Image : Canva 
Markets

ഹീറോ മോട്ടോഴ്‌സ്, ഓര്‍ക്‌ല ഇന്ത്യ, പൈന്‍ലാബ്‌സ്... ഐ.പി.ഒയ്ക്ക് പച്ചക്കൊടി നേടി ഒരു പിടി കമ്പനികള്‍, സമാഹരിക്കുക 9,000 കോടി രൂപ, വിശദാംശങ്ങള്‍ നോക്കാം

പുതു ഓഹരികളും നിലവിലുള്ള ഓഹരി ഉടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും ഐ.പി.ഒയിലുണ്ടാകും

Dhanam News Desk

ഈസ്‌റ്റേണിന്റെ മാതൃകമ്പനിയായ ഓര്‍ക്‌ല ഇന്ത്യ (Orkla India) വാഹന ഘടക നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്‌സ് (Hero Motors), അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ കാനറ റോബെകോ അസറ്റ് മാനേജ്‌മെന്റ് കമ്പനി (Canara Robeco Asset Management Company), സോളാര്‍ ഉപകരണ നിര്‍മാതാക്കളായ എംവീ ഫോട്ടോ വോള്‍ട്ടെയ്ക് (Emmvee Photovoltaic Power), സ്മാര്‍ട്ട് കാര്‍ഡ് നിര്‍മാതാക്കളായ പേയ്‌മെന്റ്‌സ് ആന്‍ഡ് ഐഡന്റിറ്റി സൊല്യൂഷന്‍സ് ( Manipal Payment and Identity Solutions) തുടങ്ങി ഒരു പിടി കമ്പനികള്‍ ഉടന്‍ പ്രാരംഭ ഓഹരി വില്‍പ്പനയുമായി ഓഹരി വിപണിയിലേക്ക് എത്തും. ഐ.പി.ഒയ്ക്ക് സെബി പച്ചക്കൊടി വീശി.

മൊത്തം 9,000 കോടി രൂപയാണ് ഈ ആറ് കമ്പനികള്‍ ചേര്‍ന്ന് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

ഓര്‍ക്‌ല ഇന്ത്യ

കേരളത്തില്‍ നിന്നുള്ള ഈസ്റ്റേണിനെയും കര്‍ണാടകയില്‍ നിന്നുള്ള എം.ടി ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കിയ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ വിഭാഗമാണ് ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ച കമ്പനികളില്‍ ഒന്ന്. 1,200 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ മാത്രമാണ് ഉണ്ടാവുക. ഓര്‍ക്‌ല എഎസ്എ, ഓര്‍ക്‌ല ഏഷ്യ ഹോള്‍ഡിംഗ്‌സ്, ഓര്‍ക്‌ല ഏഷ്യ പസഫിക് എന്നിവ ഉള്‍പ്പെടുന്ന പ്രമോട്ടര്‍ ഗ്രൂപ്പ് 2.28 കോടി ഇക്വിറ്റി ഓഹരികള്‍ വിറ്റഴിക്കും.

ഹീറോ മോട്ടോഴ്‌സ്

വാഹന ഘടക നിര്‍മാതാക്കളായ ഹീറോ മോട്ടോഴ്സ് മൊത്തം 1,200 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പുതു ഓഹരികളും നിലവിലുള്ള ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലും (offer for sale /OFS) ഐ.പി.ഒയിലുണ്ടാകും.

പുതു ഓഹരികള്‍ വഴി സമാഹരിക്കുന്ന 800 കോടി രൂപയില്‍ 285 കോടി രൂപ കമ്പനിയുടെ കടം തിരിച്ചടക്കാനായി വിനിയോഗിക്കും. 237 കോടി രൂപ ഗൗതം ബുദ്ധ നഗര്‍ പ്ലാന്റിലെ ഉപകരണങ്ങള്‍ വാങ്ങാനായി ചെലവഴിക്കും. ചില ഏറ്റെടുക്കലുകള്‍ക്കായും കമ്പനിയുടെ പൊതു ആവശ്യങ്ങള്‍ക്കായും ബാക്കി തുക ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒ.എഫ്.എസില്‍ ഒ.പി മുഞ്ജാള്‍ ഹോള്‍ഡിംഗ്‌സ് 390 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. ഭാഗ്യോദയ് ഇന്‍വെസ്റ്റ്‌മെന്റ്‌സും ഹീറോ സൈക്കിള്‍സും അഞ്ച് കോടി രൂപയുടെ വീതം ഓഹരികളും വിറ്റഴിക്കും.

ഐ.പി.ഒയ്ക്ക് മുന്നോടിയായി യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരി അനുവദിച്ചുകൊണ്ട് 160 കോടി രൂപ സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇത് വിജയമായാല്‍ പുതു ഓഹരികളുടെ എണ്ണം കുറയ്ക്കും.

ഹീറോ മോട്ടോകോര്‍പ് ചെയന്‍മാന്‍ ചെയര്‍മാന്‍ പവന്‍ മുഞ്ജാളിന്റെ ബന്ധുവായ പങ്കജ് മുഞ്ജാള്‍ ആണ് ഹീറോ മോട്ടോഴ്‌സിന് നേതൃത്വം കൊടുക്കുന്നത്. 2024ല്‍ 900 കോടി രൂപ സമാഹരിക്കുന്നതിനായാണ് ആദ്യം ഐ.പി.ഒ രേഖകള്‍ സമര്‍പ്പിച്ചത്. പിന്നീട് 2025ല്‍ വീണ്ടും ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചപ്പോള്‍ ഇഷ്യു സൈസ് 1,200 കോടിയാക്കി ഉയര്‍ത്തുകയായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. ബി.എം.ഡബ്ല്യു, ഡ്യുകാട്ടി, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന ഉപയോക്താക്കള്‍.

കാനറ റോബെകോ അസറ്റ് മാനേജ്‌മെന്റ് കമ്പനി

കാനറ റോബെകോ അസറ്റ് മാനേജ്‌മെന്റ് കമ്പനി 4.98 കോടി ഇക്വിറ്റി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. പ്രമോട്ടര്‍മാര്‍മാരായ കനറ ബാങ്ക്, ഒറിക്‌സ് കോര്‍പ്പറേഷന്‍ യൂറോപ്പ് എന്‍.വി എന്നിവ ഓഹരി വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാകും ഐ.പി.ഒയിലുണ്ടാകുക. കാനറ ബാങ്ക് കൈവശമുള്ള 2.59 കോടി ഓഹരികളും ഒറിക്‌സ് കോര്‍പ്പറേഷന്‍ 2.39 കോടി രൂപയും വിറ്റഴിക്കും.

ഓഹരിയുടമകളുടെ ഓഹരികള്‍ മാത്രം വിറ്റഴിക്കുന്നതിനാല്‍ കമ്പനിക്ക് സാമ്പത്തികമായി മെച്ചമില്ല. ഓഹരിയുടമകള്‍ക്കായിരിക്കും ഈ തുക ലഭിക്കുക.

എംവീ ഫോട്ടോവോള്‍ട്ടെയ്ക്

താരതമ്യേന വലിയ ഐ.പി.ഒയുമായാണ് എംവീ ഫോട്ടോവോള്‍ട്ടെയ്ക് എത്തുന്നത്. 3,000 കോടി രൂപയാണ് ഐ.പി.ഒ വഴിയുള്ള സമാഹരണ ലക്ഷ്യം. 2,143.86 കോടി രൂപ മൂല്യം വരുന്ന പുതു ഓഹരികളും 856.14 കോടിയുടെ ഒ.എഫ്.എസുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

കമ്പനിയുടെ 1,607.90 കോടി രൂപയോളം വരുന്ന കടവും പലിശയും തിരിച്ചടയ്ക്കാനും പൊതു ആവശ്യങ്ങള്‍ക്കുമാണ് ഐ.പി.ഒ തുക വിനിയോഗിക്കുക.

പൈന്‍ ലാബ്‌സ്

ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സ് 2,600 കോടി രൂപ മൂല്യമുള്ള പുതു ഓഹരികളും 14.78 കോടി ഓഹരികളുടെ ഒ.എഫ്.എസുമാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തുന്നത്. ടീംസെക്, പാക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവയുടെ നിക്ഷേപ പിന്തുണയുള്ള സ്ഥാപനമാണ് പൈന്‍ ലാബ്‌സ്.

പീക്ക് എക്‌സ് വി പാര്‍ട്‌ണേഴ്‌സ്, ആക്ടിസ്, പെപാല്‍, മാസ്റ്റര്‍കാര്‍ഡ് ഏഷ്യ/പസഫിക്, ടാംസെക്, ഇന്‍വെസ്‌കോ, മാഡിസണ്‍ ഇന്ത്യ ക്യാപിറ്റല്‍, എം.ഡബ്ല്യു എക്‌സ് ഒ ഡിജിറ്റല്‍ ഫിനാന്‍സ് ഫണ്ട്‌ ഹോള്‍ഡ്‌കോ, ലോണ്‍ കാസ്‌കേഡ് എല്‍.പി എന്നിവരും സഹസ്ഥാപകന്‍ ലോക്‌വീര്‍ കപൂറും ഓഹരി വിറ്റഴിക്കും.

പുതു ഓഹരികള്‍ വഴി സമാഹരിക്കുന്നതില്‍ 870 കോടി രൂപ കടം തിരിച്ചടയ്ക്കാനും 760 കോടി രൂപ ഐ.ടി ആസ്തികള്‍, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായും ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്.

മണിപാല്‍ പേയ്‌മെന്റ്‌സ്

മണിപാല്‍ പേയ്‌മെന്റ്‌സ് ആന്‍ഡ് ഐഡന്റിറ്റി സൊല്യൂഷന്‍സ് 1,200 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായാണ് ഐ.പി.ഒയ്ക്ക് ഇറങ്ങുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT