Demat account  Image : Canva
Markets

എന്‍ആര്‍ഐകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

എന്‍ആര്‍ഐ സ്റ്റാറ്റസുള്ളവര്‍ക്ക് സാധാരണ പോലെ ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയുമോ?

Dr. Sanesh Cholakkad

?. ഞാന്‍ ഒരു നോണ്‍ റെസിഡന്റ് ഇന്ത്യന്‍ (NRI) ആണ്. എനിക്ക് ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ച് ഓഹരികളില്‍ നിക്ഷേപിക്കാന്‍ സാധിക്കുമോ?

* എന്‍ആര്‍ഐ സ്റ്റാറ്റസിലുള്ള ഒരു വ്യക്തിക്ക് സാധാരണ റെസിഡന്റ് ഇന്‍ഡിവിജ്വല്‍ ആയിട്ടുള്ള ഒരു വ്യക്തിക്ക് ആരംഭിക്കാവുന്ന രീതിയിലുള്ള ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും അനുവദനീയമല്ല. പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പിഐഎസ്) വഴിയോ നോണ്‍ പിഐഎസ് മാര്‍ഗം വഴിയോ എന്‍ആര്‍ഐകള്‍ക്ക് ഓഹരികളിലും മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കാം.

റീപാട്രിയേഷന്‍ വഴിയുള്ള പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്ക് വിദേശ പണ ഇടപാടിനായി എന്‍ആര്‍ഇ അക്കൗണ്ട് ആവശ്യമാണ്. റീപാട്രിയേഷന്‍ അല്ലാത്ത നിക്ഷേപങ്ങള്‍ക്കായി വിദേശത്ത് നിന്നോ പ്രാദേശിക സ്രോതസുകളില്‍ നിന്നോ ഉള്ള ഫണ്ടുകള്‍ക്ക് ഒരു എന്‍ആര്‍ഒ അക്കൗണ്ട് ആവശ്യമാണ്.


പിഐഎസ് അക്കൗണ്ട് വഴിയുള്ള നിക്ഷേപം

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 2000 ഷെഡ്യൂള്‍ മൂന്ന് പ്രകാരം എന്‍ആര്‍ഐകള്‍ക്ക് ഒരു അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ഓഹരികളും മറ്റു സെക്യൂരിറ്റികളും വാങ്ങാനും വില്‍ക്കാനും കഴിയും. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ട്രേഡ് ചെയ്യുന്ന ഡെറിവേറ്റീവ് കോണ്‍ട്രാക്ട് ആയ ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും നിക്ഷേപിക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണ പരിധിക്ക് വിധേയമായി റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ അല്ലാതെ മാത്രമേ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് മേഖലയില്‍ ഇടപാട് നടത്താനാകൂ.

എന്‍ആര്‍ഐകള്‍ക്ക് പിഐഎസ് ലഭിക്കാനായി അവര്‍ എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്തിട്ടുള്ള ബാങ്കുകളെ സമീപിക്കാവുന്നതാണ്. പിഐഎസ് സംവിധാനം ലഭ്യമായാല്‍ ഒരു അംഗീകൃത ഓഹരി ബ്രോക്കറെ സമീപിച്ച് ഡീമാറ്റ് ആന്‍ഡ് ട്രേഡിംഗ് അക്കൗണ്ട് ആരംഭിക്കാം. പിഐഎസ് അക്കൗണ്ട് എന്‍ആര്‍ഐ ഡീമാറ്റ് ആന്‍ഡ് ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്താല്‍ വ്യാപാരം ആരംഭിക്കാം. ഇത്തരത്തില്‍ നടക്കുന്ന എല്ലാ ഇടപാടുകളും ആര്‍ബിഐയിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

നോണ്‍ പിഐഎസ് അക്കൗണ്ട് വഴിയുള്ള നിക്ഷേപം

പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം വഴിയുള്ള നിയന്ത്രണങ്ങളും മറ്റും കൂടാതെ എന്‍ആര്‍ഐവിഭാഗത്തിലുള്ളവര്‍ക്കും ഓഹരികളും മറ്റു സെക്യൂരിറ്റികളിലും നിക്ഷേപിക്കാന്‍ നോണ്‍ പിഐഎസ് സംവിധാനം വഴിയും സാധിക്കും. പിഐഎസ് ഇടപാടുകളില്‍ ആര്‍ബിഐയുടെ ശക്തമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെങ്കില്‍ നോണ്‍ പിഐഎസ് അക്കൗണ്ട് വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് അത്തരം നിയന്ത്രണങ്ങള്‍ കുറവാണ്. എന്‍ആര്‍ഒ അക്കൗണ്ടുള്ള ഒരു നിക്ഷേപകന് ഇത്തരത്തില്‍ നിക്ഷേപം സാധ്യമാകും. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് ഉള്‍പ്പെടെയുള്ള ഡെറിവേറ്റീവ് മാര്‍ക്ക് സെഗ്മന്റില്‍ പോലും ഇത്തരത്തില്‍ നിക്ഷേപം സാധ്യമാകും.


?. റീപാട്രിയബ്ള്‍ ഡീമാറ്റ് അക്കൗണ്ട് എന്നാല്‍ എന്താണ്?

* എന്‍ആര്‍ഐകളെ ഇന്ത്യന്‍ ധനകാര്യ വിപണിയില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന ഒരുതരം ഡീമാറ്റ് അക്കൗണ്ട് സംവിധാനമാണിത്. എന്‍ആര്‍ഐകള്‍ക്ക് റീപാട്രിയബ്ള്‍, നോണ്‍ റീപാട്രിയബ്ള്‍ എന്നീ വ്യവസ്ഥകളില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇതിനായി എന്‍ആര്‍ഐ നിക്ഷേപകര്‍ അവരുടെ എന്‍ആര്‍ഇ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ആര്‍ഐറീപാട്രിയബ്ള്‍ ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. എന്‍ആര്‍ഐ റീപാട്രിയബ്ള്‍ ഡീമാറ്റ് അക്കൗണ്ട് വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് നിക്ഷേപ ലാഭവും സെക്യൂരിറ്റികള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനവും വിദേശത്തേക്ക് മാറ്റാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ വരെ റീപാട്രിയേഷന്‍ ചെയ്യാന്‍ അനുവദിക്കുന്നു. റീപാട്രിയബ്ള്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കണം. എന്നാല്‍ ഒരു എന്‍ആര്‍ഐ നോണ്‍ പാട്രിയബ്ള്‍ ഡീമാറ്റ് അക്കൗണ്ട് ആണ് തുറന്നിട്ടുള്ളതെങ്കില്‍ വിദേശത്തേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതില്‍ വിലക്കുണ്ട്.


?. ഞാന്‍ ഇന്ത്യയില്‍ നിന്ന് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. നാട്ടില്‍ ഉപയോഗിച്ചിരുന്ന ഡീമാറ്റ് അക്കൗണ്ട് എനിക്ക് തുടര്‍ന്നും ഉപയോഗിക്കാമോ?

* ഏതെങ്കിലും കാരണത്താല്‍ നിങ്ങള്‍ വിദേശത്തേക്ക് താമസം മാറുകയും ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 182 ദിവസത്തില്‍ താഴെ സമയം ചെലവഴിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ റെസിഡന്‍സി സ്റ്റാറ്റസ് റസിഡന്റ് എന്നതില്‍ നിന്ന് നോണ്‍ റസിഡന്റ് ഇന്ത്യന്‍ ആയി മാറുന്നു. എന്‍ആര്‍ഐകളുടെ ബാങ്കിംഗ്, നിക്ഷേപ അക്കൗണ്ടുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം തുടരാന്‍ ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് റസിഡന്റ് ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഒരു എന്‍ആര്‍ഐ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. പ്രധാനമായും അത്തരം കാര്യങ്ങള്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ടും പ്രകാരമാണ് തീരുമാനിക്കപ്പെടുന്നത്.

നിങ്ങളുടെ ഇന്ത്യന്‍ നിക്ഷേപങ്ങളുടെ പോര്‍ട്ട്‌ഫോളിയോ റീപാട്രിയബ്ള്‍ അല്ലെങ്കില്‍ നോണ്‍ റീപാട്രിയബ്ള്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നില നിര്‍ത്തണമെങ്കിലും എന്‍ആര്‍ഇ പിഐഎസ് ഡീമാറ്റ് അക്കൗണ്ട് ആയോ എന്‍ആര്‍ഒ നോണ്‍ പിഐഎസ് അക്കൗണ്ട് ആയോ മാറ്റേണ്ടതായി വരും. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ നിലവിലുള്ള ഡീമാറ്റ് അക്കൗണ്ടിലെ ഓഹരികള്‍ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.

റസിഡന്റ് ഡീമാറ്റ് അക്കൗണ്ട് എന്‍ആര്‍ഇ ഡീമാറ്റ് അക്കൗണ്ടായി മാറ്റാനാകില്ല. അങ്ങനെ ചെയ്യണമെങ്കില്‍ നിലവിലുള്ള റസിഡന്റ് ഡീമാറ്റ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടതും പുതിയ എന്‍ആര്‍ഇ ട്രേഡിംഗ് ആന്‍ഡ് ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കേണ്ടതും ഉണ്ട്. അതേസമയം റസിഡന്റ് ഡീമാറ്റ് അക്കൗണ്ട് എന്‍ആര്‍ഒ സ്റ്റാറ്റസിലുള്ള ഡീമാറ്റ് അക്കൗണ്ടായി മാറ്റാവുന്നതാണ്. അതിനായി നിങ്ങളുടെ ബ്രോക്കര്‍ക്ക് താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിച്ച് ആവശ്യപ്പെടുക.  


* ഡിപി കണ്‍വേര്‍ഷന്‍ റിക്വസ്റ്റ് ഫോം.

* സികെവൈസി ഫോം.

* എന്‍ആര്‍ഒ സ്റ്റാറ്റസ് ബാങ്ക് അക്കൗണ്ട് പ്രൂഫ്.

* ഫോറിന്‍ വിസ പ്രൂഫ്.

* പാസ്‌പോര്‍ട്ട് കോപ്പി.

* ട്രേഡ് കോഡ് കണ്‍വേര്‍ഷന്‍ ലെറ്റര്‍.

* എഫ്എസിടിഎ ഫോം.

* ഇ-മെയ്ല്‍ ഐഡി & മൊബൈല്‍ ഡിക്ലറേഷന്‍ ഫോം.

* റണ്ണിംഗ് അക്കൗണ്ട് ഓതറൈസേഷന്‍.

* നോമിനേഷന്‍ ഇന്‍ അക്കൗണ്ട്.

(സെബി സ്മാര്‍ട്‌സ്, എന്‍എസ്ഇ, ബിഎസ്ഇ, സിഎസ്ഡിഎല്‍, സിഎസ്ഡിഎല്‍, പിഎഫ്ആര്‍ഡിഎ, എന്‍ഡിസിഎക്‌സ്, എന്‍ഐഎസ്എം എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍.)

* ധനം മാഗസിന്‍ ഏപ്രില്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT