canva
Markets

ആ ടെക്നിക്ക് പാളിപ്പോയി! കഴിഞ്ഞ ഒന്നര വർഷത്തെ ഐപിഒകൾ നിക്ഷേപകർക്ക് നൽകുന്ന പാഠമെന്ത്?

2025-ലും 2026-ലുമായി ഇതിനകം ലി​സ്റ്റ് ചെയ്യപ്പെട്ട 115-ലേറെ ഓഹരികൾ ഐപിഒയിലെ ഇഷ്യൂ വിലയേക്കാളും താഴെയാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതിൽ 81 ഓഹരികൾ ഇരട്ടയക്ക നിരക്കിൽ നഷ്ടം രേഖപ്പെടുത്തുന്നു.

Dhanam News Desk

രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ സൂപ്പർതാരമെന്ന പരിവേഷത്തോടെ 2024-ൽ ലി​സ്റ്റ് ചെയ്യപ്പെട്ട ഓല ഇലക്ട്രിക് ഓഹരികൾ, തുടർന്നിങ്ങോട്ട് നേട്ടം നിലനിർത്താനാകാതെ ഐപിഒയിലെ ഇഷ്യൂ വിലയേക്കാളും 63 ശതമാനം താഴേക്ക് പതിച്ചത് നിക്ഷേപക ലോകത്ത് ചൂടേറിയ ചർച്ചകൾക്കും തിരികൊളുത്തി. 2025-ലും 2026-ലുമായി ഇതിനകം ലി​സ്റ്റ് ചെയ്യപ്പെട്ട 115-ലേറെ ഓഹരികൾ അവയുടെ ഇഷ്യൂ വിലയേക്കാളും താഴെയാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്.

ഇതിൽ 81 ഓഹരികൾ ഇരട്ടയക്ക നിരക്കിൽ നഷ്ടം രേഖപ്പെടുത്തുന്നു. എസ്എംഇ ഐപിഒയിൽ 80 ശതമാനം വരെ വിലത്തകർച്ച നേരിടുന്ന ഓഹരികളുണ്ട്. മെയിൻബോർഡ് ഐപിഒകളുടെ കൂട്ടത്തിൽ ഇഷ്യൂ വിലയേക്കാളും 62 ശതമാനം വരെ കൂപ്പുകുത്തിയ ഓഹരികളുണ്ട്. ടെക്സ്റ്റൈൽ, കെമിക്കൽസ്, റിന്യൂവബിൾ എനർജി, ടെക്നോളജി എന്നിങ്ങനെ സെക്ടർ ഭേദമില്ലാതെയാണ് ഐപിഒ ഓഹരികളിൽ തിരിച്ചടി നേരിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയം.

വൻ തിരിച്ചടി നേരിട്ട സമീപകാല ഐപിഒ ഓഹരികൾ

എസ്എംഇ വിഭാ​ഗം ഐപിഒ: ​സ്റ്റുഡിയോ എൽഎസ്ഡി (-80%), എടിസി എനർജീസ് സി​സ്റ്റം (-74%), ശ്രീ കൻഹ ​സ്റ്റെയിൻലെസ് (-72%), സെഡാർ ടെക്​സ്റ്റൈൽ (-72%) എന്നിവയാണ് ഇഷ്യൂ വിലയെ അടിസ്ഥാനപ്പെടുത്തി നഷ്ടക്കണക്കിൽ മുന്നിലുള്ളത്. അതുപോലെ സിദ്ധി കോട്ട്സ്പിൻ, കെയ്ടെക്സ് ഫാബ്രിക്സ്, സൺഡ്രെക്സ് ഓയിൽ കമ്പനി, ​ഗ്യാലക്സി മെഡികെയർ, അരുണയ ഓ‍ർ​ഗാനിക്സ്, സ്നേഹ ഓർ​ഗാനിക്സ്, ​ഗം​ഗ ബാത്ത് ഫിറ്റിം​ഗ്സ്, എആർസി ഇൻസുലേഷൻ & ഇൻസുലേറ്റേഴ്സ്, ​ഗുരുനാനാക്ക് അ​ഗ്രികൾച്ചർ ഇന്ത്യ തുടങ്ങിയ ഓഹരികൾ 70% മുതൽ 60% വരെ ഇടിവ് നേരിടുന്നു.

മെയിൻബോർഡ് ഐപിഒ: അരിസിൻഫ്രാ സൊലൂഷൻസ് (-50%), വിക്രം സോളാർ (-32%), ബ്ലൂ​സ്റ്റോൺ ജ്വല്ലറി & ലൈഫ്​സ്റ്റൈൽ (-21%), വിക്രം എൻജിനീയറിങ് (-19%), ജെഎസ്ഡബ്ല്യൂ സിമന്റ് (-18%), ​ട്രൂആൾട്ട് ബയോഎനർജി (-17%) എന്നീ ഓഹരികളാണ് ഇഷ്യൂ വിലയേക്കാളും താഴെ ഇരട്ടയക്ക നിരക്കിൽ നഷ്ടം നേരിടുന്നത്. ഷാഡോഫാക്സ് ടെക്നോളജീസ്, സാത്വിക് ​ഗ്രീൻ എനർജി, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഫിസിക്സ്‍വാല, പൈൻ ലാബ്സ് എന്നി ഓഹരികൾ ഒറ്റയക്ക നിരക്കിലുള്ള നഷ്ടവും നേരിടുന്നു. ഇന്ത്യയിലെ ആദ്യ എഐ കമ്പനിയെന്ന വിശേഷണത്തോടെ കടന്നു വന്ന ഫ്രാക്ടൽ അനലിറ്റിക്സ് ഓഹരികളും നഷ്ടത്തിലാണ് ലി​സ്റ്റ് ചെയ്തത്.

നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

അപ്പോൾ സ്വാഭാവികമായി ഉയർന്നുവരുന്നൊരു ചോദ്യം, വിപണിയിലെ ചാഞ്ചാട്ട സമയങ്ങളിൽ ഐപിഒ ഓഹരികൾ താരതമ്യേന സേഫ് ആണെന്ന വാദ​ഗതി തെറ്റായിരുന്നോ എന്നതാണ്. പുതിയതായി ലി​സ്റ്റ് ചെയ്യപ്പെടുന്ന ഓഹരികൾ ആകർഷകമായ വിലയിലാകും നൽകുകയെന്ന വിശ്വാസവും ​സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികളുടെ ലി​സ്റ്റിങ് വേളയിൽ മികച്ച നേട്ടം ലഭിക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്തായി എന്നാണ്, കഴ‍ിഞ്ഞ ഒന്നര വർഷത്തെ ഐപിഒ ഓഹരികളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ വെളിവാകുന്നത്.

അതായത് ഐപിഒ വേളയിലെ ഓവർ സബ്സ്ക്രിപ്ഷനും ഉയർന്ന ​ഗ്രേ മാർക്കറ്റ് പ്രീമിയം കാണിച്ചുകൊണ്ടുള്ള ഹൈപ്പുകളൊന്നും ലി​സ്റ്റിങ്ങിന് ശേഷം സെക്കൻ‍ഡറി വിപണിയിലേക്ക് കടന്നുവരുമ്പോൾ അധികം നിലനിൽക്കില്ല. ബിസിനസിൽ ലാഭമുണ്ടാക്കാതിരിക്കുന്ന കമ്പനികളുടെയും വാല്യൂവേഷൻ എക്സ്പെൻസീവ് നിലവാരത്തിലുള്ളതിന്റേയും ഭാവിയിൽ വൻ വളർച്ച നേടുമെന്ന തരത്തിലുള്ള നരേറ്റീവ് ഡ്രിവൺ ​ഗ്രോത്ത് ​സ്റ്റോറി മുന്നോട്ടുവെക്കുന്ന കമ്പനികളുടെയുമൊക്കെ ഓഹരികൾ പ്രത്യേകിച്ചും വിപണിയിലെ ചാഞ്ചാട്ട സമയങ്ങളിൽ തിരിച്ചടി നേരിടാം.

ചുരുക്കത്തിൽ അടിസ്ഥാനപരമായി ശക്തമായ ബിസിനസ് മോഡലുള്ളതും ഭാവി വരുമാന സാധ്യത സുനിശ്ചിതമായതും ഓഹരിയുടെ ഇഷ്യൂ വില വാല്യൂവേഷൻ അടിസ്ഥാനത്തിൽ നീതികരിക്കാൻ സാധിക്കുന്ന നിലവാരത്തിലുള്ളതുമായ ഐപിഒകളാകും നിക്ഷേപകരുടെ കൈപൊള്ളിക്കാതെ നോക്കുകയെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT