Courtesy: adityadharfilms/instagram
Markets

അഡ്വാൻസ് ബുക്കിം​ഗിൽ റെക്കോഡ്: ധുരന്ധർ-2 ബമ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിൽ കുതിച്ചുയർന്ന് പിവിആർ ഐനോക്സ് ഓഹരി

ധുരന്ധർ-2വിന്റെ റെക്കോഡ് അഡ്വാൻസ് ബുക്കിം​ഗിന്റേയും ബോക്സോഫീസ് പ്രതീക്ഷയുടേയും പശ്ചാത്തലത്തിൽ പിവിആർ ഐനോക്സ് ഓഹരികളിൽ ശക്തമായ മുന്നേറ്റം.

Dhanam News Desk

കഴിഞ്ഞ വർഷം ഇന്ത്യൻ ബോക്സോഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായ ധുരന്ധറിന്റെ രണ്ടാം ഭാ​ഗം വ്യാഴാഴ്ച (2026 മാർച്ച് 19) റിലീസ് ചെയ്യാനിരിക്കവേ, പ്രമുഖ തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ ഓഹരികളിലും (BSE: 532689, NSE: PVRINOX) വൻ കുതിപ്പ്. മുൻനിര ബോളിവുഡ് താരം രൺവീർ സിം​ഗ് നായകനാകുന്ന ‘ധുരന്ധർ-2’, അഡ്വാൻസ് ബുക്കിം​ഗിൽ റെക്കോഡ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്തുവന്നതോടെ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പിവിആർ ഐനോക്സ് ഓഹരി 6 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.

ഓഹരിയുടെ പ്രകടനം

ഇക്കഴിഞ്ഞ തിങ്കളാഴ്ച 960 രൂപയിൽ നിന്നിരുന്ന ഈ സ്മോൾ ക്യാപ് ഓഹരി, ബുധനാഴ്ചത്തെ വ്യാപാരത്തിനിടെ 1,028 രൂപ നിലവാരത്തിലേക്ക് വരെ മുന്നേറി. ധുരന്ധർ-2 റിലീസ് ചെയ്യുന്നതിന്റെ തലേദിവസത്തെ വ്യാപാരത്തിൽ, പിവിആർ ഐനോക്സ് ഓഹരി ഇടപാടുകളിൽ (ട്രേഡിങ് വോളിയം) വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തെ ശരാശരി ഇടപാടുകളുടെ എണ്ണത്തേക്കാൾ 1.7 മടങ്ങ് വർധനയാണ് ബുധനാഴ്ച കുറിച്ചിരിക്കുന്നത്. ഇതിൽ നിന്നും നിക്ഷേപകരും ധുരന്ധർ-2 സിനിമയുടെ വാണിജ്യ വിജയത്തിൽ വലിയ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണെന്ന് വ്യക്തം. 2025 ഡിസംബറിൽ ധുരന്ധർ സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ചെയ്യുകയും വാണിജ്യ വിജയം സ്വന്തമാക്കുകയും ചെയ്തപ്പോഴും പിവിആർ ഐനോക്സ് ഓ​ഹരിയിൽ അന്ന് മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു.

അഡ്വാൻസ് ബുക്കിം​ഗിൽ റെക്കോഡ്

ധുരന്ധർ-2 സിനിമയുടെ അഡ്വാൻസ് ബുക്കിം​ഗ് ഇക്കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ചിരുന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിം​ഗിലൂടെ മാത്രം 200 കോടി രൂപയുടെ കളക്ഷൻ നേടിക്കഴിഞ്ഞു. ബുധനാഴ്ച നടക്കുന്ന പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്നും 42 കോടിയും നേടിയെന്നാണ് റിപ്പോ‌ർട്ട്. പ്രിവ്യൂ ഷോയ്ക്കും റിലീസിങ് ദിനത്തിലുമായി 15 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതിനകം വിറ്റുപോയിട്ടുള്ളത്. ചുരുക്കത്തിൽ ഇന്ത്യൻ ബോക്സോഫീസിലെ സകല റെക്കോഡുകളും ധുരന്ധർ-2 തകർത്തെറിയുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ഹിന്ദിക്ക് പുറമെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം തിയേറ്ററിലെത്തും.

ഭക്ഷണ-പാനീയ വരുമാനം ഉയരാം

ധുരന്ധർ-2 സിനിമയുടെ മൊത്തം ദൈർഘ്യം ഏകദേശം നാല് മണിക്കൂറാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാൾ റൺടൈം കൂടുതലാണിത്. ഇതോടെ തിയറ്റുകൾക്ക് ഭക്ഷണ-പാനീയം വിൽക്കുന്നതിൽ നിന്നുള്ള വരുമാനം ​ഗണ്യമായി ഉയരാനുള്ള സാധ്യതയും തുറന്നുകിട്ടുന്നു. കാരണം സിനിമയുടെ ദൈർഘ്യം സാധാരണയിൽ നിന്നും വളരെ കൂടുതലായതിനാൽ തിയറ്റററിൽ എത്തുന്ന പ്രേക്ഷകർ, സ്നാക്ക്സിനു പകരം സമ്പൂർണ ഭക്ഷണം വാങ്ങാനുള്ള പ്രവണത കാണിക്കും. ഇത് കാണികളിൽ നിന്നുള്ള പ്രതിശീർഷ വരുമാനം വ‌ർധിപ്പിക്കും. രാജ്യമെമ്പാടുമായി നാല് കോടി ടിക്കറ്റുകളാണ് ധുരന്ധർ ഒന്നാം ഭാ​ഗം വിറ്റഴിച്ചത്. ഇതിന്റെ പകുതിയും വിറ്റുപോയത് പിവിആർ ഐനോക്സ് തിയറ്ററുകളിലൂടെ ആയിരുന്നു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT