ്ന്ന നിലവാരം 4,099 ഡോളറുമായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച ക്ലോസിങ് കുറിച്ചത് 4,493 ഡോളറിലും. വ്യാപാര ആഴ്ചയ്ക്കിടെ പ്രകടമാക്കിയ വിശാല ട്രേഡിങ് റേഞ്ചും ആഴ്ചക്കാലയളവിൽ കാര്യമായ വില വ്യതിയാനമൊന്നും രേഖപ്പെടുത്താതെയുള്ള ന്യൂട്രൽ ക്ലോസിങ്ങും സൂചിപ്പിക്കുന്നത്, അടുത്തിടെ നേരിട്ട ശക്തമായ വീഴ്ചയ്ക്കുശേഷം സ്വർണത്തിന്റെ ഭാവി നീക്കത്തിലുള്ള അനിശ്ചിതത്വമാണ്.

ടെക്നിക്കൽ അനാലിസിസ് പ്രകാരം നോക്കിയാൽ, ശക്തമായ തിരുത്തൽ നേരിട്ടതിനുശേഷം സ്വർണ വിപണി സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലാക്കാം. നിർണായക പ്രതികരണ മേഖലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സ്വർണത്തിന്റെ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 4,275 ഡോളറിലും ഇതിന് താഴെ 3,890 ഡോളർ നിലവാരത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്നുമാണ് പ്രതീക്ഷ. മറിച്ച് മുന്നേറ്റത്തിനുള്ള ശ്രമത്തിൽ സ്വർണത്തിന് ഇനി ആദ്യം മറികടക്കേണ്ട പ്രതിരോധം 5,040 ഡോളർ നിലവാരത്തിലാണ്. ഇതു മറികടന്നാൽ പിന്നീട് 5,600 ഡോളർ നിലവാരത്തിലാകും കടുത്ത പ്രതിരോധം പ്രതീക്ഷിക്കേണ്ടത്.

ഈയാഴ്ചത്തെ പ്രതീക്ഷ: സ്വർണം സ്ഥിരതയാർജിക്കൽ (Consolidation) ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ചാർട്ടിൽ നിന്നുള്ള സൂചനകൾ. 4,275 ഡോളറിന് മുകളിൽ നിലനിൽക്കാനായാൽ ഹ്രസ്വകാലയളവിൽ സ്ഥിരത കൈവരിക്കാം. ക്രമേണ തിരികെ കയറാനുള്ള ശ്രമവും പ്രകടമാക്കാം. അതേസമയം 5,040 ഡോളർ നിലവാരം മറികടന്നാൽ, കുതിക്കാനുള്ള പുത്തനുണ‌ർവ് സ്വർണത്തിന് കര​ഗതമായേക്കും. എന്നാൽ സ്വർണം ഇപ്പോഴുള്ള നിലവാരത്തിന് മുകളിലേക്ക് പോകാനും തുടരാനും സാധിച്ചില്ലെങ്കിൽ വീണ്ടും വിൽപ്പന സമ്മർദം ഉയരാനും താഴ്ന്ന സപ്പോർട്ട് നിലവാരങ്ങളുടെ കെട്ടുറപ്പ് വീണ്ടും പരീക്ഷിക്കപ്പെടുവാനും സാധ്യതയുണ്ട്.

വെള്ളി — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച വെള്ളിയിൽ കുറിച്ച ഉയർന്ന വിലനിലവാരം 74.55 ഡോളറിലും താഴ്ന്ന നിലവാരം 61 ഡോളറിലുമായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച ക്ലോസിങ് രേഖപ്പെടുത്തിയത് 69.74 ഡോളറിലുമാണ്. കഴിഞ്ഞയാഴ്ചയിൽ 2.72% വർധന വെള്ളി സ്വന്തമാക്കി. അടുത്തിടെ നേരിട്ട ശക്തമായ തിരുത്തലിനു ശേഷം സ്ഥിരതയ്ക്ക് ശ്രമിക്കുന്ന കാഴ്ചയാണ് വെള്ളിയിൽ പ്രകടമായത്. താഴ്ന്ന വില നിലവാരത്തിലേക്ക് വരുമ്പോൾ നിക്ഷേപക താത്പര്യം ജനിക്കുന്നതിന്റെ ലക്ഷണമാണിത്.

ടെക്നിക്കൽ അനാലിസിസ് നോക്കിയാൽ, ഒരു ബേസ് ഫോർമേഷൻ രൂപപ്പെടുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങൾ വെള്ളിയിൽ പ്രകടമായിട്ടുണ്ട്. തൊട്ടടുത്ത സപ്പോർട്ട് നിലവാരം 61.15 ഡോളറിലാണ്. ഇവിടെയാണ് സമീപകാല താഴ്ന്ന (swing low) നിലവാരവും കുറിച്ചിട്ടുള്ളത്. ഇതിന് താഴെ 45.50 ഡോളറിലാണ് പിന്നീടുള്ള ശക്തമായ സപ്പോർട്ട് നിലവാരം. മറുവശത്ത് മുന്നോട്ട് കുതിക്കാനാണെങ്കിൽ ആദ്യം മറികടക്കേണ്ട പ്രതിരോധ കടമ്പ 80.75 ഡോളറിലാണുള്ളത്. ഇവിടം മറികടന്നാൽ പിന്നെ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാവുന്നത് 96.75 ഡോളർ നിലവാരത്തിൽ നിന്നുമാണ്.

ഈയാഴ്ചത്തെ പ്രതീക്ഷ: 61.15 ഡോളർ നിലവാരത്തിന് മുകളിൽ തുടരാനായാൽ, വെള്ളി ഒരു വീണ്ടെടുപ്പ് ഘട്ടത്തിലേക്ക് കടക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. 80.75 ഡോളർ മറികടന്നാൽ ഹ്രസ്വകാല സെന്റിമെന്റ്സ് മെച്ചപ്പെടും. കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാനുള്ള ശ്രമങ്ങൾ ഊർജിതമാകും. എന്നാൽ സപ്പോർട്ട് നിലവാരം തകരാതെ നോക്കാനായില്ലെങ്കിൽ ഇടിവ് നേരിടാനുള്ള സാധ്യതയോടെ വെള്ളിയിലെ വ്യാപാരം ഒരു നിശ്ചിത പരിധിക്കുള്ളിൽ (range-bound) തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് ചാർട്ടിൽ നിന്നും സൂചിപ്പിക്കുന്നത്.

ക്രൂഡ് ഓയിൽ (ബ്രെന്റ്) — ഇനിയെന്ത്?

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ബ്രെന്റ് ക്രൂഡ് ഓയിലിൽ രേഖപ്പെടുത്തിയ ഉയർന്ന വിലനിലവാരം 114.43 ഡോളറിലും താഴ്ന്ന നിലവാരം 93.45 ഡോളറിലുമാണ്. ആഴ്ച കാലയളവിൽ 2.99% നഷ്ടം നേരിട്ട് 106.28 ഡോളറിലാണ് ക്രൂഡ് ഓയിൽ ക്ലോസിങ് കുറിച്ചത്. സമീപകാലത്തെ ശക്തമായ മുന്നേറ്റത്തിനുശേഷം ഒരുവിഭാ​ഗം ട്രേഡർമാർ ലാഭമെടുപ്പിന് തുനി‍ഞ്ഞുവെന്ന് കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ കാഴ്ചവെച്ച പ്രകടനത്തിൽ നിന്നും വായിച്ചെടുക്കാനാകും. ചാഞ്ചാട്ടം ഉയർന്ന നിലയിൽ തന്നെ തുടർന്നു.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, സമീപകാലത്തെ ശക്തമായ കുതിപ്പിനുശേഷം ഹ്രസ്വകാല തിരുത്തൽ ഘട്ടത്തിലേക്കുള്ള പരിവർത്തന പാതയിലാണ് ക്രൂ‍ഡ് ഓയിലുള്ളതെന്നാണ് സൂചനകൾ. ക്രൂഡ് ഓയിലിന്റെ തൊട്ടടുത്ത സപ്പോർട്ട് മേഖല 99.50 ഡോളറിലാകുന്നു. ഇത് നിർണായക ബ്രേക്കൗട്ട് നിലവാരവുമാണ്. ഇതിന് താഴെ 81.15 ഡോളറിലാണ് ശക്തമായ സപ്പോർട്ട് മേഖലയുള്ളത്. മറുവശത്ത്, ക്രൂഡ് ഓയിൽ മുന്നേറ്റം തുടരാനാണെങ്കിൽ മറികടക്കേണ്ട ആദ്യ കടമ്പ 119.45 ഡോളർ നിലവാരമാണ്. ഇതും കടന്നാൽ 137.95 ഡോളറിലാണ് ശക്തമായ പ്രതിരോധം അവശേഷിക്കുന്നത്.

ഈയാഴ്ചത്തെ പ്രതീക്ഷ: നിലവിലെ ക്രൂഡ് ഓയിൽ വിപണിയിലെ സ്ഥിതി സൂചിപ്പിക്കുന്നത്, സമീപകാല കുതിപ്പ് വിപണി ഉൾക്കൊള്ളുകയാണെന്നും അതിനാൽ വേ​​ഗം അൽപ്പമൊന്നു തണുത്തേക്കാം എന്നുമാകുന്നു. 99.50 ഡോളർ നിലവാരം കാത്തുസൂക്ഷിക്കാനായാൽ, ക്രൂഡ് ഓയിലിന്റെ ഭാവി ശോഭനമാണ്. 119.45 ഡോളർ പിന്നിടാൻ സാധിച്ചാൽ കുതിപ്പിനുള്ള ശക്തി വീണ്ടും വർധിക്കുന്നതായിരിക്കും (bullish momentum). എന്നാൽ സപ്പോർട്ട് നിലവാരത്തിന് താഴേക്ക് പോയാൽ, ക്രൂഡ് ഓയിൽ ദീർഘമായ സ്ഥിരതയാർജിക്കൽ (consolidation) ഘട്ടത്തിലേക്കോ ശക്തമായ തിരുത്തലിനോ വിധേയമായേക്കും.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

കഴിഞ്ഞ ആഴ്ചയിൽ നാച്വറൽ ​ഗ്യാസിൽ കുറിച്ച ഉയർന്ന വിലനിലവാരം 3.1394 ഡോളറിലും താഴ്ന്ന നിലവാരം 2.8398 ഡോളറിലുമാണ്. ആഴ്ച കാലയളവിൽ കാര്യമായ വ്യതിയാനം കാണിക്കാതെയുള്ള ഫ്ലാറ്റ് ക്ലോസിങ് (-0.09% നഷ്ടത്തോടെ 3.0735 ഡോളറിൽ) ആണ് രേഖപ്പെടുത്തിയത്. ആഴ്ച കാലയളവിൽ താരതമ്യേന ചെറിയ റേഞ്ചിൽ വ്യാപാരം ചെയ്യപ്പെട്ടതും ഫ്ലാറ്റ് ക്ലോസിങ് നടന്നതും കൂട്ടിവായിച്ചാൽ നാച്വറൽ ​ഗ്യാസിന്റെ ഭാവി നീക്കത്തിന്റെ ​ഗതിയെ കുറിച്ചുള്ള അനിശ്ചിതത്വം വ്യക്തമാകും.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, നോക്കിയാൽ നാച്വറൽ ​ഗ്യാസ് വിപണി നിശ്ചിത സപ്പോർട്ട്/ റെസി​സ്റ്റൻസ് നിലവാരങ്ങൾ‌ക്കിടയിൽ തങ്ങിനിൽക്കുകയാണ്. തൊട്ടടുത്ത സപ്പോ‌ർട്ട് നിലവാരം 2.71 ഡോളറിലാണുള്ളത്. ഇതിന് താഴെ 2.07 ഡോളറിൽ ശക്തമായ പിന്തുണ മേഖലയുമുണ്ട്. മറുവശത്ത് മുന്നേറുന്നതിനായി ആദ്യം മറികടക്കേണ്ട റെസി​സ്റ്റൻസ് മേഖല 3.50 ഡോളറിലാണ്. ഇവിടം പിന്നിട്ടാൽ 4.11 ഡോളറിലാകും അടുത്ത പ്രതിരോധം നേരിടേണ്ടി വരിക.

ഈയാഴ്ചത്തെ പ്രതീക്ഷ: നിലവിലെ നാച്വറൽ ​ഗ്യാസിന്റെ ചാർട്ടിൽ നിന്നുള്ള സൂചനകൾ പ്രകാരം, ഏതെങ്കിലുമൊരു ദിശയിലേക്ക് കാര്യമായ നീക്കങ്ങളില്ലാതെ, നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കുന്ന (range-bound) പ്രകടനം പുറത്തെടുക്കാനാകും സാധ്യത. 2.71 ഡോളർ നിലവാരത്തിന് മുകളിൽ തുടർന്നാൽ ഹ്രസ്വകാല ട്രെൻഡ് സ്ഥിരതയോടെ തുടർന്നേക്കും. സാവധാനം മുന്നേറ്റത്തിനുള്ള ശ്രമവും പുറത്തെടുക്കാം. 3.50 ഡോളർ മറികടന്നാൽ ശക്തമായ കുതിപ്പിനുള്ള ശ്രമവും നടത്താം. അതേസമയം സപ്പോർട്ട് നിലവാരം തകർക്കപ്പെട്ടാൽ താഴേക്ക് വീഴാനും ദീർഘമായ സ്ഥിരതയാർജിക്കൽ ഘട്ടത്തിലേക്ക് പ്രവേശിക്കാനുമാകും സാധ്യത.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT