പ്രതീകാത്മക ചിത്രം 
Markets

ക്രൂഡ് ഓയിൽ വീണ്ടും 85 ഡോളർ മറികടന്നു; വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന് പുതിയ പ്രതിസന്ധിയോ?

ഹോർമൂസ് കടലിടുക്കിലെ സംഘർഷം ലഘൂകരിക്കപ്പെടുകയോ മറിച്ച് ക്രൂഡ് ഓയിൽ വില 90-100 ഡോളർ എന്ന കടുത്ത സാമ്പത്തിക സമ്മർദമുയർത്തുന്ന പരിധിയിലേക്ക് ഉയരുകയോ ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യൻ വിപണിയുടെ ഭാവി​ഗതി നിശ്ചയിക്കപ്പെടുക എന്നാണ് വിലയിരുത്തൽ

Dhanam News Desk

നാല് മാസത്തോളം ഉയർത്തിയ കടുത്ത വിൽപന സമ്മർദ്ദത്തിന് ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (FIIs) ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്ന സൂചനകൾ നൽകിയതിനിടെ, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത് നിക്ഷേപക ലോകത്ത് ആശങ്ക വിതറുന്നു. ഹോർമൂസ് വീണ്ടും സംഘർഷഭരിതമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്കുകൾ വീണ്ടും കുതിച്ചുയരുന്നത് ഇന്ത്യൻ സമ്പദ്‌ഘടനയെ ബാധിക്കുമെന്ന ആശങ്ക ഒരിക്കൽ കൂടി ശക്തമായിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 85 ഡോളർ നിലവാരം മറികടന്നു. കഴിഞ്ഞ മാസം യു.എസും ഇറാനും തമ്മിലുണ്ടായ താത്കാലിക ധാരണകളെ അപ്രസക്തമാക്കിക്കൊണ്ട് ഇറാനെതിരായ ഷിപ്പിംഗ് ഉപരോധം പുനഃസ്ഥാപിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചതും ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) യു.എ.ഇ.യുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തിയതുമാണ് ക്രൂഡ് ഓയിൽ വിപണിയെ ഉലച്ചത്. ഇതിന് പിന്നാലെ രൂപയുടെ വിനിമയമൂല്യം ഡോളറിനെതിരെ 96 എന്ന നിരക്കും ഭേദിച്ചു.

ക്രൂഡ് ഓയിൽ വിലക്കയറ്റം ബാധിക്കുന്നത് എങ്ങനെ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് ഓയിൽ വെറുമൊരു ഇറക്കുമതി ഉത്പന്നം മാത്രമല്ല; അത് രാജ്യത്തിന്റെ വ്യാപാര കമ്മി (Trade Deficit), പണപ്പെരുപ്പം, രൂപയുടെ വിനിമയമൂല്യം, വിദേശനാണ്യ കരുതൽ ശേഖരം എന്നിവയെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിലേക്ക് നീങ്ങിയാൽ ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വീണ്ടും വൻതോതിൽ പണം പിൻവലിക്കുമെന്നാണ് ഒരുകൂട്ടം അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. എച്ച്.എസ്.ബി.സി.യുടെ കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷം (FY27) ഇന്ത്യയുടെ ബാലൻസ് ഓഫ് പേയ്മെന്റിൽ നേരിടുന്ന കമ്മി 6,500 കോടി ഡോളറായി ഉയർന്നേക്കാം എന്നാണ് വിലയിരുത്തൽ.

വിദേശ നിക്ഷേപകരുടേത് താത്കാലിക തിരിച്ചുവരവോ?

ഈ വർഷം ഫെബ്രുവരിക്ക് ശേഷം ജൂലൈയിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ആദ്യമായി ഇന്ത്യൻ വിപണിയിൽ അറ്റ വാങ്ങലുകാരായത് (Net Buyers). പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിലേക്ക് യു.എസും ഇറാനും എത്തിച്ചേരുകയാണെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 40 ശതമാനത്തോളം ഇടിഞ്ഞതാണ് ജൂലൈയിൽ ഇതുവരെയയി 18,314 കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചത്. എന്നിരുന്നാലും 2026-ൽ ഇതിനകം വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത് 2,55,958 കോടി രൂപയുടെ ഓഹരികളാണ്. ഇതും റെക്കോഡ് നിരക്ക് തന്നെയാണ്.

അതേസമയം ഡൊണാൾഡ് ട്രംപിന്റെ യുദ്ധപ്രസ്താവനകളോട് ഓഹരി വിപണി ഇപ്പോൾ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും മുൻകാലങ്ങളിലേതിന് സമാനമായ തോതിലുള്ള വലിയ പരിഭ്രാന്തിയൊന്നും ഇനി ഉണ്ടായേക്കില്ലെന്നും ഒരു വിഭാഗം മാർക്കറ്റ് അനലി​സ്റ്റുകൾ കരുതുന്നു. വിദേശ നിക്ഷേപം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളതെന്നും ആഭ്യന്തര വിപണിയിലെ സാമ്പത്തിക വളർച്ച അനുകൂലമാണെന്നും ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നുണ്ട്.

എന്നിരുന്നാലും ഹോർമൂസ് കടലിടുക്കിലെ സംഘർഷം ലഘൂകരിക്കപ്പെടുകയോ മറിച്ച് ക്രൂഡ് ഓയിൽ വില 90-100 ഡോളർ എന്ന കടുത്ത സാമ്പത്തിക സമ്മർദമുയർത്തുന്ന പരിധിയിലേക്ക് ഉയരുകയോ ചെയ്യുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യൻ വിപണിയുടെ ഭാവി​ഗതി നിശ്ചയിക്കപ്പെടുക എന്നാണ് അനലി​സ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT