ഓഹരി വില താഴ്ത്തി കൂടുതൽ റീട്ടെയിൽ നിക്ഷേപകരെ ആകർഷിച്ച് കമ്പനിയിലെ ഓഹരിയുടമകളുടെ അടിത്തറ വിശാലമാക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളോടെയാണ് സ്റ്റോക്ക് സ്പ്ലിറ്റ് പൊതുവിൽ നടപ്പാക്കാറുള്ളത്. അതുപോലെ ക്യാഷ് ഡിവിഡന്റ് കൈമാറാൻ സാധിക്കാത്ത അവസരങ്ങളിലോ കമ്പനിയുടെ ധനശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതിനും ഒക്കെയാണ് കമ്പനികൾ പൊതുവിൽ ബോണസ് ഇഷ്യൂ (ബോണസ് ഓഹരി വിതരണം) നടത്താറുള്ളത്.
എന്തായാലും ബോണസ് ഇഷ്യൂ, സ്റ്റോക്ക് സ്പ്ലിറ്റ് എന്നിവയൊക്കെ കമ്പനിയിൽ നിന്നും നിക്ഷേപകരെ തേടിയെത്തുന്ന പാരിതോഷികങ്ങളാണ്. വരുന്ന ആഴ്ചയിൽ ഈ രണ്ട് കോർപറേറ്റ് നടപടികളും ഒരേസമയം തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഓഹരിയാണ് ഡെൽഫി വേൾഡ് മണി. ഇതിലെ നിക്ഷേപകർക്ക് കൈവശമുള്ള ഓഹരിയെണ്ണം അധികപണം മുടക്കാതെ തന്നെ 15 മടങ്ങായി വർധിപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. വിശദമായി നോക്കാം.
30 വർഷത്തിലേറെയായി മുംബൈ കേന്ദ്രമാക്കി വിദേശ കറൻസി വിനിമയവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന മൈക്രോ ക്യാപ് കമ്പനിയാണ് ഡെൽഫി വേൾഡ് മണി ലിമിറ്റഡ് (BSE: 533452, NSE: DELPHIFX). കഴിഞ്ഞ 6 വർഷത്തിനിടെ മൂന്ന് തവണ കമ്പനിയുടെ പേര് മാറ്റിയിട്ടുണ്ട്. ആദ്യം വൈസ്മാൻ ഫോറക്സ് ലിമിറ്റഡ് എന്ന പേരിലായിരുന്നു ഈ കമ്പനി അറിയപ്പെട്ടിരുന്നത്. 2019-ൽ ഇബിക്സ്കാഷ് വേൾഡ് മണി ലിമിറ്റഡ് ഈ കമ്പനിയെ ഏറ്റെടുത്തശേഷം 2020 മുതൽ ഇബിക്സ്കാഷ് വേൾഡ് മണി ഇന്ത്യ ലിമിറ്റഡ് എന്ന് പുനർ നാമകരണം ചെയ്യുകയായിരുന്നു. പിന്നീട് 2021 ഓഗസ്റ്റിലാണ് ഡെൽഫി വേൾഡ് മണി ലിമിറ്റഡ് എന്ന നിലവിലുള്ള പേര് സ്വീകരിച്ചത്.
വിദേശ കറൻസിയിൽ പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള സൗകര്യങ്ങൾ, പ്രീപെയ്ഡ് കാർഡ്, ഗിഫ്റ്റ് കാർഡ്, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. 70-ലധികം ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഡെൽഫി വേൾഡ് മണി കമ്പനിയുടെ വിപണി മൂല്യം 369 കോടി രൂപയായാണ് രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 11.94 കോടിയും ലാഭം 2.65 കോടി രൂപയും വീതമാണ് കുറിച്ചത്. പ്രൊമോട്ടറുടെ കൈവശം കമ്പനിയുടെ 61.3 ശതമാനം ഓഹരി വിഹിതം സ്വന്തമായുണ്ട്. വെള്ളിയാഴ്ച 226 രൂപയിലായിരുന്നു ഡെൽഫി വേൾഡ് മണി ഓഹരിയുടെ ക്ലോസിങ് കുറിച്ചത്.
വരുന്ന ആഴ്ചയിൽ സ്റ്റോക്ക് സ്പ്ലിറ്റ്, ബോണസ് ഇഷ്യൂ എന്നിങ്ങനെ രണ്ട് കോർപറേറ്റ് നടപടികളാണ് ഡെൽഫി വേൾഡ് മണി ഓഹരിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 10:2 അനുപാതത്തിലാകും സ്റ്റോക്ക് സ്പ്ലിറ്റ് നടപ്പാക്കുക. അതായത് 10 രൂപ മുഖവിലയിലുള്ള (ഫേസ് വാല്യൂ) ഒരു ഡെൽഫി വേൾഡ് മണി ഓഹരി വിഭജിച്ച് രണ്ട് രൂപ മുഖവിലയിലുള്ള അഞ്ച് ഓഹരികളായി മാറ്റപ്പെടുമെന്ന് സാരം. ഓഹരി വിലയിൽ സ്പ്ലിറ്റ് നടപടിയുടെ പ്രതിഫലനം ദൃശ്യമാകുന്ന എക്സ്-സ്പ്ലിറ്റ് തീയതിയായി ഫെബ്രുവരി 13ഉം കോർപറേറ്റ് നടപടിയുടെ ഗുണഫലം ലഭിക്കുന്ന നിക്ഷേപകരുടെ അർഹത നിശ്ചയിക്കുന്നതിനായുള്ള റെക്കോഡ് തീയതിയായി ഫെബ്രുവരി 14ഉം തെരഞ്ഞെടുത്തിട്ടുണ്ട്.
അതുപോലെ 2:1 അനുപാതത്തിലാകും ബോണസ് ഇഷ്യൂ ചെയ്യുക. അതായത് നിർദിഷ്ട റെക്കോഡ് തീയതിയിൽ ഡെൽഫി വേൾഡ് മണി ഓഹരി കൈവശമുള്ളവർക്ക് ഒരെണ്ണത്തിന് രണ്ട് വീതം അധിക ഓഹരികൾ സൗജന്യമായി ലഭിക്കുമെന്ന് സാരം. ബോണസ് ഓഹരി വിതരണത്തിന്റെ ഭാഗമായുള്ള എക്സ്-ബോണസ് തീയതിയായി ഫെബ്രുവരി 13ഉം റെക്കോഡ് തീയതിയായി ഫെബ്രുവരി 14ഉം നിശ്ചയിച്ചിട്ടുണ്ട്.
ഒരേസമയം സ്റ്റോക്ക് സ്പ്ലിറ്റ്, ബോണസ് ഇഷ്യൂ തുടങ്ങിയ കോർപറേറ്റ് നടപടികൾ പൂർത്തിയാക്കുന്നതോടെ അർഹരായ നിക്ഷേപകർക്ക് കൈവശമുള്ള ഡെൽഫി വേൾഡ് മണി ഓഹരിയുടെ എണ്ണം ഒറ്റയടിക്ക് 15 മടങ്ങായി വർധിക്കുന്നതായിരിക്കും. ഉദ്ദാഹരണത്തിന് റെക്കോഡ് തീയതിയിൽ 100 ഓഹരികൾ കൈവശമുള്ള നിക്ഷേപകർക്ക് സ്റ്റോക്ക് സ്പ്ലിറ്റ്, ബോണസ് ഇഷ്യൂ എന്നിവ പൂർത്തിയായി കഴിയുമ്പോൾ കൈവശമുള്ള ഓഹരിയുടെ എണ്ണം 1,500 ആയി വർധിക്കും.
എന്നാൽ മറുവശത്ത് ആനുപാതികമായി ഓഹരിയുടെ വിപണി വിലയും ക്രമീകരിക്കപ്പെടുന്നതിനാൽ റെക്കോഡ് തീയതിയിൽ നിക്ഷേപകരുടെ കൈവശമുള്ള ഡെൽഫി വേൾഡ് മണി ഓഹരിയുടെ മൊത്തം വിപണി മൂല്യത്തിൽ പ്രാഥമികമായി മാറ്റമൊന്നും സംഭവിക്കില്ല. എന്നിരുന്നാലും അധിക പണം മുടക്കാതെ തന്നെ ഓഹരിയുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതിനാൽ, ഭാവിയിൽ ഓഹരിയുടെ വിപണി വില ഉയരുന്നപക്ഷം നിക്ഷേപകർക്ക് മൂലധന വർധനയിലൂടെയുള്ള നേട്ടം കരഗതമാകാം.
മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine