Markets

₹9,500 കോടിയുടെ ഐപിഒയ്ക്ക് സെപ്‌റ്റോ; പിന്നാലെ ഇഡി 'ട്വിസ്റ്റ്'! ക്വിക്ക് കൊമേഴ്‌സ് വിപണിയിൽ ഇനി 'മഹാ യുദ്ധം'

ഡാര്‍ക്ക് സ്റ്റോറുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം, ബ്ലിങ്കിറ്റും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടുമടക്കമുള്ളവ കടുത്ത പ്രതിരോധത്തിലേക്ക്

Dhanam News Desk

ഇന്ത്യയിലെ അതിവേഗ ഡെലിവറി വിപണിയായ 'ക്വിക്ക് കൊമേഴ്സ്' (Quick Commerce) രംഗത്ത് ഇനി മത്സരം അടുത്ത തലത്തിലേക്ക്. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സെപ്റ്റോ (Zepto) 100 കോടി ഡോളറിന്റെ (ഏകദേശം 9,500 കോടി രൂപ) പ്രാരംഭ ഓഹരി വില്പനയ്ക്കായി (IPO) സെബിയ്ക്ക് (SEBI) പുതുക്കിയ അപേക്ഷ (DRHP) സമര്‍പ്പിച്ചു.

ഐപിഒയില്‍ 8,010 കോടി രൂപയുടെ പുതിയ ഓഹരികളും (fresh issue), നിലവിലുള്ള ഓഹരി ഉടമകളുടെ 113 ദശലക്ഷം (113 million) ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നതായാണ് ഡി.ആര്‍.എച്ച്.പിയില്‍ സൂചിപ്പിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് സ്ഥാപിതമായ സെപ്‌റ്റോ, 2025 ഡിസംബറിലാണ് ഐപിഒ പേപ്പറുകള്‍ രഹസ്യമായി (confidentially) സെബിക്ക് സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ മേയില്‍ സെബിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു.

വരുന്ന ജൂലൈ മാസത്തോടെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഐപിഒ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ 'സ്റ്റാന്‍ഡ്-എലോണ്‍' ക്വിക്ക് കൊമേഴ്സ് കമ്പനിയായി സെപ്റ്റോ മാറും. മാത്രമല്ല, ബ്ലിങ്കിറ്റിന്റെ (Blinkit) മാതൃകമ്പനിയായ എറ്റേണല്‍ (Eternal), ഇന്‍സ്റ്റാമാര്‍ട്ടിന്റെ (Instamart) മാതൃകമ്പനിയായ സ്വിഗ്ഗി (Swiggy) എന്നിവയ്ക്ക് ശേഷം പൊതു വിപണിയിലെത്തുന്ന മൂന്നാമത്തെ ക്വിക്ക് കൊമേഴ്സ് കമ്പനിയായും സെപ്‌റ്റോ മാറും.

അപേക്ഷയില്‍ ഒളിച്ചിരുന്ന ആ ട്വിസ്റ്റ്

കമ്പനിയുടെ കോ-ഫൗണ്ടര്‍മാരായ ആദിത് പലിച, കൈവല്യ വോറ എന്നിവര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സമന്‍സ് അയച്ച വിവരവും കമ്പനി സെബിക്ക് സമര്‍പ്പിച്ച പുതുക്കിയ ഡി.ആര്‍.എച്ച്.പിയില്‍ പുറത്തു വിട്ടുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) ലംഘനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നടപടി.

കഴിഞ്ഞ ഏപ്രില്‍ 8-നാണ് സെപ്‌റ്റോയുടെ സ്ഥാപകര്‍ക്ക് ഇഡി പ്രത്യേകമായി സമന്‍സ് അയച്ചത്. കമ്പനിയിലേക്ക് എത്തിയ വിദേശ നിക്ഷേപങ്ങള്‍, വിദേശ ഇടപാടുകള്‍, ഓഹരി പങ്കാളിത്ത ഘടന, സാമ്പത്തിക രേഖകള്‍, നികുതി ഫയലിംഗുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കമ്പനിയുടെ ബിസിനസ് പ്രവര്‍ത്തന രീതികള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് സമന്‍സ് നല്‍കിയിട്ടുള്ളത്. ഐപിഒ നടപടികളിലേക്ക് കമ്പനി കടക്കുന്ന വേളയില്‍ തന്നെയാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നത് എന്നത് നിക്ഷേപകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലായി സ്ഥാപകരായ ആദിത് പലിചയും കൈവല്യ വോഹ്റയും ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകുകയും ആവശ്യപ്പെട്ട രേഖകളും വിശദീകരണങ്ങളും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനങ്ങളൊന്നും ഏജന്‍സി അറിയിച്ചിട്ടില്ലെന്നും സെപ്‌റ്റോ വ്യക്തമാക്കി.

ഇഡി അന്വേഷണത്തിന് പുറമെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) നിരീക്ഷണവും സെപ്‌റ്റോ നേരിടുന്നുണ്ട്. വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ബാധിക്കുന്ന രീതിയിലുള്ള വിലനിര്‍ണയ രീതികളും (Pricing Practices) അമിത ഡിസ്‌കൗണ്ടുകളും നല്‍കി വിപണി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയിലാണ് സിസിഐ അന്വേഷണം നടത്തുന്നത്. ക്വിക്ക്-കൊമേഴ്‌സ് മേഖലയിലെ മറ്റ് കമ്പനികള്‍ക്കെതിരെയും പരമ്പരാഗത വ്യാപാരി സംഘടനകള്‍ ഇത്തരം പരാതികള്‍ ഉയര്‍ത്തിയിരുന്നു.

ഓഹരി ഒന്നുപോലും കൈവിടാതെ പ്രമോട്ടര്‍മാര്‍

ഈ ഐപിഒ അപേക്ഷയില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ നിലപാടാണ്. പല സ്റ്റാര്‍ട്ടപ്പ് ഐപിഒകളിലും സ്ഥാപകര്‍ ഓഹരികള്‍ ഭാഗികമായി വിറ്റഴിച്ച് പണം പിന്‍വലിക്കാറാണ് (Cash out) പതിവ്; എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സെപ്‌റ്റോയുടെ പ്രൊമോട്ടര്‍മാര്‍ ഒരു ഓഹരി പോലും വില്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.

കമ്പനിയുടെ കോ-ഫൗണ്ടര്‍മാരായ ആദിത് പലിചയും കൈവല്യ വോറയും, അവരുടെ പ്രൊമോട്ടര്‍ സ്ഥാപനങ്ങളായ ലാസറസ് ട്രസ്റ്റും (Lazarus Trust) ദി വോറ ട്രസ്റ്റും (The Vohra Trust) ഓഫര്‍ ഫോര്‍ സെയിലില്‍ (OFS) നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. നിലവില്‍ കമ്പനിയുടെ 18.47 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്; ഇത് ഏകദേശം 232 കോടിയിലധികം ഇക്വിറ്റി ഓഹരികള്‍ വരും. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളില്‍ സ്ഥാപകര്‍ക്കുള്ള ശക്തമായ വിശ്വാസത്തെയാണ് ഈ നടപടി സൂചിപ്പിക്കുന്നത് എന്നതിനാല്‍, നിക്ഷേപകര്‍ ഇതിനെ വളരെ അനുകൂലമായ വശമായി വിലയിരുത്താന്‍ സാധ്യതയുണ്ട്. അതേസമയം, ഈ ഐപിഒയില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുന്നത് മുന്‍നിര നിക്ഷേപകരായ നെക്‌സസ് വെഞ്ച്വേഴ്‌സ് (Nexus Ventures) ആണ്. രണ്ട് ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനങ്ങള്‍ വഴി 8.77 കോടിയിലധികം ഓഹരികളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്.

നെക്‌സസ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് (Nexus Venture Partners), കോണ്‍ട്രറി കാപ്പിറ്റല്‍ (Contrary Capital), റേസര്‍ വെഞ്ച്വേഴ്‌സ് (Razor Ventures), കൈസര്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍സ് (Kaiser Foundation Hospitals), കൈസര്‍ പെര്‍മനന്റ് ഗ്രൂപ്പ് ട്രസ്റ്റ് (Kaiser Permanente Group Trust) തുടങ്ങിയവരും ഒഎഫ്എസില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ ക്വിക്ക്-കൊമേഴ്‌സ് മേഖല ഇന്നത്തെ രീതിയില്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെപ്‌റ്റോയില്‍ നിക്ഷേപം നടത്തിയ പ്രാരംഭകാല നിക്ഷേപകര്‍ക്ക് (Early Investors), നിക്ഷേപത്തില്‍ നിന്നും ഭാഗികമായി ലാഭമെടുക്കാനുള്ള (Monetize) മികച്ചൊരു അവസരമാണ് ഈ ഐപിഒ വഴി ഒരുങ്ങുന്നത്

കൂടുതല്‍ സംഭരണ ശാലകള്‍, അതിവേഗ വളര്‍ച്ച

ഐപിഒ വഴി സമാഹരിക്കുന്ന വന്‍ തുക ഡാര്‍ക്ക് സ്റ്റോറുകള്‍ (Dark Stores/ അതിവേഗ വിതരണത്തിനായുള്ള പ്രാദേശിക സംഭരണശാലകള്‍) വര്‍ധിപ്പിക്കാനും സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും വന്‍തോതില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമാണ് സെപ്റ്റോ വിനിയോഗിക്കുക. ഇത് വിപണിയിലെ മറ്റ് വമ്പന്മാരായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവരുമായുള്ള മത്സരത്തിന് കൂടുതല്‍ ആക്കം കൂട്ടും.

ഐപിഒയിലൂടെ ലഭിക്കുന്ന പുതിയ മൂലധനം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തില്ലെങ്കിലും, വിപണി പിടിച്ചെടുക്കാനായി സെപ്റ്റോ നടത്തുന്ന നീക്കങ്ങള്‍ ക്വിക്ക് കൊമേഴ്സ് യുദ്ധത്തിന് ആക്കം കൂട്ടും. മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റ് പ്ലാറ്റ്ഫോമുകളും സമാനമായ രീതിയില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാകും.

സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളിലൂടെയുള്ള പ്ലാറ്റ്ഫോം മാറ്റം ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പമായതിനാല്‍, അവരെ നിലനിര്‍ത്താന്‍ വന്‍ തോതിലുള്ള വിലക്കുറവുകള്‍, ഡെലിവറി ചാര്‍ജ് ഒഴിവാക്കല്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ എന്നിവ വരും ദിവസങ്ങളില്‍ കമ്പനികള്‍ക്ക് നല്‍കേണ്ടി വരും. ചുരുക്കത്തില്‍, വരാനിരിക്കുന്ന ഈ ക്വിക്ക് കൊമേഴ്സ് യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഉപഭോക്താക്കള്‍ തന്നെയായിരിക്കും.

ഡാര്‍ക്ക് സ്റ്റോറുകളില്‍ ബ്ലിങ്കിറ്റ് മുന്നില്‍; തൊട്ടുപിന്നില്‍ സെപ്റ്റോ

നിലവില്‍ ക്വിക്ക് കൊമേഴ്സ് വിപണിയില്‍ സൊമാറ്റോയുടെ കീഴിലുള്ള ബ്ലിങ്കിറ്റ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ ഓര്‍ഡറുകളുടെ എണ്ണത്തില്‍ സെപ്റ്റോ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിനെ മറികടന്നു കഴിഞ്ഞു.

ജനുവരി - മാര്‍ച്ച് പാദത്തില്‍ വിപണിയില്‍ ഏറ്റവും മുന്നിലുള്ള ബ്ലിങ്കിറ്റിന് 2,200-ലധികം ഡാര്‍ക്ക് സ്റ്റോറുകളുണ്ട്. ഈ ഒറ്റപ്പാദത്തില്‍ മാത്രം കമ്പനി കൈകാര്യം ചെയ്തത് 27.4 കോടി ഓര്‍ഡറുകളാണ്. നെറ്റ് ഓര്‍ഡര്‍ മൂല്യം 14,386 കോടി രൂപയാണ്.

നിലവില്‍ 1,139 ഡാര്‍ക്ക് സ്റ്റോറുകളുമായി സെപ്റ്റോ തൊട്ടുപിന്നിലുണ്ട്. ഇതേ പാദത്തില്‍ 21 കോടി ഓര്‍ഡറുകളാണ് സെപ്റ്റോ പ്രൊസസ് ചെയ്തത്. നെറ്റ് ഓര്‍ഡര്‍ മൂല്യം 7,591 കോടി രൂപയോളമാണ്. ഇതേ പാദത്തില്‍ കമ്പനിയുടെ വരുമാനം 75 ശതമാനം വര്‍ധനയോടെ 7,498 കോടി രൂപയിലെത്തുകയും നഷ്ടം 1,539 കോടി രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

1,100-നും 1,200-നും ഇടയില്‍ ഡാര്‍ക്ക് സ്റ്റോറുകളുള്ള സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഇതേ പാദത്തില്‍ 11.3 കോടി ഓര്‍ഡറുകളാണ് കൈകാര്യം ചെയ്തത്. ഇതിന്റെ ആകെ മൂല്യം 5,674 കോടി രൂപയാണ്.

ആമസോണ്‍ (Amazon Now ), ഫ്‌ളിപ്കാര്‍ട്ട് ( Flipkart Minutes ) തുടങ്ങിയ വന്‍കിട ഇ-കോമേഴ്സ് കമ്പനികളും ക്വിക്ക് കൊമേഴ്സ് മേഖലയിലേക്ക് സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സെപ്റ്റോയുടെ പുതിയ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT