Image : Canva 
Markets

മലയാളിക്കമ്പനിയായ സൈലത്തിന്റെ മാതൃ കമ്പനി ദലാല്‍ സ്ട്രീറ്റിലേക്ക്, സമാഹരിക്കുക ₹3,820 കോടി, നിക്ഷേപം കേരളത്തിലേക്കും

പുതു ഓഹരികള്‍ കൂടാതെ പ്രമോട്ടര്‍മാരുടെ ഓഹരികളും ഐ.പി.ഒയില്‍ വിറ്റഴിക്കും

Dhanam News Desk

യൂട്യൂബ് കോച്ചിംഗ് വീഡിയോകളിലൂടെ എഡ്‌ടെക് രംഗത്ത് സാമ്രാജ്യം കെട്ടിപ്പെടുത്ത നോയിഡ ആസ്ഥാനമായ യൂണികോണ്‍ കമ്പനിയായ ഫിസിക്‌സ്‌വാല (PhysicsWallah) ദലാല്‍ സ്ട്രീറ്റിലേക്ക്. 3,820 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയ്ക്കായി സെബിക്ക് രേഖകള്‍ സമര്‍പ്പിച്ചു.

കേരളം ആസ്ഥാനമായ പ്രമുഖ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ സൈലം ലേണിംഗിന്റെ (Xylem Learning) മാതൃ കമ്പനിയാണ് ഫിസിക്‌സ് വാല. 2025 മാര്‍ച്ച് 31 ലെ റിപ്പോര്‍ട്ട് പ്രകാരം സൈലത്തില്‍ 68.39 ശതമാനം ഓഹരികളാണ് ഫിസിക്‌സ് വാലയ്ക്കുള്ളത്. ഡോ. അനന്തുവാണ് സൈലത്തിന്റെ സ്ഥാപകന്‍. കേരളം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അനന്തുവാണ്.

എഡ്‌ടെക് രംഗത്ത് നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐ.പി.ഒകളിലൊന്നാണിത്. പുതു ഓഹരികളും നിലവിലുള്ള നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലും (OFS) ഉള്‍പ്പെടുന്നതാണ് ഐ.പി.ഒ. മൊത്തം 3,100 കോടി രൂപയുടെ പുതു ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ പ്രമോട്ടര്‍മാര്‍ 720 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും.

സൈലത്തിനും നിക്ഷേപം

ഓഫ്‌ലൈന്‍ സെന്ററുകള്‍ വിപുലീകരിക്കാനും സൈലം, ഉത്കര്‍ഷ് തുടങ്ങിയ ഉപ കമ്പനികളില്‍ നിക്ഷേപിക്കാനും, സാങ്കേതിക വിദ്യകള്‍ ശക്തമാക്കാനുമാണ് ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക.

കമ്പനിയുടെ പ്രമോട്ടര്‍മാരായ അക്ഷയ് പാണ്ഡെ, പ്രതീക് ബൂബ് എന്നിവര്‍ 360 കോടി രൂപയുടെ വീതം ഓഹരികള്‍ ഐ.പി.ഒയില്‍ വിറ്റഴിക്കും. നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് 82.3 ശതമാനം ഓഹരികളാണ് ഫിസിക്‌സ്‌വാലയില്‍ ഉള്ളത്. ഇരുവര്‍ക്കും 40.35 ശതമാനം വീതം ഓഹരിയുണ്ട്. ബാക്കി 17.7 ശതമാനം പൊതു നിക്ഷേപകരുടെ കൈവശമാണ്,

വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലാണ് 6.41 ശതമാനം ഓഹരി പങ്കാളിത്തവുമായി മുഖ്യ ഓഹരി ഉടമകള്‍. ഹോണ്‍ബില്‍ ക്യാപിറ്റലിന് 4.42 ശതമാനം, യു.എസ് ആസ്ഥാനമായ ജി.എസ്.വി വെഞ്ച്വേഴ്‌സിന്‌ 2.85 ശതമാനം ലൈറ്റ്‌സ്പീഡ് ഓപ്പര്‍ച്യൂണിറ്റി ഫണ്ടിന് 1.79 ശതമാനം സേതു എ.ഐ.എഫ് ട്രസ്റ്റിന് 1.39 ശതമാനം എന്നിങ്ങനെയും ഓഹരി പങ്കാളിത്തമുണ്ട്.

എഡ്‌ടെക് രംഗത്തെ ആദ്യ ഐ.പി.ഒ

നിര്‍ദ്ദിഷ്ട ഐ.പി.ഒ നടന്നാല്‍ രാജ്യത്ത് നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ എഡ്‌ടെക് പ്ലാറ്റ്‌ഫോമായി ഫിസിക്‌സ്‌വാല മാറും. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബൈജൂസിന്റെ ഉപ കമ്പനിയായ ആകാശ് ഐ.പി.ഒ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധി മൂലം നടന്നില്ല. അപ്‌ഗ്രേഡ്, വേദാന്തു തുടങ്ങിയ എഡ്‌ടെക് കമ്പനികളും ഐ.പി.ഒയ്ക്ക് ഇറങ്ങുന്നതായി ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു.

Physics Wallah files for ₹3,820 crore IPO with plans to invest in Kerala-based edtech firm Xylem.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT