Demat account  Image : Canva
Markets

ഈ ഐ.പി.ഒകളില്‍ നിക്ഷേപിച്ചിരുന്നോ? അര്‍ബന്‍ കമ്പനി, ശ്രീനഗര്‍ ഹൗസ് ഓഫ് മഗള്‍സൂത്ര, ദേവ് ആക്‌സിലറേറ്റര്‍ എന്നിവ നിക്ഷേപകര്‍ക്ക് നല്‍കിയ ലിസ്റ്റിംഗ് നേട്ടം ഇങ്ങനെ

പുതിയ പ്രാരംഭ പബ്ലിക് ഓഫറുകളില്‍ അടുത്തിടെയായി കുതിച്ചുചാട്ടം ഉണ്ടായെങ്കിലും ലിസ്റ്റിംഗ് നേട്ടങ്ങളുടെ ആവേശം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍

Dhanam News Desk

കഴിഞ്ഞ ദിവസങ്ങളില്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായെത്തിയ മൂന്ന് കമ്പനികള്‍ ഇന്ന് ലിസ്റ്റ് ചെയ്തു. ഗാര്‍ഹിക സേവനകമ്പനിയായ അര്‍ബന്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരികളാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ തിളക്കം സമ്മാനിച്ചത്. ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും 58 ശതമാനത്തോളം പ്രീമിയത്തിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടന്ന ഐ.പി.ഒയ്ക്ക് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 103.63 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ഓഹരികള്‍ക്ക് ലഭിച്ചിരുന്നു. ഐ.പി.ഒയ്ക്ക് 98-103 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചത്.

ബി.എസ്.ഇയില്‍ ഇന്ന് ഓഹരികള്‍ ലിസ്റ്റ് ചെയ്തത് 161 രൂപയില്‍. അതായത് ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 56.31 ശതമാനം ഉയര്‍ന്ന വിലയില്‍. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 23,118.02 കോടി രൂപയായി.

അനൗദ്യോഗിക വിപണിയില്‍ കമ്പനി വ്യാപാരം നടത്തിയിരുന്ന വിലയേക്കാള്‍ മുകളിലാണ് ലിസ്റ്റിംഗ് നേട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ 52 ശതമാനം വരെ ഉയര്‍ന്ന വിലയിലായിരുന്നു ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി വ്യാപാരം നടത്തിയിരുന്നത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 854 കോടി രൂപയും അര്‍ബന്‍ കമ്പനി സമാഹരിച്ചിരുന്നു.

ശ്രീനഗര്‍ ഹൗസ് ഓഫ് മംഗള്‍ സൂത്ര

ശ്രീനഗര്‍ ഹൗസ് ഓഫ് മംഗള്‍ സൂത്ര ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍.എസ്.ഇയില്‍ 14.2 ശതമാനം പ്രീമിയത്തിലാണ് ഇന്ന്‌ വ്യാപാരം തുടങ്ങിയത്. 165 രൂപയായിരുന്ന ഓഹരിയുടെ ഇഷ്യു വില. എന്‍.എസ്.ഇയില്‍ 188.50 രൂപയിലും ബി.എസ്.ഇയില്‍ 187.70 രൂപയിലുമായിരുന്നു ലിസ്റ്റ് ചെയ്തത്. വ്യാപാരം തുടങ്ങിയ ശേഷം ഓഹരി വില 191 രൂപ വരെ ഉയര്‍ന്നു.

സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ നടന്ന ഐ.പി.ഒയ്ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. 60.13 മടങ്ങാണ്‌ ഐ.പി.ഒ സബ്‌സ്‌ക്രൈബ് ചെയ്തത്.

ദേവ് ആക്‌സിലേറ്റര്‍

ഇന്ന് ലിസ്റ്റ് ചെയ്ത മറ്റൊരു കമ്പനിയായ ദേവ് ആക്‌സിലേറ്റര്‍ നിക്ഷേപകരെ നിരാശപ്പെടുത്തി. ഐ.പി.ഒ വിലയ്ക്കടുത്ത് തന്നെയാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 56-61 രൂപയായിരുന്നു ഐ.പി.ഒ വില. ബി.എസ്.ഇയില്‍ 61.30 രൂപയിലും എന്‍.എസ്.ഇയില്‍ 61 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്.

ഗ്രേ മാര്‍ക്കറ്റിലും ഓഹരി വെറും മൂന്ന് ശതമാനം പ്രീമിയത്തിലായിരുന്നു വ്യാപാരം ചെയ്തിരുന്നത്. ഏതാണ്ട് ഈ നിലവാരത്തിലാകും ലിസ്റ്റിംഗ് എന്നായിരുന്നു നിരീക്ഷകരുടെ കണക്കുകൂട്ടലും. അടുത്തിടെ നടന്ന മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ലിസ്റ്റിംഗില്‍ വളരെ പിന്നാലാണ് ദേവ് ആക്‌സിലറേറ്റര്‍.

ശരാശരി നേട്ടം കുറയുന്നു

പുതിയ പ്രാരംഭ പബ്ലിക് ഓഫറുകളില്‍ അടുത്തിടെയായി കുതിച്ചുചാട്ടം ഉണ്ടായെങ്കിലും ലിസ്റ്റിംഗ് നേട്ടങ്ങളുടെ ആവേശം കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2025 ല്‍ ഇതുവരെ, ഐപിഒകളുടെ ആദ്യ ദിവസത്തെ ലിസ്റ്റിംഗ് വരുമാനം ശരാശരി 12.7 ശതമാനമായി കുറഞ്ഞു, 2024 ല്‍ രേഖപ്പെടുത്തിയ 30.1% നേട്ടത്തില്‍ ഇപ്പോള്‍ 58 ശതമാനമായി കുത്തനെ കുറഞ്ഞു.

ഈ വര്‍ഷം ഇതുവര 51 കമ്പനികളാണ് ലിസ്റ്റ് ചെയതത്. ഇതില്‍ നേട്ടത്തിലായ് 37 കമ്പനികള്‍. നെഗറ്റീവ് ലിസ്റ്റിംഗ് നടത്തിയത് 14 എണ്ണം. 2024ല്‍ മൊത്തം 90 കമ്പനികള്‍ ലിസ്റ്റ് ചെയ്തു. അതില്‍ 71 എണ്ണമാണ് നേട്ടമായത്. 19 എണ്ണം നഷ്ടത്തിലുമായി. ശരാശരി ലിസ്റ്റിംഗ് നേട്ടം 30.12 ശതമാനമായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT