മൂന്ന് വർഷത്തിനിടെ ക്യുപിഡ് ഓഹരി 2.5 രൂപയിൽ നിന്ന് 217 രൂപയിലേക്ക് കുതിച്ചുയർന്നു. 2023 ജൂലൈയിൽ 1 ലക്ഷം നിക്ഷേപിച്ചവർക്ക് ഇന്ന് 87 ലക്ഷം രൂപയിലേറെ ലഭിക്കുന്ന മൾട്ടിബാഗർ നേട്ടമാണിത്. കോണ്ടം, ലൂബ്രിക്കന്റ്, ഐ.വി.ഡി കിറ്റുകൾ നിർമ്മിക്കുന്ന നാസിക് ആസ്ഥാനമായ ഈ കമ്പനിക്ക് ലോകാരോഗ്യ സംഘടന, യു.എൻ.എഫ്.പി.എ അംഗീകാരങ്ങളോടെ ആഗോള വിപണിയിൽ ശക്തമായി വളരുന്നു.
സമീപകാലത്ത് പ്രമുഖ ഓഹരികൾ പോലും പതിഞ്ഞ താളത്തിൽ നീങ്ങുമ്പോൾ, ആഭ്യന്തര വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒരു സ്മോൾ ക്യാപ് ഓഹരി നടത്തുന്നത് സമാനതകളില്ലാത്ത കുതിപ്പാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ നിക്ഷേപകർക്ക് വമ്പൻ ലാഭം നേടിക്കൊടുത്ത ഈ മൾട്ടിബാഗർ ഓഹരി, ഇന്നത്തെ (ജൂലൈ 14) വ്യാപാരത്തിലും 5 ശതമാനം വർധന രേഖപ്പെടുത്തി. കേവലം മൂന്ന് വർഷം മുൻപ് ഈ ഓഹരിയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് അത് 87 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.
സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർ സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു അവിശ്വസനീയ കുതിപ്പാണിത്. ശരിയായ സമയത്ത് കൃത്യമായ ഓഹരി തിരഞ്ഞെടുത്താൽ വിപണിയിൽ നിന്ന് കൊയ്തെടുക്കാവുന്നത് കേവലം ലാഭമല്ല, മറിച്ച് തലവര മാറ്റുന്ന വൻ നേട്ടമാണെന്ന് ഈ ഓഹരി ഒരിക്കൽ കൂടി തെളിയിക്കുന്നു. സൂചിപ്പിച്ചുവന്നത് ക്യുപിഡ് (BSE: 530843, NSE: CUPID) ഓഹരിയുടെ നേട്ടക്കഥയാണ്.
ഇന്നത്തെ വ്യാപാരത്തിനൊടുവിൽ 217 രൂപയിലാണ് ക്യുപിഡ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 33 ശതമാനവും ഈ വർഷം ഇതുവരെയുള്ള കാലയളവിനിടെ 102 ശതമാനവും നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വർഷ കാലയളവിൽ ക്യുപിഡ് ഓഹരിയുടെ വിലയിൽ 740 ശതമാനം വർധനയും പ്രകടമായി. മൂന്ന് വർഷത്തിനിടയിലെ ഓഹരിയുടെ നേട്ടം 8,700 ശതമാനമാണ്. 2023 ജൂലൈയിൽ കേവലം 2.5 രൂപയിൽ നിന്നിരുന്ന ഓഹരിയാണിത്. അതായത് 2023 ജൂലൈയിൽ ക്യുപിഡ് ഓഹരിയിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇപ്പോൾ 87 ലക്ഷം രൂപയിലേറെയായി വളർന്നുവെന്ന് സാരം.
പുരുഷന്മാർക്കും സ്ത്രീകൾക്കും ആവശ്യമായ കോണ്ടം, ലൂബ്രിക്കന്റ് ജെല്ലി, ഐ.വി.ഡി കിറ്റുകളും നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് ക്യുപിഡ് ലിമിറ്റഡ്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കിയാണ് പ്രവർത്തനം. ലോകാരോഗ്യ സംഘടനയിൽ (WHO) നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഫണ്ടിൽ (UNPFA) നിന്നും പുരുഷന്മാരുടെയും സ്ത്രീകളുടേയും കോണ്ടം വിതരണം ചെയ്യുന്നതിനായി ആഗോള തലത്തിൽ മുൻകൂർ അംഗീകാരം നേടിയിട്ടുള്ള ഏക കമ്പനിയാണിത്.
ഏകദേശം 29,100 കോടി രൂപയാണ് ക്യുപിഡിന്റെ നിലവിലെ വിപണി മൂല്യം. സമീപകാലത്ത് കമ്പനിയുടെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗതമായ വർധന രേഖപ്പെടുത്തുന്നുണ്ട്. ഐ.വി.ഡി കിറ്റുകളുടെ വിൽപ്പനയിൽ മികച്ച വളർച്ച കാണിക്കുന്നതിനാൽ നടപ്പ് സാമ്പത്തിക വർഷത്തെ (FY27) വരുമാന ലക്ഷ്യം നേരത്തെ നൽകിയിരുന്ന 600 കോടി രൂപയിൽ നിന്നും 660 കോടി രൂപയായും കമ്പനി ഉയർത്തി നിശ്ചയിച്ചു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine