പുതിയ നിക്ഷേപകര്‍ വരുത്താറുള്ള തെറ്റുകള്‍ എന്തൊക്കെ?
ഓഹരി വിപണി വലിയ നേട്ട സാധ്യതയുള്ളതാണെങ്കിലും പല നിക്ഷേപകര്‍ക്കും ഓഹരി വിപണിയില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കാറില്ല. പുതിയ തലമുറ നിക്ഷേപകരില്‍ പലര്‍ക്കും ക്ഷമയോടെ ഓഹരി വിപണിയില്‍ നില്‍ക്കാന്‍ സാധിക്കാറില്ല. പലപ്പോഴും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിപണിയില്‍ നിന്ന് വലിയ നഷ്ടം വരുത്തിവെയ്ക്കാറുമുണ്ട്. താഴെ പറയുന്ന പിഴവുകള്‍ ഓഹരി വിപണിയില്‍ പുതുതായി വരുന്ന നിക്ഷേപകര്‍ വരുത്താറുള്ളതാണ്.
കൃത്യമായ പഠനവും ഗവേഷണവും നടത്താതെ നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പുതിയ നിക്ഷേപകരുടെ സ്ഥിരം രീതിയാണ്. ഓഹരി നിക്ഷേപങ്ങളുടെ റിസ്‌കും ഒരുപാട് നിക്ഷേപ അവസരങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്താനും കൃത്യമായ കഴിവില്ലെങ്കില്‍ വിപണിയില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
ഓഹരി വിപണിയില്‍ പലപ്പോഴും വൈകാരികമായി തീരുമാനമെടുക്കുന്നത് വിപണിയില്‍
നിക്ഷേപിക്കുന്നവരെ ഏറ്റവും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അത്യാഗ്രഹവും അമിതമായ ഭീതിയും അതിജീവിച്ചാലേ നിക്ഷേപത്തില്‍ വിജയിക്കാനാകൂ.
കൃത്യതയില്ലാത്ത സ്രോതസുകളില്‍ നിന്ന് ഓഹരി സംബന്ധമായ നിര്‍ദേശങ്ങളും നിക്ഷേപ ഉപദേശങ്ങളും സ്വീകരിച്ച് നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നത്.
നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരാതെ ചില ഓഹരികളില്‍ അമിതമായി പൊസിഷന്‍ എടുത്താല്‍ ആ ഓഹരികളില്‍ ഒരു തിരിച്ചടി സംഭവിച്ചാല്‍ വലിയ നഷ്ടമുണ്ടായേക്കാം. വൈവിധ്യവല്‍ക്കരണം വഴി വ്യത്യസ്ത മേഖലകളിലുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ നഷ്ടസാധ്യത കുറയ്ക്കാം.
കൃത്യമായ ഇടവേളകളില്‍ സ്വന്തം പോര്‍ട്ട്‌ഫോളിയോയില്‍ വേണ്ട തിരുത്തലുകള്‍ വരുത്താതെ നഷ്ടം വഹിച്ചുകൊണ്ട് ചില ഓഹരികള്‍ അനാവശ്യമായി ദീര്‍ഘകാലം കൈവശം വെച്ച് നഷ്ടമുണ്ടാക്കുന്നുണ്ട്. മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ക്കനുസരിച്ച് പോര്‍ട്ട്‌ഫോളിയോ റീബാലന്‍സ് ചെയ്യേണ്ടത് വിജയകരമായ നിക്ഷേപത്തിന് അനിവാര്യമാണ്.
കൃത്യമായ നിക്ഷേപ പദ്ധതിയോ നിക്ഷേപ തന്ത്രങ്ങളോ പല നിക്ഷേപകര്‍ക്കും ഇല്ലാതെ വരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ട്രേഡിംഗ് ആണോ ഇന്‍വെസ്റ്റ്‌മെന്റ് ആണോ ചെയ്യാന്‍ താല്‍പ്പര്യം എന്നത് സ്വയം ചോദിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാകും.
തീരെ ക്ഷമയില്ലാതെ വിപണിയിലെ താല്‍ക്കാലിക ചാഞ്ചാട്ടങ്ങളില്‍ മതിഭ്രമിച്ച് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്. ഓഹരി വിപണി വിജയത്തിന് ക്ഷമയോടെ നിക്ഷേപം നടത്തി കാത്തിരിക്കേണ്ടതുണ്ട്.
ഓഹരികളും മറ്റും വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ ഓഹരി ബ്രോക്കറേജ്, നികുതികള്‍, മൂലധന നേട്ടം, മറ്റ് ഫീസുകള്‍ എന്നിവ പരിഗണിക്കാതെ ഓവര്‍ ട്രേഡ് ചെയ്യുകയും കുറച്ചു കാലം കഴിയുമ്പോള്‍ സ്വന്തം അക്കൗണ്ടില്‍ ലാഭത്തേക്കാള്‍ കൂടുതല്‍ ചാര്‍ജുകളും ഫീസും കൊടുക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ.
അമിത ആത്മവിശ്വാസം കൊണ്ട് തീരുമാനങ്ങള്‍ എടുക്കുകയും തെറ്റായ നിക്ഷേപ തീരുമാനങ്ങള്‍ തിരുത്തേണ്ട സമയത്ത് തിരുത്താതെയിരിക്കുന്നതും അപകടകരമാണ്.
ഫ്യൂച്ചര്‍ & ഓപ്ഷന്‍സ് പോലെ അതി സങ്കീര്‍ണവും അപകട സാധ്യതയുമുള്ള ഉല്‍പ്പന്നങ്ങളില്‍ പണം നിക്ഷേപിച്ച് നഷ്ടം വരുത്തുക.
തെറ്റുകള്‍ വരുത്തുന്നത് ആവര്‍ത്തിക്കുന്നതും പല നിക്ഷേപകരിലും കണ്ടുവരുന്നതാണ്.
ഒരു കമ്പനിയെ കുറിച്ച് പൊതുജനങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ലഭ്യമല്ലാത്തതും രഹസ്യമായതുമായ ഒരു വിവരം ഉണ്ടായിരിക്കുമ്പോഴാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് സംഭവിക്കുന്നത്. ഇത്തരത്തില്‍ ഒരു കമ്പനിയെ കുറിച്ച് സുപ്രധാനവും പരസ്യമല്ലാത്തതുമായ വിവരങ്ങള്‍ അറിയാവുന്ന ഒരാളാണ് ആ കമ്പനിയിലെ ഇന്‍സൈഡര്‍ എന്ന് പറയുന്നത്. കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍, ജീവനക്കാര്‍, കമ്പനിയുമായി ബന്ധമുള്ള അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയവരില്‍ ആരെങ്കിലുമൊക്കെ ഇന്‍സൈഡര്‍മാരാകാം. കമ്പനി സംബന്ധമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കാത്തതോ പരസ്യമാക്കാത്തതോ ആയ പ്രധാന വിവരങ്ങള്‍, ഇടപാടുകള്‍, ലയനങ്ങള്‍, സുപ്രധാന തീരുമാനങ്ങള്‍ തുടങ്ങി, ഒരു കമ്പനിയുടെ ഓഹരി വിലയെ സ്വാധീനിക്കുന്ന വിവരങ്ങളെ കുറിച്ച് ഇന്‍സൈഡര്‍മാര്‍ക്ക് അറിവുണ്ടാകും. കമ്പനിയുടെ ഓഹരി വിലയെ സാരമായി ബാധിക്കുന്ന ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍സൈഡര്‍ ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ തീരുമാനിക്കും. പൊതുജനങ്ങള്‍ക്ക് പ്രസ്തുത വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ അത് വ്യാപാരത്തിനായി ഉപയോഗിക്കാനും അന്യായമായ നേട്ടം ഉണ്ടാക്കാനും ഇന്‍സൈഡര്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത വിവരങ്ങള്‍ പരസ്യമാക്കുന്നതിന് മുമ്പ് ഇന്‍സൈഡര്‍മാര്‍ ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. പ്രസ്തുത രഹസ്യവിവരങ്ങള്‍ പരസ്യപ്പെടുത്തുമ്പോള്‍ ഓഹരി വില കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ഇന്‍സൈഡര്‍മാര്‍ക്ക് പ്രസ്തുത ട്രേഡില്‍ നിന്ന് ലാഭം നേടാനോ നഷ്ടം ഒഴിവാക്കാനോ കഴിയും.
ഉദാഹരണമായി ഇന്‍സൈഡര്‍മാര്‍ക്ക് അവരുടെ കമ്പനി ലാഭകരമായ ഒരു ക്വാര്‍ട്ടേര്‍ലി റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ പോകുകയാണെന്ന് മുന്‍കൂട്ടി അറിയാമെങ്കില്‍ അവര്‍ റിസള്‍ട്ട് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഓഹരി വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടുകയും റിസള്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഓഹരി വില ഉയരുകയും ഉടന്‍ സാധാരണ നിക്ഷേപകര്‍ അത് പ്രസ്തുത മികച്ച റിസള്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഹരി വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇന്‍സൈഡര്‍മാര്‍ വിറ്റഴിക്കുകയുമാണ് ചെയ്യുക. മോശം റിസള്‍ട്ടാണ് വരുന്നത് എന്ന് അവര്‍ക്ക് അറിയാമെങ്കില്‍ പ്രസ്തുത ഓഹരികള്‍ റിസള്‍ട്ട് പ്രഖ്യാപനത്തിന് മുമ്പ് അവര്‍ വിറ്റഴിച്ചേക്കുന്നതും ഇന്‍സൈഡര്‍ ട്രേഡ് ആണ്.
ഇന്‍സൈഡര്‍മാരെ തടയുന്നതിനും ശിക്ഷിക്കുന്നതിനുമായി ഇന്ത്യന്‍ ഓഹരി വിപണി റെഗുലേറ്ററായ സെബി സമഗ്രമായ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. ഇന്‍സൈഡര്‍ ട്രേഡ് നടത്തി അന്യായമായ നേട്ടം ഉണ്ടാക്കി എന്ന് തെളിഞ്ഞാല്‍ ഉയര്‍ന്ന പിഴയും തടവ് ശിക്ഷയും സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിന്നുള്ള വിലക്ക്, അന്യായമായ നേട്ടം തിരിച്ചടപ്പിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ ഇന്‍സൈഡര്‍ ട്രേഡര്‍മാര്‍ക്ക് വന്നേക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും നിയമപരമായും ഇന്‍സൈഡര്‍മാര്‍ക്ക് ഓഹരികളില്‍ ട്രേഡ് ചെയ്യാം. അത്തരത്തില്‍ ഓഹരികള്‍ വാങ്ങുമ്പോഴോ വില്‍ക്കുമ്പോഴോ ഇന്‍സൈഡര്‍മാര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും സെബിയിലും അറിയിച്ച് ഇടപാട് പൂര്‍ത്തീകരിച്ചാല്‍ അത് നിയമപരമായ ഇടപാടാകും.
(Originally published in Dhanam Magazine 30 april 2025 issue.)
Common stock market mistakes by new investors and the reality of insider trading explained in depth.
Read DhanamOnline in English
Subscribe to Dhanam Magazine