പ്രമുഖ ജുവല്‍റി ഓഹരികളുടെ വിലയില്‍ ഇന്ന് വലിയ മുന്നേറ്റം. സെന്‍കോ ഗോള്‍ഡിന്റെ (Senco Gold) ഓഹരികള്‍ 11.01 ശതമാനം ഉയര്‍ന്ന് 320.60 രൂപയിലെത്തി. കേരളം ആസ്ഥാനമായ കല്യാണ്‍ ജുവലേഴ്‌സിന്റെ (Kalyan Jewellers) ഓഹരി 5.40 ശതമാനം നേട്ടത്തോടെ 415.65 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ടൈറ്റന്‍ (Titan), പിസി ജ്വല്ലര്‍ (PC Jeweller), തങ്കമയില്‍ ജ്വല്ലറി തുടങ്ങിയ കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയതോടെയാണ് ആഭരണ വിപണിയിലെ പ്രമുഖ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുവ കുറച്ചത്.
ഇന്‍ഫോര്‍മിസ്റ്റ് (Informist) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്രസര്‍ക്കാര്‍ വെള്ളിയുടെ അടിസ്ഥാന ഇറക്കുമതി വില കിലോഗ്രാമിന് 2,820 ഡോളറില്‍ നിന്ന് 2,427 ഡോളറായും (ഏകദേശം 2,26,096 രൂപ), സ്വര്‍ണത്തിന്റേത് 10 ഗ്രാമിന് 1,652 ഡോളറില്‍ നിന്ന് 1,526 ഡോളറായും (ഏകദേശം 1,42,223 രൂപ) കുറച്ചു.
സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഇന്‍വെന്ററി മാനേജ്മെന്റ് മെച്ചപ്പെടുത്താനും ഈ നീക്കം ജുവല്‍റികളെ സഹായിക്കും. കൂടാതെ, വില കുറയുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വര്‍ണത്തിനും വെള്ളിക്കുമുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കാനും ഇടയാക്കുമെന്നാണ് കണക്കാക്കുന്നത്. വിവാഹ സീസണും ഉത്സവ സീസണും വരാനിരിക്കെ സര്‍ക്കാരിന്റെ ഈ നീക്കം ആഭരണ വിപണിക്ക് വലിയ ഉണര്‍വ് നല്‍കും.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടയിലാണ് പുതിയ നീക്കം.
ഇന്ന് ഇന്‍ട്രാഡേ വ്യാപാരത്തില്‍ 1.6 ശതമാനം വരെ ഇടിഞ്ഞ സ്വര്‍ണവില, നഷ്ടം തിരിച്ചുപിടിച്ച് ഔണ്‍സിന് 4,630 ഡോളറിന് അടുത്തെത്തിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകളില്‍ അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതാണ് വിപണിയിലെ ഈ തിരിച്ചുവരവിന് കാരണമായത്.
ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇറാന് കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാന്‍ 10 ദിവസത്തെ സമയപരിധി തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിക്കും. ഫെബ്രുവരി അവസാനത്തില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന്, ഇറാനും അറേബ്യന്‍ പെനിന്‍സുലയ്ക്കും ഇടയിലുള്ള ഈ പ്രധാന കപ്പല്‍ പാത മിക്കവാറും അടഞ്ഞുകിടക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine