ക്രൂഡ് ഓയില്‍ വില ഇടിയുകയും യുഎസ്-ഇറാന്‍ ചര്‍ച്ചയ്ക്കു ശ്രമങ്ങള്‍ തീവ്രമാകുകയും ചെയ്തു. ഏഷ്യന്‍ വിപണികള്‍ ചെറിയ നേട്ടത്തിലാണ്. എന്നാല്‍ വിദേശ നിക്ഷേപകര്‍ വില്‍പന തുടരുന്നത് ഇന്ത്യന്‍ വിപണിയെ താഴ്ത്തുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,324.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,354 വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
യുഎന്‍ പൊതുസഭയുടെ സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം സമാധാന നീക്കങ്ങളില്‍ എന്തെങ്കിലും പുരോഗതി സൂചിപ്പിച്ചില്ല. കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ ഇറാനെ നശിപ്പിക്കും എന്ന പല്ലവിയാണ് ഉണ്ടായിരുന്നത്. നവംബറിലെ യുഎസ്. തെരഞ്ഞെടുപ്പു കഴിയും വരെ യുദ്ധം തുടരും എന്നു ട്രംപ് ആവര്‍ത്തിച്ചു. ഇറാന്‍ പ്രസിഡന്റും മുതിര്‍ന്ന മന്ത്രിമാരും ന്യൂയോര്‍ക്കിലുണ്ട്. ഉഭയകക്ഷി ചര്‍ച്ചയ്ക്കു സാധ്യത തെളിഞ്ഞിട്ടില്ല. മധ്യസ്ഥര്‍ ഇരു കൂട്ടരുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇന്നും ചര്‍ച്ച തുടരും. കരാറിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂടിയെന്നു ട്രംപ് പറഞ്ഞെങ്കിലും ഉടനേ നടക്കും എന്നു സൂചിപ്പിച്ചില്ല.
നാളെ വാഷിംഗ്ടണില്‍ എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ട്രംപുമായി ഒന്നിലേറെ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. വാണിജ്യ മേഖലയിലെ യുഎസ്-ചൈന പോര് മയപ്പെടുത്താന്‍ ചില ധാരണകള്‍ ഉണ്ടായേക്കും. ഇറാനുമേല്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ക്കു ചൈനയുടെ പിന്തുണ നേടാന്‍ അമേരിക്ക ശ്രമം തുടരുകയാണ്.
ഇറാനിയന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ക്ക് അയല്‍ രാജ്യങ്ങള്‍ അനുമതി നിഷേധിച്ചു. യുഎസ് പ്രഖ്യാപിച്ച ഉപരോധത്തെ തുടര്‍ന്ന് ഇറാഖ്, ഒമാന്‍, അസര്‍ബൈജാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണു വിലക്കു വന്നത്.
നിര്‍മിതബുദ്ധി (എഐ) മേഖലയ്ക്കു നിയന്ത്രണങ്ങള്‍ വരുമെന്ന ആശങ്ക മാറിയത് എഐ കമ്പനികളെയും നാസ്ഡാക് സൂചികയെയും ഇന്നലെ ഉയര്‍ത്തി. നാസ്ഡാക് റെക്കോര്‍ഡ് തിരുത്തി. ക്രൂഡ് ഓയില്‍ വില ബാരലിനു 100 ഡോളറിനു താഴെ ആയിട്ടും ഡൗ ജോണ്‍സ് താഴ്ന്നു. എസ്ആന്‍ഡ്പി നാമമാത്ര നഷ്ടത്തിലായി. എങ്കിലും റെക്കോര്‍ഡ് ഉയരത്തിനടുത്താണ്. സൂചിക വര്‍ഷാവസാനത്തിനു മുന്‍പ് 8200ല്‍ എത്തുമെന്നു പലരും പ്രവചിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 185.14 പോയിന്റ് (0.36 ശതമാനം) താഴ്ന്ന് 51,863.69ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 0.06 പോയിന്റ് (0.00%) കുറഞ്ഞ് 7764.64ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 122.18 പോയിന്റ് (0.45%) കയറി 27,244.28ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചാഞ്ചാട്ടത്തിലാണ്. ഡൗ ജോണ്‍സ് 8 പോയിന്റ് (0.02%) കയറി. എസ്ആന്‍ഡ്പി 3 പോയിന്റ് നേട്ടത്തില്‍ നില്‍ക്കുന്നു. നാസ്ഡാക് 26 പോയിന്റ് (0.08%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ചൊവ്വാഴ്ച വ്യാപാര സമയത്ത് 1.01 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 23.41 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.99% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.07% നഷ്ടത്തോടെ 28.02 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.19% താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.37% ഉയര്‍ന്നു 10.80 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.20% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.18 ശതമാനം കൂടി കയറി 1.7099 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ ചൊവ്വാഴ്ചയും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിടിവും എഐ കമ്പനികളുടെ മുന്നേറ്റവും കുറഞ്ഞതാണു പ്രധാന കാരണം.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ഓസ്‌ട്രേലിയന്‍ വിപണി നാമമാത്രമായി താഴ്ന്നു. ദക്ഷിണ കൊറിയയില്‍ കോസ്പി ഒരു ശതമാനം കയറി. 0.25 ശതമാനം കയറി. തായ്വാന്‍ സൂചിക 0.95 ശതമാനം ഉയര്‍ന്നു.
ക്രൂഡ് ഓയില്‍ വില കുറയുകയാണെങ്കിലും ഇന്ത്യന്‍ വിപണി താഴ്ചയിലേക്കു മാറി. വിദേശ നിക്ഷേപകര്‍ വില്‍പന വര്‍ധിപ്പിച്ചതും ഐപിഒകളിലേക്കു കൂടുതല്‍ പണം പോകുന്നതും വിപണിയെ ഉലയ്ക്കുന്നു.
സെന്‍സെക്‌സ് 75,000 നു മുകളില്‍ കയറിയെങ്കിലും അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. എഐ കമ്പനികള്‍ക്കു നിയന്ത്രണം ഉണ്ടാവുകയില്ല എന്ന സൂചന ഐടി സേവനമേഖലയ്ക്കു തിരിച്ചടിയായി. എഐ വളര്‍ച്ച ഐടി സേവന കമ്പനികളുടെ വരുമാനം കുറയ്ക്കും.
മീഡിയ, റിയല്‍റ്റി, മെറ്റല്‍, പ്രതിരോധ, കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ ഇന്നലെ ഉയര്‍ന്നു. ഐടി, ധനകാര്യ, ബാങ്ക്, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി, ഓയില്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയവ താഴ്ചയിലായി.
മിഡ് ക്യാപ്പുകളും സ്‌മോള്‍ ക്യാപ്പുകളും ചെറിയ നഷ്ടത്തില്‍ അവസാനിച്ചു.
ഇന്നലെയും കൂടുതല്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 2087 ഓഹരികള്‍ നേട്ടം ഉണ്ടാക്കി, 2279 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1662 ഓഹരികള്‍ കയറിയപ്പോള്‍ 1859 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകര്‍ വില്‍പന വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച അവര്‍ ക്യാഷ് വിപണിയില്‍ 3809.99 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 4120.07 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
ചൊവ്വാഴ്ച സെന്‍സെക്സ് 329.91 പോയിന്റ് (0.44%) താഴ്ന്ന് 74,529.08ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 85.30 പോയിന്റ് (0.36%) നഷ്ടത്തോടെ 23,329.00ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 255.10 പോയിന്റ് (0.20%) ഇടിഞ്ഞത് 56,215.55ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 49.95 പോയിന്റ് (0.08%) കുറഞ്ഞ് 61,963.15 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 46.05 പോയിന്റ് (0.23%) താഴ്ന്ന് 19,815.45ല്‍ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെ എത്തിയതും ഡോളര്‍ കരുത്തു വര്‍ധിപ്പിച്ചതും സ്വര്‍ണത്തെ താഴ്ത്തി നിര്‍ത്തുന്നു. ഇന്നലെ സ്വര്‍ണം 0.33 ശതമാനം ഉയര്‍ന്നു. ഇന്നു രാവിലെ താഴ്ന്നു.
ചൊവ്വാഴ്ച 14.20 ഡോളര്‍ (0.33%) ഉയര്‍ന്ന് ഔണ്‍സിന് 4359.00 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4345 ഡോളര്‍ വരെ താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 920 രൂപ കുറഞ്ഞ് 1,12,240 രൂപ ആയി.
വെള്ളിവില ചൊവ്വാഴ്ച 1.56 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 67.17 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.52 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1834 ഡോളര്‍, പല്ലാഡിയം 1294 ഡോളര്‍, റോഡിയം 8725 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ചൈനയുടെ സ്വര്‍ണ ഇറക്കുമതി കുതിക്കുകയാണ്. 2026ല്‍ എട്ടുമാസം കൊണ്ട് 1100 ടണ്ണിലധികം ഇറക്കുമതി ചെയ്തു 2025 ലെ മൊത്തം ഇറക്കുമതിയേക്കാള്‍ കൂടുതലാണിത്. ചൈനീസ് സ്വര്‍ണ ഇടിഎഫുകളിലെ നിക്ഷേപം 18 ശതമാനം കുതിച്ചു. ചൈന ഔദ്യോഗിക സ്വര്‍ണശേഖരവും വര്‍ധിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ 80 ടണ്‍ ചേര്‍ത്തതോടെ സ്വര്‍ണ റിസര്‍വ് 2387 ടണ്‍ ആയി.
രാജ്യാന്തര വിപണിയിലും കേരളത്തിലും റബര്‍വില കയറി. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.60 ഡോളറിലും ആര്‍എസ്എസ് മൂന്ന് 277.10 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് ക്വിന്റലിന് 27,450 രൂപയിലേക്ക് ഉയര്‍ന്നു.
വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ഭിന്നദിശകളിലായി. ചെമ്പ് വിലക്കുതിപ്പ് തുടര്‍ന്നപ്പോള്‍ അലുമിനിയം താഴ്ന്നു. ചൈനീസ് ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധന തുടരുന്നതാണു ചെമ്പിനെ ഉയര്‍ത്തുന്നത്. ഖനികളിലെ ഉല്‍പാദനം ഈ വര്‍ഷം കുറവാണ്. 2017നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെമ്പ് 0.06 ശതമാനം ഉയര്‍ന്നു ടണ്ണിന് 14,796.15 ഡോളര്‍ ആയി. അലൂമിനിയം 0.79 ശതമാനം ഇടിഞ്ഞ് 3263.90 ഡോളറില്‍ എത്തി. ലെഡും നിക്കലും ഉയര്‍ന്നു. സിങ്കും ടിന്നും താഴ്ന്നു.
കൊക്കോ വില രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു ടണ്ണിന് 5419 ഡോളറില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞമാസം ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി 18 ശതമാനം വര്‍ധിച്ച് 21.4 ലക്ഷം ടണ്‍ ആയി. ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 34.2 ലക്ഷം ചാക്ക് ആയി.
അറബിക്ക കാപ്പി 1.68 ശതമാനം താഴ്ന്നു പൗണ്ടിന് 2.717 ഡോളര്‍ ആയി.
പാം ഓയില്‍ 0.97 ശതമാനം താഴ്ന്നു ടണ്ണിന് 4810 മലേഷ്യന്‍ റിംഗിറ്റ് ആയി.
പലിശ വര്‍ധനയ്ക്കു ശേഷം കയറ്റത്തിലായ യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച വീണ്ടും കയറി 100.60ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്നു 100.55 ആയി.
യൂറോ 1.1444 ഡോളറിലേക്കും പൗണ്ട് 1.3331 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.57 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കില്‍ തുടരുന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇടിഞ്ഞ് 4.955 ശതമാനത്തില്‍ എത്തി.
ചൊവ്വാഴ്ച രൂപ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡോളര്‍ 23 പൈസ നഷ്ടപ്പെട്ട് 95.59 രൂപയില്‍ അവസാനിച്ചു.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.60 രൂപയിലാണ്.
ചൈനീസ് യുവാന്‍ 14.27 രൂപയായും യൂറോ 109.41 രൂപയായും താഴ്ന്നു.
ക്രൂഡ് ഓയില്‍ ഇടിവ് തുടരുന്നു. ബ്രെന്റ് ഇനം 99 ഡോളറിനും ഡബ്‌ള്യുടിഐ ഇനം 90 ഡോളറിനും താഴേക്കു നീങ്ങുകയാണ്. ഇന്നു രാവിലെ ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 99.05 ഡോളര്‍ വരെ താഴ്ന്നിട്ട് അല്‍പം കയറി 99.35 ആയി. ഡബ്‌ള്യുടിഐ ഇനം 90.33 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ കയറ്റം തുടരുന്നു. ബിറ്റ്‌കോയിന്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലായി. ഇന്നുരാവിലെ 86,600 ഡോളറിനു മുകളിലാണ്. ഈഥര്‍ 2760 ഡോളറിനും സൊലാന 119 ഡോളറിനും മുകളിലായി.
Read DhanamOnline in English
Subscribe to Dhanam Magazine