ജൂണിൽ വീപ്പക്ക് 125 ഡോളർ നിരക്കിൽ നിന്ന് ക്രൂഡ് ഓയിൽ വില74 ഡോളറായി കുറഞ്ഞ സാഹചര്യത്തിൽ പ്രമുഖ എണ്ണ കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടുകയാണ്. റഷ്യ-യുക്രയ്ൻ യുദ്ധം ആരംഭിച്ച ശേഷമാണ് ക്രൂഡ് ഓയിൽ വില അമിതമായി വർധിക്കാൻ തുടങ്ങിയത്.
ആഗോള സാമ്പത്തിക മാന്ദ്യ ഭീതിയും, ദുർബലമായ ചൈനയുടെ സമ്പദ് വ്യവസ്ഥയും ഊർജ ഡിമാൻഡ് കുറയാൻ കാരണമായി. ക്രൂഡ് ഓയിൽ വിലയിലെ തിരുത്തൽ പ്രമുഖ എണ്ണ വിപണന കമ്പനികൾക്ക് നേട്ടമാകുമെന്ന് ഓഹരി ബ്രോക്കിങ്-ഗവേഷണ സ്ഥാപനമായ പ്രഭുദാസ് ലീലാധർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർക്ക് ലാഭക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷം ഡീസൽ വിൽപ്പനയിൽ വൻ നഷ്ടമാണ് എണ്ണ കമ്പനികൾക്ക് ഉണ്ടായത്. 2022 -23 ആദ്യ പകുതിയിൽ ഡീസൽ മാർക്കറ്റിംഗ് മാർജിൻ (-)13 ശതമാനമായിരുന്നത് 2023 -24 കാലയളവിൽ ലിറ്ററിന് 3.5 രൂപയായി വർധിക്കുമെന്ന് കരുതുന്നു. കേന്ദ്ര സർക്കാർ എൽ പി ജി സബ്‌സിഡിയായി 2200 കോടി രൂപ നൽകിയിട്ടും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് മൊത്തം നഷ്‌ടം 22600 കോടി രൂപയായി. സ്പോട്ട് എൽ എൻ ജി വിലകൾ കുറയുന്നത് കൊണ്ട് പ്രവർത്തന ചെലവും കുറയും. കോവിഡ് നിയന്ത്രണങ്ങളിൽ ചൈനയിൽ അയവ് വരുത്തുന്നതിനാൽ ഊർജ ഡിമാൻഡ് കൂടാൻ സാധ്യതയുണ്ട്.
ഓയിൽ ഓഹരികളുടെ സാധ്യതകൾ
1.ഭാരത് പെട്രോളിയം -വാങ്ങുക, ലക്ഷ്യ വില 420 രൂപ, നിലവിൽ -345 രൂപ
2. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ-വാങ്ങുക -ലക്ഷ്യ വില 350, നിലവിൽ 245 രൂപ
3. ഇന്ത്യൻ ഓയിൽ കോർപറേഷൻ - വാങ്ങുക - ലക്ഷ്യ വില 130 നിലവിൽ 78 രൂപ
(ഓഹരി നിർദേശം -പ്രഭുദാസ് ലീലാധർ)
Read DhanamOnline in English
Subscribe to Dhanam Magazine