Image courtesy: Canva
Markets

സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി ഡോ. ഷംഷീർ വയലിലിന്റെ കമ്പനിയുടെ അരങ്ങേറ്റം; 18.41% ഉയർന്ന് ഓഹരി വില

വ്യാപാരത്തിന് തുടക്കം കുറിച്ച് ബെൽ റിംഗ് ചെയ്തത് ഇന്ത്യൻ സ്ഥാനപതിയും യുഎഇ സ്ഥാനപതിയുമടക്കമുള്ളവർ, കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യൺ റിയാൽ ആയി (5,665 കോടി രൂപ) ഉയർന്നു

Dhanam News Desk

സൗദി വിപണിയിലെ വിദ്യാഭ്യാസ കമ്പനി ലിസ്റ്റിങ് വൻ വിജയകരമാക്കി മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ ജിസിസിയിലെ മുൻനിര സ്പെഷ്യലൈസ്ഡ് എജ്യൂക്കേഷൻ കമ്പനി അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ മികച്ച മുന്നേറ്റത്തോടെ ആദ്യ ദിനം വ്യാപാരം തുടങ്ങി. ഐപിഒയ്ക്ക് ശേഷം നിശ്ചയിച്ച ഓഹരി വിലയായ 19.5 റിയാലിൽ (467 രൂപ) ആരംഭിച്ച വ്യാപാരം ആദ്യ ദിനം 18.41 ശതമാനം ഉയർന്ന് 23.09 റിയാലിലാണ് (553 രൂപ) അവസാനിച്ചത്. കമ്പനിയുടെ ആകെ മൂല്യം 2.36 ബില്യൺ റിയാൽ ആയി (5,661 കോടി രൂപ) ഉയർന്നു.

വ്യത്യസ്തതകൾ ഏറെയുള്ള ലിസ്റ്റിങ്

യുഎഇയിൽ വേരുകളുള്ള അമാനത്ത് ഹോൾഡിങിന് കീഴിലുള്ള ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ ബിസിനസുകളാണ് സൗദിയിൽ അൽമസാർ അൽഷാമിൽ എഡ്യൂക്കേഷന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സൗദി എക്‌സ്‌ചേഞ്ചിലെ ലിസ്റ്റിംഗ് മേധാവി നാസർ അൽ അജാജി, സൗദി അറേബ്യയിലെ യുഎഇ സ്ഥാനപതി മതാർ അൽ ദഹേരി, ഇന്ത്യൻ സ്ഥാനാപതി ഡോ. സുഹെൽ അജാസ് ഖാൻ എന്നിവർ ബെൽ റിംഗിങ് ചടങ്ങിൽ മണി മുഴക്കി. കോൺസുലർ മനുസ്മൃതിയും ചടങ്ങിൽ പങ്കെടുത്തു.

അൽമസാർ അൽഷാമിലിന്റെ വളർച്ചയിൽ ഭാഗമാകാനായതിൽ ഏറെ അഭിമാനമുണ്ട്. സൗദി അറേബ്യയുടെ വിഷൻ 2030 ന്റെയും യുഎഇയുടെ സുസ്ഥിര വളർച്ചയ്ക്കും നവീകരണത്തിനുമുള്ള പദ്ധതികൾക്കും പിന്തുണ നൽകിയാണ് ഈ വളർച്ചയെന്നും ഡോ. ഷംഷീർ പറഞ്ഞു.

അൽമസാർ അൽഷാമിലിന്റെ ഓഹരി മൂലധനത്തിന്റെ 30 ശതമാനമാണ് സൗദി എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്തത്. 599 മില്യൺ സൗദി റിയാലാണ് (14.35 ബില്യൺ രൂപ) ഐപിഒയിലൂടെ സമാഹരിച്ചത്.

ഡോ. ഷംഷീറിന്റെ ഹാട്രിക് ഐപിഒ

ഡോ. ഷംഷീറിന്റെ സംരംഭക യാത്രയിലെ വിജയകരമായ മൂന്നാമത്തെ ലിസ്റ്റിംഗാണ് അൽമസാർ. ജിസിസി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് അൽമസാർ അൽഷാമിൽ എജ്യുക്കേഷൻ. സൗദി അറേബ്യയിലെയും യുഎഇയിലെയും 39 സ്പെഷ്യൽ എഡ്യൂക്കേഷൻ നീഡ്സ് ഡേകെയർ സെന്ററുകൾ, 14 സ്പെഷ്യൽ നീഡ്സ് സ്കൂളുകൾ, ഏഴ് ഉന്നത വിദ്യാഭ്യാസ കാമ്പസുകൾ എന്നിവയിലായി ഇരുപത്തിഎണ്ണായിരത്തിലധികം വിദ്യാർത്ഥികൾക്കും ഗുണഭോക്താക്കൾക്കും സ്ഥാപനം സേവനം നൽകുന്നു.

Dr. Shamsheer Vayalil's Almasar Alshamil Education debuts on Saudi Exchange with an 18.41% gain in share price.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT