Representational Image From Pixabay 
Markets

നിക്ഷേപകര്‍ക്ക് ബംബര്‍ നേട്ടം സമ്മാനിച്ച് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ലിസ്റ്റിംഗ്

ഐപിഒ വിലയെക്കാള്‍ 51.33 ശതമാനം നേട്ടത്തില്‍ ലിസ്റ്റിംഗ്

Dhanam News Desk

നിക്ഷേപകര്‍ക്ക് മികച്ച് നേട്ടം സമ്മാനിച്ച് ഇലക്ടോണിക്‌സ് മാര്‍ട്ട് ((Electronics Mart India Limited) ലിസ്റ്റിംഗ്. ഐപിഒ വിലയില്‍ നിന്ന് 51.33 ശതമാനം വര്‍ധനവാണ് ലിസ്റ്റിംഗ് വിലയില്‍ ഉണ്ടായത്. 89.40 രൂപയിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. 59 രൂപയായിരുന്നു ഓഹരികളുടെ ഐപിഒ വില.

നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ 90 രൂപയ്ക്ക് വ്യാപാരം ആരംഭിച്ച ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഓഹരികളുടെ നിലവിലെ വില 86.70 രൂപയാണ് ( 10.20 AM). ഒക്ടോബര്‍ 4-7 തീയതികളിലായിരുന്നു ഇലക്ടോണിക്‌സ് മാര്‍ട്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന. ഐപിഒയിലൂടെ 500 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 55 കോടി രൂപ കടം വീട്ടുന്നതിനും ബാക്കി തുക മൂലധന ആവശ്യങ്ങള്‍ക്കുമായാണ് കമ്പനി വിനിയോഗിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയില്‍ ശൃംഖലയായ ഇലക്ട്രോണിക്സ് മാര്‍ട്ടിന് ഡല്‍ഹിയിലടക്കം 36 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. 112 ഷോറൂമുകളാണ് കമ്പനിക്ക് ഉള്ളത്. ബജാജ് ഇലക്ട്രോണിക്സിന് കീഴില്‍ ആന്ധ്രാ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 89 ഷോറൂമുകള്‍ ഇലക്ട്രോണിക്സ് മാര്‍ട്ടിനുണ്ട്.

2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 919.58 കോടി രൂപയാണ് കമ്പനിയുടെ മൂലധന ആസ്തി. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കമ്പനിയുടെ കടബാധ്യത 446.54 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍, 4349.32 കോടി രൂപയായിരുന്നു ഇലക്ട്രോണിക്സ് മാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം. ഇന്ത്യയിലെ നാലാമത്തെ വലിയ ഉപഭോക്തൃ ഡ്യൂറബിള്‍, ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരാണ് ഇലക്ട്രോണിക്സ് മാര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT