പ്രതീകാത്മക ചിത്രം Image Source: Canva
Markets

കമ്മോഡിറ്റികളിൽ ബുള്ളിഷ് മുന്നേറ്റം: സ്വർണം, വെള്ളി, ക്രൂഡോയിൽ പുതിയ ആഴ്ചയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

ഓഗസ്റ്റ് 21-ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡോയിൽ എന്നിവ 5 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി; നാച്വറൽ ഗ്യാസും ഉയർന്നു; പുതിയ ആഴ്ചയിൽ (ഓഗസ്റ്റ് 24-28) യു.എസ് സാമ്പത്തിക ഡാറ്റയും ഡോളറും ഫെഡ് നിലപാടുകളും നിർണായകമാകും

Jose Mathew T

ഓഗസ്റ്റ് 21-ന് അവസാനിച്ച ആഴ്ചയിൽ സ്വർണം, വെള്ളി, ബ്രെന്റ് ക്രൂഡോയിൽ എന്നിവയിൽ 5 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി, നാച്വറൽ ഗ്യാസിലും നേരിയ ഉയർച്ച. സ്വർണവും വെള്ളിയും ബുള്ളിഷ് ട്രെൻഡിൽ, ക്രൂഡ് 96-102 ഡോളർ ലക്ഷ്യമിട്ട് മുന്നേറുന്നു. നാച്വറൽ ഗ്യാസ് ന്യൂട്രൽ നിലയിൽ സ്ഥിരത തേടുമ്പോൾ, യു.എസ് സാമ്പത്തിക ഡാറ്റയും ഡോളർ സൂചികയും വിപണി ദിശ നിർണയിക്കും.

കമ്മോഡിറ്റി വിപണിയിൽ ഓഗസ്റ്റ് 21-ന് അവസാനിച്ച വ്യാപാര ആഴ്ചയിൽ സ്വർണ്ണം, വെള്ളി, ബ്രെന്റ് ക്രൂഡോയിൽ എന്നിവയുടെ വിലയിൽ 5 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. നാച്വറൽ ​ഗ്യാസ് വിലയിലും നേരിയ മുന്നേറ്റമുണ്ടായി. യു.എസിൽ നിന്നുള്ള സാമ്പത്തിക ഡാറ്റകൾ, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകൾ, ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയായിരിക്കും വരുന്ന വ്യാപാര ആഴ്ചയിൽ (2026 ഓ​ഗസ്റ്റ് 24-28) കമ്മോഡിറ്റി വിപണിയുടെ ഗതി നിശ്ചയിക്കുക. പുതിയ ആഴ്ചയിൽ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് എന്നിവയുടെ വിശകലനം വിശദമായി നോക്കാം.

സ്വർണം: ശക്തമായ തിരിച്ചുവരവ്

ഈ കടന്നുപോയ ആഴ്ചയുടെ തുടക്കത്തിൽ (ഓ​ഗസ്റ്റ് 17), കാര്യമായ മാറ്റങ്ങളില്ലാതെ 4,376.16 ഡോളറിൽ വ്യാപാരം ആരംഭിച്ച സ്വർണം, താഴ്ന്ന നിലവാരങ്ങളിൽ നിക്ഷേപക താൽപ്പര്യം ഉയർന്നതോടെ ശക്തമായ കുതിപ്പ് നടത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെ ഔൺസിന് 4,632.22 ഡോളർ വരെ വില ഉയർന്ന ശേഷം 4,602.66 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം അവസാനിപ്പിച്ചത് (ഏകദേശം 5.18% വർധന).

  • സപ്പോർട്ട് നിലവാരം: തിരിച്ചുവരവോടെ 4,510 ഡോളർ നിലവാരം പ്രധാന സപ്പോർട്ടായി മാറിയിട്ടുണ്ട്. അടുത്ത പ്രധാന സപ്പോർട്ട് 4,340 ഡോളറിലാണ്.

  • റെസിസ്റ്റൻസ് നിലവാരം: വില വർധനവിന് തടസ്സമാകാവുന്ന ആദ്യ റെസിസ്റ്റൻസ് 4,685 ഡോളറിലും തുടർന്ന് 4,840 ഡോളറിലുമാണ്.

4,685 ഡോളർ നിലവാരം മറികടക്കാൻ സാധിച്ചാൽ സ്വർണവില 4,840 ഡോളറിലേക്ക് ഉയർന്നേക്കാം. വരുന്ന ആഴ്ചയിലും സ്വർണത്തിൽ കുതിപ്പിനുള്ള സാധ്യതയാണ് (Bullish) പ്രതീക്ഷിക്കപ്പെടുന്നത്.

വെള്ളി: 71.50 ഡോളർ ലക്ഷ്യമിട്ട് കുതിപ്പ്

ഇക്കഴിഞ്ഞ തിങ്കളാഴ്ച (ഓ​ഗസ്റ്റ് 17), വെള്ളിയുടെ (Silver) വ്യാപാരം പുനരാരംഭിച്ചത് ഔൺസിന് 64.65 ഡോളറിലായിരുന്നു. വെള്ളിയാഴ്ചയോടെ 70.02 ഡോളർ വരെ ഉയർന്ന ശേഷം 68.95 ഡോളറിൽ ഈയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചു (ഏകദേശം 6.65% പ്രതിവാര നേട്ടം).

  • പ്രധാന നിലവാരങ്ങൾ: 67.00 ഡോളറാണ് ആദ്യ സപ്പോർട്ട്; താഴേക്ക് പതിച്ചാൽ 62.00 ഡോളറിൽ അടുത്ത സപ്പോർട്ട് ലഭിക്കും. പ്രതിരോധം 71.50 ഡോളറിലും തുടർന്ന് 77.00 ഡോളർ നിലവാരത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.

വെള്ളി വില 71.50 ഡോളറിന് മുകളിൽ ക്ലോസ് ചെയ്താൽ മുന്നേറ്റം കൂടുതൽ ശക്തമാകും. വെള്ളിയിലും ബുള്ളിഷ് ട്രെൻഡ് തുടരാനാണ് സാധ്യത.

ബ്രെന്റ് ക്രൂഡോയിൽ: 96 ഡോളറിലേക്ക്

ഊർജ്ജ വിപണിയിൽ തിങ്കളാഴ്ച ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 88.89 ഡോളറിലാണ് വ്യാപാരം ആരംഭിച്ചത്. ആഴ്ചയ്ക്കിടെ 88.01 ഡോളറിനും 94.83 ഡോളറിനും ഇടയിൽ നീങ്ങിയ ക്രൂഡ് ഓയിൽ വില, 5.38% ഉയർന്ന് 93.59 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

  • പ്രധാന നിലവാരങ്ങൾ: 90.00 ഡോളർ നിലവാരം വീണ്ടെടുത്തത് ക്രൂഡ് ഓയിൽ വിപണിക്ക് താങ്ങായിട്ടുണ്ട്. അടുത്ത സപ്പോർട്ട് 83.50 ഡോളറിലാണ്. മുകളിലേക്ക് 96.00 ഡോളറിൽ ആദ്യ പ്രതിരോധവും തുടർന്ന് 102.00 ഡോളറിൽ തുടർ പ്രതിരോധവും പ്രതീക്ഷിക്കാം.

96 ഡോളർ പരിധി മറികടന്നാൽ ക്രൂഡ് ഓയിൽ വില 102 ഡോളറിലേക്ക് ഉയർന്നേക്കാം. ക്രൂഡ് ഓയിലിലും വിപണി കാഴ്ചപ്പാട് ബുള്ളിഷ് ആണ്.

നാച്വറൽ ഗ്യാസ്: സ്ഥിരത കൈവരിക്കാനുള്ള ശ്രമത്തിൽ

ഇക്കഴിഞ്ഞ തിങ്കളാഴ്ച, നാച്വറൽ ഗ്യാസ് 2.7359 ഡോളറിലാണ് വ്യാപാരം തുടങ്ങിത്. ആഴ്ചയ്ക്കിടെ 2.8972 ഡോളർ വരെ ഉയർന്ന ശേഷം 2.8093 ഡോളറിൽ ക്ലോസ് ചെയ്തു (1.79% വർധന). നിലവിൽ തളർച്ചയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന നാച്വറൽ ഗ്യാസിന്റെ ആദ്യ സപ്പോർട്ട് നിലവാരം 2.67 ഡോളറിലും റെസിസ്റ്റൻസ് നിലവാരം 2.87 ഡോളറിലുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൽക്കാലം ന്യൂട്രൽ (Neutral) ട്രെൻഡാണ് വിപണി കാണിക്കുന്നത്.

വരുന്ന ആഴ്ചയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

യു.എസ് പി.എം.ഐ ഡാറ്റ, തൊഴിലില്ലായ്മ കണക്കുകൾ, ഫെഡറൽ റിസർവ് ​ഗവർണർമാരുടെ പ്രസംഗങ്ങൾ എന്നിവയായിരിക്കും വരുന്ന വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 24-28) കമ്മോഡിറ്റി വിപണിയുടെ ഗതി നിശ്ചയിക്കുക. ഡോളർ സൂചികയിലെ (Dollar Index) ഇടിവ് വിവിധ കമ്മോഡിറ്റികൾക്ക് കരുത്തേകുമ്പോൾ, പശ്ചിമേഷ്യൻ സംഘർഷങ്ങളും ഒപെക് (OPEC+) തീരുമാനങ്ങളും ക്രൂഡോയിൽ വിലയെ സ്വാധീനിക്കും.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT